“ഇതെന്താ അങ്കിളേ… എവിടേലും പോയിട്ട് വന്നതാണോ അതോ പോവാൻ പോവാണോ?? ”
“ഞങ്ങളൊന്ന് അത്തിപ്പുഴ വരെ പോവാണ്… ”
“അനുവിന്റെ വീട്ടിലോ??”
“ആഹ്… അവിടെത്തന്നെ.. നീ വന്നിട്ട് ഇറങ്ങാന്ന് വിചാരിച്ചു…. ”
“അത് കൊള്ളാം അപ്പൊ എന്നോട് വരാൻ പറഞ്ഞതോ?? ”
“കാര്യമുണ്ട് നീ വാ നമുക്ക് ആ വഴിയിലേക്ക് നിക്കാം… !! ”
അങ്കിളിന്റെ മുഖത്ത് നിന്നും എന്തോ സീരിയസ് ആയ കാര്യമുണ്ടെന്ന് ഞാനുറപ്പിച്ചു… അല്ലെങ്കിൽ എന്നെ കണ്ടാൽ ചെറിയ ചിരിയെങ്കിലും കാണേണ്ടതാണ്.. അതും പോരാഞ്ഞ് ഒടുക്കത്തെ ഗൗരവം….
“എന്താ അങ്കിളേ എന്ത് പറ്റി… അവൾക്ക് വല്ലതും??”
“ഞാൻ പറയുന്നത് നീ വേറാരൊടും പറയരുത്… അവൾ കുറച്ച് ദിവസമായിട്ട് വീട്ടിലുണ്ട്… കുറച്ച് ദിവസം നിക്കാൻ വന്നതാണെന്നാണ് ആദ്യം പറഞ്ഞത്.. ഇതിപ്പോ ഇന്നലെ പറഞ്ഞത് ഇനി പോകുന്നില്ല ഇനി ഈ ബന്ധം വേണ്ട ഡിവോഴ്സ് വേണം എന്നൊക്കെയാണ്… !!! ”
“അങ്കിൾ എന്താ പറയണേ… അതിനും മാത്രം എന്താ ഉണ്ടായേ… അവളും അളിയനും തമ്മിൽ അങ്ങനെ പ്രശ്നം ഒന്നും ഇല്ലല്ലോ… ”
“അങ്ങനെയാണ് ഞങ്ങളും വിചാരിച്ചിരുന്നത് അതുകൊണ്ട് ഞങ്ങളതൊന്നും അന്വേഷിച്ചില്ല….. ഇതിപ്പോ എന്താ സംഭവം എന്നും അറിയില്ല.. അവളോട് പലവട്ടം പലരീതിയിൽ ചോദിച്ചു…. അവനോട് പോയി ചോദിക്കാനാണ് പറയുന്നത്…”
“ഞാൻ സംസാരിക്കാം അങ്കിളേ അവളോട്… അതിനും മാത്രം എന്താ ഉള്ളതെന്ന് അറിയണോല്ലോ… !!!”
“അതിന് തന്നയാ നിന്നോട് വരുവോ എന്ന് ചോദിച്ചത്.. നീ തന്നെ ചോദിക്ക്… നിങ്ങളിപ്പോ കുട്ടികളൊന്നും അല്ലല്ലോ പിന്നെ വേറെ ആരോടും ഇത് പറയരുത്..അപ്പനോട് പോലും പറയണ്ട…. . ഞാൻ ഇത്രേം പ്രശ്‌നം ആയിട്ട് പോലും ആരെയും വിളിച്ചില്ല… വേറെ ആരെങ്കിലും ആണെങ്കിൽ അവൾക്ക് ദേഷ്യം കൂടാനും ചാൻസുണ്ട്.. പിന്നെ എല്ലാവരും അറിയും നീയാവുമ്പോ അവൾക്ക് കുഴപ്പമുണ്ടാവില്ല… നീ ഒന്ന് പറഞ്ഞ് മനസിലാക്ക്.. അവൾ എന്തെങ്കിലും പറഞ്ഞാൽ എന്നെ വിളിക്ക്…”
“അല്ല അങ്കിളേ അങ്ങോട്ട് രണ്ട് മണിക്കൂറെങ്കിലും ഇല്ലേ.. നിങ്ങൾ ഇപ്പൊ പോയിട്ട് എപ്പോ വരാനാ??”
“അത് സാരമില്ല എത്ര വൈകിയാലും ഞങ്ങൾ വരും… വന്നിട്ട് നീ പോയാ മതി.. അവൾ ഒറ്റക്കല്ലേ… ”
“മ്മ് ശെരി…. ഞാൻ ചോദിച്ചോളാം നിങ്ങൾ പോയിട്ട് വാ… ”