മഴത്തുള്ളികൾ പറഞ്ഞ പ്രണയം 3 [Candlelight]

Posted by

“നമുക്കുള്ള പുളിയുണ്ടെടി”
മരത്തിലേക്ക് ചൂണ്ടിക്കാണിച്ച് ഞാന്‍ പറഞ്ഞു. ഞങ്ങൾ മരത്തിന്‍റെ ചുവട്ടിലേക്ക് ചെന്നു.
ഞാന്‍ തോട്ടികൊണ്ട് പറിച്ചിടുന്ന പുളി അവൾ വാരി സഞ്ചിയിലാക്കിക്കൊണ്ടിരുന്നപ്പോൾ മഴപെയ്തു, മഴക്കകമ്പടിയായി അതിശക്തമായ കാറ്റും വന്നു. കാറ്റ് പിടിച്ച് കുലുക്കിയപ്പോള്‍ വീണ പുളി പറ്റാവുന്നിടത്തോളം വാരി സഞ്ചിയിലിട്ട്, സഞ്ചിയും തോട്ടിയുമെടുത്ത് വേഗം വീട്ടിലേക്ക് പോയി. തോട്ടി എടുത്ത പോലെ തന്നെ മഴ നനയാതെ പുറകുവശത്തെ ചായ്പ്പിൽ വച്ച് ഓടി തിണ്ണയിൽ കയറി. കയ്യിലുണ്ടായിരുന്ന സഞ്ചി ചിന്നു എനിക്ക് തന്നു. അത് വാങ്ങി ഭിത്തിയിൽ ചാരിവെച്ച്, നനഞ്ഞ തോർത്ത് തലയിൽനിന്നൂരി തോളിലേക്കിട്ട് തിരിഞ്ഞപ്പോള്‍ ഓടിന്‍റെ പുറത്തുനിന്നും മുറ്റത്തേക്കു വീഴുന്ന വെള്ളത്തില്‍ കൈ തട്ടിക്കളിക്കുന്ന ചിന്നുവിനെയാണ് കണ്ടത്. അവളുടെ അരയിലെ തോർത്തഴിച്ചെടുത്ത് അവളെ അടുത്തേക്ക് വലിച്ചു നിർത്തിയപ്പോൾ കയ്യിലുണ്ടായിരുന്ന വെള്ളം അവൾ എന്‍റെ മുഖത്തേക്ക് കുടഞ്ഞു. അവളുടെ തലതുവർത്തി മുഖവും കഴുത്തും തുടച്ചപ്പോൾ എന്‍റെ തോളിൽ പിടിച്ച് തിണ്ണയിലെ അരഭിത്തിയിലേക്കയിരുത്തി തോർത്ത് മേടിച്ച് അവൾ എന്‍റെ തല തുവർത്തിത്തന്നു. കാറ്റുവീശുന്നത് കാരണം ചാറ്റലടിക്കുന്നുണ്ടായിരുന്നു.
“ടീ, ചാറ്റലടിക്കുന്നുണ്ട് അകത്തോട്ട് പോകാം?”
അവൾ അകത്തേക്ക് കയറി ഹാളിലെ ചാരുകസേര എടുത്ത് വാതിലിന്‍റെ നേരെ ഇട്ടു.
“ഇച്ചായാ, ഇവിടെ ഇരിക്ക്”
പുറകെ ചെന്ന ഞാന്‍ ആ മരത്തിന്‍റെ ചാരുകസേരയിൽ കാലും നീട്ടിയിരുന്നു.
“ഇനി ഞാനും”
ചിന്നു എന്‍റെ മടിയിലേക്കിരുന്നു എന്നിട്ട് എന്‍റെ കൈകൾ രണ്ടും എടുത്ത് അവളുടെ മടിയിലേക്ക് വെച്ചു അതിന്‍റെ മുകളിൽ അവളുടെ കൈ വെച്ച്, എന്‍റെ തോളിലേക്ക് തല ചായ്ച്ച് മുറ്റത്തു പെയ്യുന്ന മഴയില്‍ കണ്ണുംനട്ടിരുന്നു.
************************
സമയം പോകുന്തോറും മഴ കനത്തതല്ലാതെ കുറഞ്ഞില്ല. കോട കേറി കാഴ്ച മറച്ചതും പെരുമഴയും കാരണം ഇന്നിനി തിരികെ പോകണ്ട എന്നു ഞങ്ങൾ തീരുമാനിച്ചു. വീട്ടിലേക്ക് ഇന്ന് വരില്ല എന്ന് വിളിച്ചുപറഞ്ഞ് ഞങ്ങൾ രാത്രിയെ വരവേൽക്കാനൊരുങ്ങി.
ഇടക്കിടെ വരുന്ന വീടായതിനാൽ അത്യാവശ്യം സാധനസാമഗ്രികൾ ഒക്കെ അവിടെയുണ്ടായിരുന്നു.
മലമ്പ്രദേശങ്ങളില്‍ പൊതുവേ കറുത്ത ഓസിനെ ആണ് വെള്ളത്തിനായി ആശ്രയിക്കാറ്. മലയുടെ മുകളിലെ ഏതെങ്കിലും കുളത്തില്‍നിന്നു ഓസിട്ടാണ് കിലോമീറ്റെറുകണക്കിനു താഴെയുള്ള ജനങ്ങൾ വരെ വെള്ളം കൊണ്ടുപോകാറ്. പക്ഷേ നമ്മുടെ ഭാഗ്യത്തിന് വീടിന്‍റെ അടുത്ത് തന്നെ ഉറവയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കിണറും അതിലാവശ്യത്തിന് വെള്ളവും ഉണ്ടാകാറുണ്ട്.
വെള്ളം കോരിക്കൊണ്ടുവന്നു ചൂടാക്കി രണ്ടുപേരും ഒന്നു കുളിച്ചു. എനിക്ക് മാറാനുള്ള ഡ്രസ്സ് അകത്തെ മുറിയിലെ ഇരുമ്പലമാരിയിൽ ഉണ്ടായിരുന്നു. അമ്മച്ചിയുടെ ഒരു നൈറ്റി വച്ച് ചിന്നു അഡ്ജസ്റ്റ് ചെയ്തു.
അവൾ അരി കഴുകി അടുപ്പത്തിട്ടപ്പോൾ ഞാന്‍ പോയി ഒരു തേങ്ങ പൊതിച്ചുകൊണ്ടുവന്ന് പൊട്ടിച്ച് ചിരകി ചുട്ടെടുത്ത വറ്റൽ മുളക് കൂട്ടി ഒരു ചമ്മന്തിയരച്ചു. സ്റ്റോർ റൂമിലെ ചീനഭരണിയിൽ നിന്നു രണ്ട് ഉപ്പിലിട്ട കണ്ണിമാങ്ങയും ചമ്മന്തിയും കഞ്ഞിയുമെല്ലാം മേശപ്പുറത്ത് എടുത്ത് വെച്ചു. കത്തിച്ചു വെച്ച മണ്ണെണ്ണ വിളക്കിന്‍റെ വെട്ടത്തിൽ ഞങ്ങള്‍ കഞ്ഞി കുടിച്ചു.
“സാധാരണ മെഴുകുതിരി അത്താഴങ്ങൾ ആണല്ലോ, ഇവിടിപ്പോ മണ്ണെണ്ണ വിളക്ക് അത്താഴം”
അവൾ എന്നെ നോക്കി ചിരിച്ചു
“ഉള്ളത്കൊണ്ട് ഓണം പോലെ എന്നല്ലേടീ”
“പിന്നല്ല, നിങ്ങള് കൂടെ ഉണ്ടേൽ ഏത് പട്ടിക്കാടും എനിക്ക് സ്വർഗമാണ് മാഷെ”
“മതിയെടീ പൊക്കിയത്, ഓടും പൊളിച്ച് ഞാൻ മേലോട്ട് പോകും”
*************************

Leave a Reply

Your email address will not be published. Required fields are marked *