കുമ്പസാരം 1 [Master]

Posted by

പുസ്തകവായനയില്‍ മുഴുകിയ അച്ചന്‍ മണല്‍പ്പരപ്പില്‍ ടയറുകള്‍ ഉരയുന്ന ശബ്ദം കാതില്‍ പതിഞ്ഞപ്പോള്‍ മെല്ലെ തലയുയര്‍ത്തി നോക്കി. മേടയുടെ മുന്‍പിലേക്ക് ഒഴുകിവരുന്ന, വെട്ടിത്തിളങ്ങുന്ന നീലനിറമുള്ള ഒരു ബി എം ഡബ്ലിയു. അച്ചനു പരിചയമുള്ള വണ്ടിയായിരുന്നു അത്. നാലുമാസങ്ങള്‍ക്ക് മുന്‍പ് വെഞ്ചരിക്കാന്‍ ഇതേ പള്ളിമുറ്റത്ത് വന്ന വണ്ടി. അച്ചന്‍ പുസ്തകം മാറ്റിവച്ചിട്ട് അല്‍പ്പം മാറി വന്നുനിന്ന വണ്ടിയിലേക്ക് നോക്കി. ഡ്രൈവിംഗ് സീറ്റില്‍ അച്ചന്‍ പ്രതീക്ഷിച്ചത് കുര്യന്‍ മുതലാളിയെ ആയിരുന്നു. പക്ഷെ ഇറങ്ങിയത് അദ്ദേഹത്തിന്റെ മരുമകള്‍ ഷെറിന്‍ ആണ്. ഒരു ഇളം നിറമുള്ള സാരിയില്‍ ശരീരം മൂടി, സ്കാര്‍ഫ് കൊണ്ട് തലമുടിയും മറച്ച് അവള്‍ മെല്ലെ അച്ചന്റെ അരികിലേക്കെത്തി.

“ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ചോ” ശിരസ്സ് കുനിച്ച്, വിനയത്തോടെ അവള്‍ പറഞ്ഞു.

“നൌ ആന്‍ഡ് ആള്‍വേയ്സ്..എന്താ ഷെറിന്‍?”

“അച്ചോ..എനിക്ക്..എനിക്കൊന്നു കുമ്പസാരിക്കണം”

“അതിനെന്താ. പള്ളിയിലേക്ക് പൊയ്ക്കോളൂ. ഞാന്‍ വേഷം മാറി ഉടനെത്താം”

അച്ചന്‍ മെല്ലെ എഴുന്നേറ്റു.

“അച്ചാ, എനിക്കൊരു റിക്വസ്റ്റ് ഉണ്ട്” ഷെറിന്‍ തിടുക്കത്തില്‍, വല്ലാത്തൊരു ഭാവത്തോടെ പറഞ്ഞു.

“പറയൂ”

“അത്..അച്ചന്‍ ഞാന്‍ പറയുന്ന കാര്യങ്ങള്‍ ഡാഡിയോട് പറയണം. അദ്ദേഹത്തോട് അത് പറയാന്‍ സാധിക്കാതെ ഞാന്‍ വീര്‍പ്പുമുട്ടുകയാണ്. ഇക്കാര്യത്തില്‍ അച്ചനെയല്ലാതെ എനിക്ക് വേറെ ഒരാളെയും വിശ്വസിക്കാന്‍ പറ്റില്ല” അപേക്ഷാഭാവത്തോടെ, അതിലേറെ പ്രതീക്ഷയോടെ അവള്‍ അച്ചനെ നോക്കി.

“ഷെറിന്‍ പറയുന്നത് കുമ്പസാര രഹസ്യം ഞാന്‍ കുര്യന്‍ മുതലാളിയോട് പറയണം എന്നാണോ?” അച്ചന്റെ പുരികങ്ങള്‍ ചുളിഞ്ഞു.

അവള്‍ ആശങ്കയോടെ അതേയെന്ന് തലയാട്ടി. നിഷേധാര്‍ത്ഥത്തില്‍ തലയാട്ടിയ ശേഷം അച്ചനിങ്ങനെ പറഞ്ഞു:

“ഇല്ല ഷെറിന്‍. അത് സാധ്യമല്ല” അദ്ദേഹം തിരികെ കസേരയിലേക്ക് തന്നെയിരുന്നു.

ഷെറിന്റെ അധരങ്ങള്‍ വിറച്ചു. എന്താണ് ഇനി പറയേണ്ടത് എന്നവള്‍ക്ക് അറിയില്ലായിരുന്നു. ഫാദര്‍ ജയിംസ് നോ പറഞ്ഞാല്‍ പറഞ്ഞതാണ്.

“ഞാന്‍..ഞാനിനി എന്ത് ചെയ്യണം അച്ചോ.. ഡാഡി.. ഡാഡി പാവമാണ്. എനിക്ക്.. എനിക്കത് നേരില്‍ പറയാന്‍ പറ്റില്ല…” അവള്‍ അച്ചനോടും തന്നോടും എന്ന മട്ടില്‍ കടുത്ത അസ്വസ്ഥതയോടെ പറഞ്ഞു. കൈവിരലുകള്‍ തമ്മില്‍ അവള്‍ ഞെരിക്കുന്നുണ്ടായിരുന്നു.

“ലുക്ക് ഷെറിന്‍. കുമ്പസാരം നിങ്ങള്‍ ധരിക്കുന്നതുപോലെ ഒരു നിസ്സാര ആശയവിനിമയമല്ല. ദൈവത്തിന്റെ സ്ഥാനത്താണ് അപ്പോള്‍ ഒരു പുരോഹിതന്‍ നില്‍ക്കുന്നത്. ദൈവത്തോട് പറയുന്ന യാതൊന്നും ദൈവത്തിന് മറ്റൊരാളോട് പറയേണ്ടതില്ല. കാരണം എല്ലാത്തിനും പരിഹാരം നല്‍കാന്‍ ദൈവത്തിന് മാത്രമേ സാധിക്കൂ. അതുകൊണ്ട് പുരോഹിതന്റെ മുന്‍പില്‍ നിങ്ങള്‍ തുറക്കുന്ന മനസ്സ്, ദൈവമുന്‍പാകെയാണ് എന്നറിയണം. ഇത്തരം ബാലിശമായ ആവശ്യങ്ങള്‍ മേലാല്‍ ഉന്നയിക്കരുത്. യു മേ ഗോ” പരുഷമായി അച്ചന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *