തിരുവിതാംകൂർ കോളനി 1 [ഭീം]

Posted by

ദിവസങ്ങൾ മാസങ്ങൾക്ക് വഴിമാറി കൊണ്ടിരുന്നു……….
മനോവിഷമങ്ങളൊക്കെ ഉള്ളിലൊതുക്കി ഭർത്താവിന് നല്ലൊരു ഭാര്യയായും മക്കൾക്ക് നല്ലൊരു അമ്മയായും ജീവിക്കാൻ കാലം സന്തോഷത്തിന്റെ നല്ല നാളുകൾ രജവല്ലിയ്ക്ക് സമ്മാനിച്ചുകൊണ്ടിരുന്നു.”ഞാ… എത്ര നാളായി പറേണു അങ്ങ്…ജോലി ചെയ്ത്ത് ക്ഷീണിച്ചു വന്നാ അന്തികടേല് പോകല്ലേന്ന്… ആ സമേം വിശ്രമിച്ചൂടെ? പകല് ഞാ… പുത്തൻ ചന്തേല് പോകലോ…”
രാജവല്ലിയുടെ എന്നുമുള്ള പരിഭവമാണിത്.
” ങ്ഹാ… അതാഇപ്പ വല്യകാര്യയെ..
ഇതൊക്കെ പടാണോ രാജീ…. എനിക്ക്.”
പലപ്പോഴും രാമൻ അതൊന്നും കേട്ടതായി ഭാവിക്കാറില്ല. രാജവല്ലിയെ ഒരു തരത്തിലും വിഷമിപ്പിക്കുന്നത് രാമന് ഇഷ്ടമല്ല എന്ന കാര്യം രാജവല്ലിയ്ക്കും അറിയാം.
വലിയ വലിയ മോഹങ്ങളൊന്നും ഇല്ലാത്ത ആളാണ് രാമൻ.മക്കളെ വളർത്തി നല്ലൊരു നിലയിലെത്തിക്കുക. മരണം വരെ അവരെ സംരക്ഷിക്കുകയെന്ന ലക്ഷ്യം മാത്രമാണുള്ളത്.വീട്ടുകാര്യങ്ങളും മക്കളുടെ ചിലവുകളും കഴിഞ്ഞുള്ള മിച്ചം ഭാര്യയെ ഏൽപ്പിക്കും. ആ ശീലവും രാമൻ തുടർന്നു വന്നു.
ഇന്ന് പതിവിലും ഇരുട്ടിന് കനം കൂടുതലാണെന്ന് രാജവല്ലിക്ക് തോന്നി.
അന്തിക്കടയിൽ പോയ ഭർത്താവിനെ സമയം കഴിഞ്ഞും കാണാതായപ്പോൾ മണ്ണെണ്ണ വിളക്കിന്റെ തിരി കൂട്ടിവെച്ച് വാതിൽപടിൽ കാത്തിരുന്നു.പഠിത്തം കഴിഞ്ഞ് മക്കളും അമ്മയ്ക്കരുകിൽ വന്നിരുന്നു. അച്ഛൻ കൊണ്ടുവരുന്ന പഴക്കേക്കിന്റെ കാത്തിരുപ്പാണിത്.
എന്തുകൊണ്ടോ രാജവല്ലിയ്ക്ക് ഇരുട്ടിനോട് കൂടതൽ പേടി തോന്നി. കാത്തിരുന്നു മടുത്തപ്പോൾ ഉറങ്ങിയ മക്കളെ എടുത്ത് കിടത്തിയിട്ട് വീണ്ടും വാതിൽപടിയിൽ ഇരുപുറപ്പിച്ചു. അർദ്ധരാത്രി കഴിഞ്ഞപ്പോൾ ഭയപ്പെടുത്തുന്ന ചിന്തകൾ രാജവല്ലിയെ വേദനപ്പിക്കാൻ തുടങ്ങി.കണ്ണുകൾ നിറഞ്ഞൊഴുകി.
തന്റെ പ്രാണനാഥനെ എവിടെ പോയി അന്വേഷിക്കുമെന്നറിയാതെ ഇരുട്ടിനെ ശപിച്ചു.കരഞ്ഞു കലങ്ങിയ കണ്ണുകളുമായി രാത്രിയുടെ ഏതോ യാമത്തിൽ രാജവല്ലി ഇരുന്നുറങ്ങി പോയി.
കിഴക്ക് വെള്ളകീറുന്നതിന് മുമ്പ് ഉണർന്ന രാജവല്ലിയക്ക് ശരീരമാസകലം വിറയലു ബാധിച്ചതു പോലെയായി. ധൃതിപിടിച്ച്
ഭർത്താവിനെ തേടി പോകാനിറങ്ങി. ആ സമയം അയൽപക്കത്തെ ചെല്ലപ്പനാശാരി ഓടി മുറ്റത്തേക്ക് വന്നു. ഓട്ടത്തിൻെറ കിതപ്പിൽ അയാൾ മുറ്റത്തെ തെങ്ങിൽ പിടിച്ച് നിന്ന് ശ്വാസമെടുക്കാൻ പാടുപ്പെട്ടു.
”ന്താ … മാമാ…ന്താണ്ടായെ…?”
കാര്യം അറിയാനുള്ള വേവലാതി രാജ വല്ലിയുടെ വാക്കുകളിൽ ഉണ്ടായിരുന്നു.
”കുഞ്ഞേ… കുഞ്ഞിന്റെ രാമനെ ഇന്നലെ ഒരു വണ്ടി ഇടിച്ച് തെപ്പിച്ചു.”

Leave a Reply

Your email address will not be published. Required fields are marked *