കേൾക്കാൻ സുഖമുള്ള ഒരു പാട്ട് കേൾക്കാൻ തുടങ്ങി, വരികൾ ഒന്നും മനസ്സിലാവുന്നില്ലെങ്കിലും ഞാനത് ആസ്വദിച്ചു. ആഷ്‌ലിനെ നോക്കിയപ്പോൾ അവൾ വരികൾക്കൊപ്പം പാടി കൊണ്ടിരിക്കുന്നു. ഓഹ്.. വല്ല്യ ഇംഗ്ലീഷ് കാരി..
2-3 വരി കഴിഞ്ഞപ്പോൾ അവളെന്നെ ചെരിഞ്ഞൊന്ന് നോക്കി, ഞാൻ അവളെ തന്നെ നോക്കി കൊണ്ട് നിൽക്കായിരുന്നു. ഒരു പുരികം മാത്രം ഉയർത്തി എന്താ എന്ന അർത്ഥത്തിൽ എന്റെ കൈക്ക് പിടിച്ചു.
ഞാൻ കണ്ണിറുക്കി കാണിച്ചതെ ഉള്ളു, അവളൊന്നും മിണ്ടാതെ പഴയത് പോലെ തിരിഞ്ഞു, ഇടക്കിടെ കൈ വരിയിൽ മുറുക്കി പിടിച്ചും കൈ വിരലുകൾ വിടർത്തിയും പാട്ടിനൊപ്പം താളം പിടിച്ചു അവൾ നിന്നു.
എന്റെ നോട്ടം ഞാൻ പിൻവലിച്ചില്ല, അവളെ തന്നെ നോക്കി കൊണ്ട് ആ പാട്ടിൽ ലയിച്ചു നിന്നു.
ആ പാട്ട് കഴിഞ്ഞതോടെ ആഷ്‌ലിൻ എന്റെ നേരെ തിരിഞ്ഞു പറഞ്ഞു “പോവാം”
“എങ്ങോട്ട്” ഞാൻ ചോദിച്ചു
“എനിക്കറിയില്ല, താനല്ലേ ഇവിടത്തുകാരൻ” അവൾ തോൾ കുലുക്കി കൊണ്ട് എന്റെ കയ്യിൽ പിടിച്ചു വലിച്ചു.
“മ്മ്.. എന്നാ വാ” ഞാനും കൂടെ നടന്നു.
ചെറിയൊരു പാലത്തിലൂടെ അപ്പുറത്തെ വശത്തേക്ക് കടന്നു. അവളെന്റെ ഇടത് കൈ ചുറ്റി പിടിച്ചു കൊണ്ടാണ് കൂടെ നടക്കുന്നത്. വല്ലാത്തൊരു അനുഭൂതി ആയിരുന്നു അത്. മുമ്പ് പല തവണ ഇവിടെ വന്നിട്ടുണ്ട്, പല തവണ ഈ വഴികളിലൂടെ നടന്നിട്ടുണ്ട്. പക്ഷെ ഈ സ്ഥലങ്ങൾക്കെല്ലാം ഇത്രേം ഭംഗി ഉണ്ടായിരുന്നെന്ന് എനിക്കറിയില്ലായിരുന്നു.. ചിലപ്പോൾ കൂടെ ഒരാൾ ഉള്ളത് കൊണ്ടാവാം.. തിരക്കിനിടയിലൂടെ നടന്ന് ഒരു ചെറിയ പാർക്കിൽ ഇരിക്കാനുള്ള ഇരിപ്പിടങ്ങൾ എല്ലാം ഇട്ടിട്ടുള്ള സ്ഥലം കടന്നു മെയിൻ റോഡിലേക്ക് കേറി..
പ്രകാശമയമാണ് ആ പ്രദേശം മുഴുവൻ, പല രീതിയിൽ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശ വിസ്മയം.. ഒരു നാട്ടിൻ പുറത്ത് ജനിച്ചു വളർന്ന എനിക്ക് ഇതെല്ലാം ആദ്യമായി കണ്ട അന്ന് വലിയ അദ്ഭുതമായിരുന്നു.. പക്ഷെ ആഷ്‌ലിന്റെ പ്രതികരണം എന്തായിരിക്കുമെന്ന് എനിക്കറിയില്ല..
ഒന്നും മിണ്ടാതെ കൗതുകത്തോടെ എല്ലാം കണ്ട് അവളെന്റെ കൂടെ തന്നെ നടന്നു..
‘വിങ്‌സ് ഓഫ് മെക്സിക്കോ’ ബുർജ് പ്ലാസയുടെ മുന്നിലായി നിലകൊള്ളുന്ന ഒരു ശില്പമാണത്, മാലാഖ ചിറകുകൾ.. ഞാൻ ആഷ്‌ലിനെ ആ ചിറകുകളുടെ നടുക്ക് ആയി നിർത്തി പോസ് ചെയ്യിച്ചു, എന്റെ പിക്സൽ ഫോണിലെ ക്യാമെറയിൽ ആ ഫോട്ടോ ഒപ്പിയെടുത്തു.. ഒരു മോഡലിന്റെ അനായാസതയോടെ അവൾ വ്യത്യസ്ത പോസുകളിൽ നിൽക്കാൻ തുടങ്ങി.. ചുറ്റും നിന്ന ആളുകൾ ഞങ്ങളെ ശ്രെദ്ധിക്കുന്നു.. ഒരു ഫോർമൽ ടൈപ്പ് സ്കിർട് ആൻഡ് ഷർട്ട് ആണ് വേഷം പക്ഷെ അവളെന്തു ധരിച്ചാലും മാലാഖ തന്നാ എന്നെനിക്ക് തോന്നി.. ഞാൻ ഫോട്ടോ എടുപ്പ് നിർത്തി അവളോട് പോവാമെന്ന് ആംഗ്യം കാണിച്ചു..