അലസമായി ഫോണിൽ ഏതോ ഒരു ആപ്പ് ഓപ്പൺ ആക്കി സ്ക്രോൾ ചെയ്തു കൊണ്ടിരിക്കുന്നു, വല്ല ഫേസ്ബുക്കോ ഇൻസ്റാഗ്രാമോ ആവും ഫോട്ടോക്ക് ആവശ്യത്തിന് ലൈക് കിട്ടിയില്ലെന്നു തോന്നുന്നു. ചെറിയ ഒരു വിഷാദം മുഖത്തുള്ളത് കൊണ്ട് അവനു തോന്നി. തന്റെ ഫോണിലേക്ക് നോക്കുന്നത് കണ്ട ആ പെൺകുട്ടി പെട്ടന്ന് അവനെ തിരിഞ്ഞു നോക്കി “വാട്ട് എ ക്രീപ്” എന്ന് വിചാരിച്ചു കാണുമല്ലോ എന്ന് മനസ്സിൽ പറഞ്ഞ അവൻ പെട്ടന്ന് മുഖം മാറ്റാൻ തുനിഞ്ഞു. പക്ഷെ അവളുടെ ഭാഗത്തു അങ്ങനെ ഒരു ഭാവവും അവൻ കണ്ടില്ല ചെറിയ ഒരു ചിരി മാത്രം. അവനും തിരിച്ചു ചിരിക്കാൻ ശ്രെമിച്ചു ശീലമില്ലാത്ത കൊണ്ടാവാം ചിരി തന്നാണോ പുറത്തേക്ക് കണ്ടത് എന്നവന് ഉറപ്പില്ലായിരുന്നു. വാക്കുകൾ എല്ലാം തൊണ്ടയിൽ തന്നെ തടഞ്ഞത് കൊണ്ട് ഒന്നും മിണ്ടിയില്ല, ശ്രെദ്ധ വീണ്ടും വിൻഡോയിലൂടെ പുറത്തേക്ക്. ബസ് സ്റ്റാൻഡിൽ നിന്ന് യാത്ര തുടങ്ങി.
അവൾ വീണ്ടും ഫോണിലേക്ക് തന്നെ നോക്കി കൊണ്ടിരിക്കാൻ തുടങ്ങി. അവന്റെ കണ്ണുകൾ വീണ്ടും അവനറിയാതെ അവളുടെ ഫോണിലേക്ക് തന്നെ പോയി. അവൾ വാട്സാപ്പാണ് നോക്കി കൊണ്ടിരിക്കുന്നത്, ആരോ അയച്ചു കൊടുത്ത ഫോട്ടോസ്. അവൾ അവളുടെ ഫോൺ അവനു വ്യക്തമായി കാണാൻ പറ്റുന്ന പോലെ പിടിച്ചിട്ടു പറഞ്ഞു “എന്റെ മോളാണ്, ഇന്നവൾടെ മൂന്നാം പിറന്നാൾ ആയിരുന്നു”.
മോളോ… അവനൊന്നു പതറി, പതർച്ച പുറത്തു കാണിക്കാതെ അവൻ അവൾ നീട്ടിയ ഫോണിലേക്ക് നോക്കി. ഒരു കൊച്ചു സുന്ദരി, സത്യത്തിൽ അമ്മയേക്കാൾ സുന്ദരിയാ.
“സുന്ദരി.. .മോൾടെ പേരെന്താ?” അവൻ ചോദിച്ചു…. “ജെന്നിഫർ” അവൾ പുഞ്ചിരിയോടെ മറുപടി പറഞ്ഞു..
“പിറന്നാൾഅഘോഷിച്ചേിട്ടു തിരിച്ചു പോവാണോ?”
“അല്ല ഞാൻ അവളെ കാണാൻ വേണ്ടീട്ടാ ഇപ്പൊ പോകുന്നെ.”
എന്ത് ഭർത്താവാ ഈ കുട്ടീടെ, മോൾടെ പിറന്നാൾ അമ്മ ഇല്ലാതെ ആഘോഷിക്കുന്നു. അവനത് അവളോട് ചോദിയ്ക്കാൻ തന്നെ തീരുമാനിച്ചു.
“അമ്മ ഇല്ലാതെ ആണോ പിറന്നാൾ അഘോഷിച്ചേ??”
“എനിക്ക് ലീവ് ഇല്ലായിരുന്നു ലീവ് റിക്വസ്റ്റ്ചെയ്തത്അപ്പ്രൂവ് ആയില്ല.അപ്പോഴാ ഞാൻഅപ്പയോട്പറഞ്ഞത് മോള് വല്യ സന്തോഷത്തിൽ അല്ലെ നമ്മള് പ്ലാൻ ചെയ്തപോലെ തന്നെ സെലിബ്രേറ്റ് ചെയ്യാമെന്ന്. ഞാനില്ല എന്ന കുറവ് മാത്രമല്ലേ ഉണ്ടാവുള്ളു.. അത് സാരല്ല്യാ”
“അത് മോൾക്ക് വിഷമായി കാണുമല്ലേ മോൾടെ പപ്പാ ഉണ്ടായാലും അമ്മ ഉള്ള പോലെ ആവില്ലലോ…”
“മോൾടെ പപ്പ അല്ല എന്റെ അപ്പയോടാ ഞാനിതെല്ലാം പറഞ്ഞെ..”
“അതെന്താ മോൾടെ പപ്പ ഇല്ലേ..”
“ഇല്ല..”