അത്ര ചലഞ്ചിങ് ആയ ഒന്നും ഇതേ വരെ ചെയ്യേണ്ടി വന്നില്ല എന്നത് കൊണ്ട് എനിക്ക് ജോലി ചെറുതായി ബോറിങ് ആയി തുടങ്ങി. ഞാനത് ആഷ്‌ലിനോട് സംസാരിക്കുകയും ചെയ്തു, എന്നാൽ സ്വന്തമായി എന്തെങ്കിലും ചെയ്തു കൂടെ എന്നായിരുന്നു അവളുടെ നിർദേശം.
ഞാനും അതിനെ കുറിച്ച് ഒരുപാട് ആലോചിച്ചു. ഒടുവിൽ നാട്ടിലെ ഫ്രണ്ട്സിനോടെല്ലാം സംസാരിച്ച ശേഷം നാട്ടിലൊരു ആർകിടെക്ചർ ഫേം തുടങ്ങാമെന്ന് തീരുമാനം എടുത്തു. കയ്യിൽ അത്ര വലിയ സമ്പാദ്യം ഒന്നുമില്ല, കിട്ടുന്ന സാലറിയുടെ നല്ലൊരു ഭാഗം ഇവിടെ തന്നെ ചിലവാക്കിയുള്ള ജീവിതം ആയിരുന്നു. ഉള്ള പൈസ എല്ലാം ഇറക്കാൻ തീരുമാനം എടുത്തു, നാട്ടിലൊരു വീടുണ്ട്. അത് കൊണ്ട് വാടക കൊടുക്കാതെ ജീവിക്കാം. ബാക്കി എല്ലാം വരുന്നിടത്തു വെച്ച് കാണാം.
ആഷ്‌ലിനോട് ഈ തീരുമാനങ്ങൾ എല്ലാം പറഞ്ഞപ്പോൾ തുടക്കത്തിൽ അവൾ വളരെ സപ്പോർട്ടീവ് ആയിരുന്നു. പിന്നീട് ഞാൻ സീരിയസ് ആണ് പെട്ടന്ന് തന്നെ നാട്ടിലേക്ക് മാറും എന്നെല്ലാം കേട്ടപ്പോൾ പിണക്കങ്ങളായി. ചെറിയ കാര്യങ്ങൾക്ക് പോലും ദിവസങ്ങൾ മിണ്ടാതിരിക്കും എന്ന രീതിയിൽ ആയി. ജോലി റിസൈൻ ചെയ്യേണ്ടതിന്റെയും നാട്ടിലേക്ക് ഷിഫ്റ്റ് ആകുന്നതിന്റെയും തിരക്കുകൾ കൂടിയതോടെ അവളുടെ കൂടെ സമയം ചിലവഴിക്കാൻ കൂടെ എനിക്ക് സാധിക്കാതായി. റിസൈൻ ചെയ്തതോടെ ഓഫീസിൽ വെച്ചുള്ള കണ്ടു മുട്ടലും ഇല്ലാതായി.
പോവുന്നതിന്റെ ഒരാഴ്ച മുമ്പ് ഇല്ലാത്ത സമയം ഉണ്ടാക്കി ഞാൻ അവളെ കാണാനായി എന്റെ പഴയ ഓഫീസിലേക്ക് പോയി. ഏകദേശം വർക്കിംഗ് ടൈം കഴിയാൻ ആയിരുന്നു, ഞാൻ കാത്തു നിന്നു.
ഡെനിം ജീനും വൈറ്റ് ഷർട്ട് ഇൻസേർട് ചെയ്തതാണ് വേഷം, പാർക്കിങ്ങിലേക്ക് അവളിറങ്ങി വന്നു. ഞാൻ ഇവിടെ ഉണ്ടാവുമെന്ന് പറഞ്ഞിരുന്നില്ല, അവളുടെ കാബിലേക്ക് കയറുന്നതിനു മുമ്പ് എന്റെ കാർ കണ്ടത് കൊണ്ടാണെന്നു തോന്നുന്നു ഡ്രൈവറോട് എന്തോ പറഞ്ഞ് എന്റെ കാറിനടുത്തേക്ക് നടന്നു വന്നു.
ഞാൻ ഡോർ അൺലോക്ക് ചെയ്ത് വെച്ചിരുന്നു. കാറിനകത്തേക്ക് കയറി ആഷ്‌ലിൻ ഇരുന്നു.
“ഹൗ ആർ യു?” ഞാൻ ചോദിച്ചു
“ഐ ആം ഫൈൻ” അവളുടെ മുഖം വിഷാദം നിറഞ്ഞതായിരുന്നു.
എന്താ പറയണ്ടേ എന്നറിയാതെ ഞാൻ ഇരുന്നു..
“ആഷ്‌ലിൻ.. എന്തെങ്കിലും പറയടാ പ്ലീസ്.. ഇത്രേം ദിവസം നിന്നെ കാണാൻ വരാത്തതിന് എന്നെ കുറച്ച് ചീത്ത എങ്കിലും വിളിക്ക്” അവളുടെ ഇടത് കരം എന്റെ കരങ്ങളിൽ എടുത്ത് ഞാൻ പറഞ്ഞു..
“ഇച്ചായനു തിരക്കായത് കൊണ്ടല്ലേ, എനിക്ക് മനസ്സിലാവും” അവളെന്നെ ആശ്വസിപ്പിക്കാൻ ശ്രെമിക്കുന്നത് പോലെ ആണ് പറഞ്ഞത്.
സംഭാഷണത്തിനേക്കാൾ കൂടുതൽ നിശബ്ദത ആയിരുന്നു.. ഞങ്ങളറിയാതെ ഞങ്ങളുടെ ഇടയിൽ അകലം വന്നത് പോലെ എനിക്കനുഭവപ്പെട്ടു.. എനിക്കവളെ ഈ ലോകത്തിൽ ഉള്ള എന്തിനേക്കാളും ഇഷ്ടമാണ് പക്ഷെ അത് പറയാൻ പോലും എനിക്കാവുന്നില്ല.. ഇല്ല നഷ്ടപ്പെടുത്താൻ എനിക്കാവില്ല.. ആഷ്‌ലിനെ വീട്ടിലേക്ക് ആക്കാൻ കാർ ഓടിക്കുന്നതിനിടെ എന്റെ ചിന്തകൾ എന്നെ തന്നെ കരയിപ്പിച്ചു..
ടിഷ്യു എടുത്ത് കണ്ണു തുടച്ചു ഞാൻ ആഷ്‌ലിനെ നോക്കി.