എനിക്ക് സംസാരിക്കാനുള്ള അവസരമൊന്നും ഇല്ലായിരുന്നു… കാരണം ഒരു റേഡിയോ ആണല്ലോ എന്റെ കൂടെയുള്ളത്. പതിവുപോലെ ആ ലിയ റേഡിയോ വായ തോരാതെ പ്രവർത്തിച്ചുകൊണ്ടിരുന്നു…
ഈ പെൺകുട്ടികളെല്ലാം ഇങ്ങനെയാണോ…. ലിയ ഒരു റേഡിയോ ശ്രീക്കുട്ടി ഒരു വായാടി… രണ്ടുപേരും തമ്മിലുള്ള വ്യത്യാസം എന്താന്നുവച്ചാൽ.., ശ്രീക്കുട്ടി സംസാരിക്കുമ്പോൾ എനിക്ക് തിരിച്ചു അങ്ങോട്ട് സംസാരിക്കാൻ അവസരം കിട്ടും. പക്ഷെ.., ലിയ സംസാരിക്കുമ്പോൾ ആ അവസരം കിട്ടില്ല. അതാണ് ശ്രീക്കുട്ടിയെ വായാടിയായും ലിയയെ റേഡിയോയായും ഉപമിക്കാൻ കാരണം.
ലിയ കൂടെയുള്ളപ്പോൾ സമയം പോകുന്നത് അറിയില്ല… വളരെ പെട്ടന്നുതന്നെ സമയം കടന്നുപോയി. ഇപ്പോൾ സമയം 7 മണി. ഞങ്ങൾ ഇവിടെ 5 മണിക്ക് വന്നതാണ്.
“നമ്മുക്ക് പോകാം ആദി”
“ആ… പോകാം”
ഞങ്ങൾ അവളുടെ കാറിൽ എന്റെ വീട്ടിലേക്ക് തിരിച്ചു…. അപ്പോളും അവളുടെ സംസാരത്തിന് ഒരു കുറവുമില്ല..
പെട്ടന്നായിരുന്നു അവളുടെ ചോദ്യം.
“നിനക്ക് ലവ്വർ ഉണ്ടോടാ…”
“ഇതുവരെ ഇല്ല”
എനിക്ക് അങ്ങനെ പറയാനാണ് തോന്നിയത്. എന്തോ ശ്രീക്കുട്ടിയുടെ കാര്യം ഇവളോട് പറയാൻ സമയമായിട്ടില്ല എന്നൊരു തോന്നൽ.
“നിനക്കോ” ? ഞാൻ തിരിച്ചും ചോദിച്ചു.
“എന്റെ മനസ്സിന് ഇഷ്ടപ്പെട്ട ഒരാളെ ഇതുവരെ കണ്ടു കിട്ടിയിട്ടില്ലായിരുന്നു”
“എന്നിട്ട്…. ഇപ്പോൾ കണ്ടു കിട്ടിയോ”
“കിട്ടിയെന്ന് തോന്നുന്നു”
“ആഹാ… ആരാ ലിയകുട്ടിക്ക് ഇഷ്ടപ്പെട്ട ആ കക്ഷി”
“അയ്യട… അത് ഇപ്പോൾ പറയാൻ സമയമായിട്ടില്ല. പക്ഷെ ഞാൻ അത് ആദ്യം നിന്നോട് തന്നെയായിരിക്കും പറയുന്നത്. അത് പോരേ.”
“മ്മ്മ്… മതി”
എന്നിട്ട് ലിയയോട് ഒരു വാൾമാർട്ടിന് മുന്നിൽ കാറ് നിർത്താൻ പറഞ്ഞു. അതനുസരിച്ചു അവൾ കാറ് നിർത്തി. അവിടുന്ന് രണ്ട് ജാബ്‌സൺസ് ചിക്കി പീനട്ട് ഗുഡ് വാങ്ങി. നമ്മുടെ ശ്രീക്കുട്ടിയുടെ ഭാഷയിൽ പറഞ്ഞാൽ കപ്പലണ്ടി മിട്ടായി. ഒന്ന് ലിയയ്ക്ക് കൊടുത്തു. മറ്റേതു ശ്രീക്കുട്ടിക്ക് വേണ്ടി കയ്യിൽ കരുതി.
ലിയ അത് കയ്യിൽ കിട്ടിയ ഉടൻ തുറന്നു കഴിപ്പ് തുടങ്ങി. പുള്ളിക്കാരി ആദ്യമായി ആണെന്നു തോന്നുന്നു ഇതു കാണുന്നതും കഴിക്കുന്നതും. അതിന്റെയെല്ലാം ഒരു കൗതുകം അവളുടെ മുഖത്ത് പ്രകടമാണ്.
അവളുടെ ആസ്വദിച്ചുള്ള കഴിപ്പിൽ അവൾക്കത് ഇഷ്ടമായെന്നു എനിക്ക് മനസ്സിലായി.
അല്ലെങ്കിലും ഈ പെൺകുട്ടികൾക്ക് വിലകൂടിയ ഗിഫ്റ്റിനെക്കാളും ഇഷ്ടം ഇതുപോലുള്ള ചെറിയ എന്തെങ്കിലും സ്നേഹസമ്മാനങ്ങളായിരിക്കും.
അവൾ അതിലൊരു പീസ് മിട്ടായി എന്നിക്കെടുത്ത് വായിൽ വച്ചുതരികയും ചെയ്തു.