കോച്ച് പത്രോസിനേം കൊണ്ട് അന്നമ്മ പല വീടുകളിലും കയറിയിറങ്ങി പണിയെടുത്തു ജീവിച്ച് പൊന്നു.
പത്രോസ് സ്‌കൂളിൽ പോകാൻ പ്രായമായപ്പോൾ അന്നമ്മ അവനെ ചന്തപ്പുര സർക്കാർ സ്‌കൂളിൽ പറഞ്ഞയച്ചു. അതോടെ അന്നമ്മക്ക് രണ്ടു കാര്യത്തിന് അറുതിയായി.
ഒന്ന് പത്രോസിനേം കൊണ്ടുള്ള വീടുകേറിയിറങ്ങുന്നത്. രണ്ടാമത്തേത്, സ്‌കൂളിൽ നിന്ന് പത്രോസിന് കിട്ടി കൊണ്ടിരുന്ന ഉച്ചക്കഞ്ഞി.
അങ്ങനെ പത്രോസ് പഠിച്ച് പഠിച്ച് പത്താം ക്ലാസും പ്ലസ്റ്റൂവും കഴിഞ്ഞു. ബിടെക് പഠിക്കാൻ തമിഴ്നാട്ടിലും പോയി.
അടുക്കളപ്പണിയിലും പുറംപണിയിലും അന്നമ്മ കേമിയായത് കൊണ്ട് അവൾ പണിയെടുക്കാൻ പോകുന്ന വീട്ടുക്കാർക്കൊക്കെ അവളെ നല്ല വിശ്വാസമായിരുന്നു.
പിന്നെ പിന്നെ ജീവിക്കാനുള്ള ഓട്ടപ്പാച്ചിലിൽ അന്നമ്മ ആ വിശ്വാസം അവരിൽ നിന്നും പണമായും സാധനങ്ങളായും മുതലാക്കാൻ തുടങ്ങി.
കുറച്ച് കഴിഞ്ഞ് വീട്ടുകാരെ ബുദ്ധിമുട്ടിക്കണ്ട എന്നുകരുതി സാധനങ്ങൾ അന്നമ്മതന്നെ ചോദിക്കാതെ എടുക്കാൻ തുടങ്ങി.
തേങ്ങയും മാങ്ങയും ചക്കയുമൊക്കെ ആദ്യം എടുത്തെങ്കിൽ പിന്നീട് വിലകൂടിയ വസ്ത്രങ്ങളും മറ്റു വീട്ട് സാധനങ്ങളും പണവും പണ്ടവുമൊക്കെ എടുത്ത് തുടങ്ങി. അന്നമ്മ കട്ട സാധങ്ങളിൽ പണവും ഭക്ഷണവും അല്ലാത്തതോക്കെ അന്നമ്മ മറിച്ച് വിറ്റ് കാശാക്കി.
അന്നമ്മയുടെ ജീവിതം കണ്ട് ജീവിച്ച പത്രോസ് എത്ര പഠിച്ചാലും നന്നാവാൻ പോകുന്നില്ലെന്ന് അന്നാമ്മക്കറിയാമായിരുന്നു.
സ്‌കൂളിൽ പഠിക്കുന്ന സമയത്ത് തന്നെ പത്രോസ്സിൽ ഒരു കള്ളനെ അന്നമ്മ കണ്ടിരുന്നു.
അത് കണ്ട അന്നമ്മ മകനെ വഴക്ക് പറയാനോ തിരുത്തി നേർവഴിക്ക് നടത്തിക്കാനോ തുനിഞ്ഞില്ല.
അവൻ കട്ട് കൊണ്ട് വരുന്ന പലസാധനങ്ങളും വിൽക്കാൻ പറ്റുന്നത് അന്നമ്മ വിറ്റ്, കാശ് അവൻ തന്നെ കൊടുത്തു. അവൻ മുതിർന്നപ്പോൾ അവൻ സ്വയം വിൽക്കാൻ തുടങ്ങി.
നാട്ടിലെ പാവപെട്ട പലസ്ത്രീകളും അന്നമ്മയുടെ കയ്യിൽ നിന്നും സാധനങ്ങൾ വാങ്ങിച്ചു.
കട്ട മുതലാണെന്ന് അറിയാമെങ്കിലും. അത് പോലോത്തെ നല്ല സാധനങ്ങൾ വാങ്ങിക്കാൻ അവർക്ക് ഒരിക്കലും കഴിയാത്തത് കൊണ്ട്, പകുതി വില കൊടുത്ത് അന്നമ്മയിൽ നിന്നും അവർ കരസ്ഥമാക്കി. ആ വരുമാനത്തിലൂടെ അന്നമ്മ വീട് പുതുക്കിപ്പണിത് ഓട് മേഞ്ഞു.