രാക്ഷസൻ [Indrajith]

Posted by

അവൾ കടന്നു പോയതും ഒന്ന് നിൽക്കാൻ പറഞ്ഞു അയാൾ, നിൽക്കണോ?….നിന്നേക്കാം..

അവൾ തിരിഞ്ഞു, അയാൾ വടി അവൾക്കു നേരെ നീട്ടി, അയാൾ എന്തോ പിറുപിറുക്കുന്നുണ്ട്, വടി വായുവിൽ വൃത്താകൃതിയിൽ ചുഴറ്റി. അവൾ രണ്ടടി പിന്നിലേക്ക് നീങ്ങി, അയാൾ വടി മാറ്റി തലകുലുക്കി…അയാളുടെ കണ്ണുകളിൽ അപ്പോളും എന്തോ സംശയം പോലെ, അയാൾ അരയിൽ കെട്ടിവച്ച ചെറുസഞ്ചിയിൽ നിന്നു ഒരു നുള്ള് ഭസ്മം അവൾക്കു നേരെ നീട്ടി, അവൾ ശങ്കിച്ച് നിന്നു….ശുദ്ധി……

എടുക്കൂ എന്ന മട്ടിൽ അയാൾ കണ്ണുകൊണ്ടു ആംഗ്യം കാട്ടി, അവൾ പിന്നെ വേറൊന്നും ചിന്തിച്ചില്ല, ഭസ്മം കയ്യിൽ വാങ്ങി..

തൃപ്തി വന്ന പോലെ വൃദ്ധൻ ഒന്നും മിണ്ടാത്തെ അവൾ വന്ന ദിശയിലേക്കു നടന്നു,

അവൾ വേഗം അവിടുന്ന് നടന്നു നീങ്ങി, ഭൂമി ഒരുവട്ടം കറങ്ങി വരാനുള്ള ഊര്ജ്ജം ഉള്ള പോലെ..അവൾക്കു അത്ഭുതം തോന്നി, താൻ എവിടേക്കാണ് നടക്കുന്നതെന്ന് അവൾക്കൊരു രൂപവും ഉണ്ടായിരുന്നില്ല, എന്ത് വന്നാലും നേരിടും എന്ന ചങ്കൂറ്റം മാത്രം കൈമുതൽ…വൃദ്ധനോട് സൂക്ഷിക്കാൻ പറയാമായിരുന്നു…ഛെ!!.ആ ദുഷ്ടന്മാർ അയാളെ ഉപദ്രവിക്കാണ്ടിരുന്നാൽ മതിയായിരുന്നു….

വൃദ്ധൻ ആ പഴയ വീടിന്റെ മുന്നിലെത്തി, മുറ്റത്തു കാൽപ്പാടുകൾ കാണാം, ചെരുപ്പിട്ടതും അല്ലാത്തതും….അയാൾ അവിടെ അസ്വീകാര്യനാണ് എന്ന് അറിയിക്കുമാറ് കാറ്റാഞ്ഞു വീശി….മഴ ചാറിത്തുടങ്ങി..

വാതിൽ പുറത്തു നിന്നു ഓടാമ്പൽ ഇട്ടിരിക്കുന്നു, അയാൾ അതു മാറ്റി, വടികൊണ്ട് വാതിൽ തള്ളി തുറന്നു അകത്തു പ്രവേശിച്ചു..അവിടെയെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടു അയാൾ ഒരു മുറിയുടെ സമീപത്തെത്തി…ആ മുറി പൂട്ടിയിട്ടില്ല, അല്ല പൂട്ട് അഴിഞ്ഞു പോയിരിക്കുന്നു..ആരോ അഴിച്ചു കളഞ്ഞിരിക്കുന്നു! അയാൾ വാതിലിൽ വടികൊണ്ട് രണ്ട് കൊട്ട് കൊട്ടി..

അകത്തുനിന്നു എന്തോ ശബ്ദം, അയാൾ ചെവി കൂർപ്പിച്ചു, തന്നെയാരോ വെല്ലുവിളിക്കുന്നു,
മുറിക്കകത്തേക്കു ചെല്ലാൻ..അയാൾ മാലയിൽ കോർത്ത ഏലസ്സിൽ പിടിച്ചു ധ്യാനിച്ച് വാതിൽ ഉന്താനായി കൈനീട്ടി, അവസാനനിമിഷം ആരോ വിലക്കിയെന്ന പോലെ കൈ പിൻവലിച്ചു…

Leave a Reply

Your email address will not be published. Required fields are marked *