റൂമിൽ നിന്നും ഒരു കാലൻ കുടയുമെടുത്ത് താഴേയ്ക്കിറങ്ങാൻ നോക്കുമ്പോൾ ചിന്നു റൂമിലേക്ക് വന്നു.
“ഞാനും വരണുണ്ട് ”
“ഞാന്‍ നിന്നെ വിളിക്കാന്‍ വരുവാരുന്നു, നമ്മുടെ കല്യാണം കഴിഞ്ഞേപ്പിന്നെ കുറെക്കാലം കൂടി ഇപ്പോഴാ അങ്ങോട്ട് പോകുന്നേ”
റൂമിലെ അഴയിൽ കിടന്ന തോർത്തെടുത്ത് ടോപ്പിനുമീതേ കൂടി അരയിൽ കെട്ടി എന്നെ നോക്കി.
“ഞാന്‍ റെഡി, പോവാം?”
“നടന്നോ”
താഴേയ്ക്ക് ചെന്നു, ഒരു വലിയ കുപ്പിയിൽ വെള്ളം , ഉച്ചഭക്ഷണം, എല്ലാംകൂടെ ഒരു സഞ്ചിയിലാക്കി എന്നിട്ട് ആ സഞ്ചിയെടുത്ത് കയ്യിൽപിടിച്ച് കാലൻ കുട അവൾക്ക് കൊടുത്ത് ഞാന്‍ മുറ്റത്തേക്കിറങ്ങി. പിന്നാലെ ജീപ്പിന്‍റെ താക്കോലുമായി ചിന്നുവും വന്നു.
മുറ്റത്തിന്‍റെ ഒരു വശത്തുള്ള ഷെഡില്‍ കിടക്കുന്ന 2015 മോഡൽ കറുത്ത മഹീന്ദ്ര ഥാർ 4 x 4 ന്‍റെ പിന്നിലേക്ക് സാധനസാമഗ്രികൾ എല്ലാം വച്ച് ഞങ്ങള്‍ മുന്നിൽ കയറി. ഒരു ചെറിയ മുരൾച്ചയോടെ കുന്നിറങ്ങി ജീപ്പ് മുന്നോട്ട് പോയി.
മെയിൻ റോഡിലിറങ്ങി കുറച്ച് ദൂരം മുന്നോട്ട് പോയപ്പോഴേക്കും വലത്തേക്ക് ഒരു മണ്ണിട്ട റോഡ് വന്നു. റോഡെന്ന് പറഞ്ഞാൽ അവിടേം ഇവിടേം ഒക്കെ പൊന്തിയും താന്നും കിടക്കുന്ന, ചെളിയായിക്കിടക്കുന്ന , വെള്ളം ഒഴുകുന്ന വലിയ ചാലുകള്‍ ഉള്ള റോഡ്, ഫോർവീൽ അല്ലാത്ത ഒരു വണ്ടിയും കയറിപ്പോവില്ല.
ആട്ടിക്കുലുക്കി മുരണ്ടുകൊണ്ട് കയറ്റം കയറാന്‍ തുടങ്ങി. മലയായതുകൊണ്ട് നേരെയുള്ള വഴികള്‍ സാധാരണ ഉണ്ടാവാറില്ല, എല്ലാം ചുരം മോഡൽ റോഡാണ്. ചെളിതെറിപ്പിച്ചുകൊണ്ട് ഥാർ കയറിക്കൊണ്ടിരുന്നു. ചിന്നു ആദ്യമായിട്ടാണ് ഓഫ് റോഡിന് വരുന്നത് , അതിന്‍റെ ചെറിയ ഒരു പേടി അവൾക്കുണ്ടായിരുന്നു. വണ്ടിയിലിരുന്നു കുലുങ്ങിക്കുലുങ്ങി കെട്ടിവെച്ച മുടിയെല്ലാം അഴിഞ്ഞുവീണിരുന്നു.
കല്യാണം കഴിഞ്ഞു അധികം ആകുന്നതിന് മുന്നേ അവൾ വീടിന്‍റെ അടുത്തുള്ള പറമ്പ് മൊത്തം കയറിയിറങ്ങി കണ്ടു. വെറുതെ കാണാന്‍ മാത്രമല്ല നന്നായിട്ട് പറമ്പിൽ പണിയെടുക്കാനും പെണ്ണ് റെഡിയാണ്.
കയറ്റം കയറിക്കൊണ്ടിരിക്കെ വണ്ടി കുടുങ്ങി, ടയർ കിടന്നു തെരയുന്നതല്ലാതെ വണ്ടി അനങ്ങുന്നില്ല. പിന്നെ വണ്ടി ഓഫ് ചെയ്ത് ഹാൻഡ് ബ്രേക്ക് ഇട്ടു നിർത്തി , പുറത്തിറങ്ങി. വഴിയരികിൽ കിടക്കുന്ന കല്ലുകള്‍ എടുത്ത് ടയറിന്‍റെ ചുവട്ടിലേക്കിട്ട എന്നെ ഇങ്ങേര് ഇതെന്തോന്നാ ചെയ്യുന്നത് എന്ന മട്ടിൽ അവൾ നോക്കുന്നുണ്ട്. തിരികെ വണ്ടിയിലേക്ക് കയറി മുന്നോട്ടെടുത്തു. ഇത്തിരി കഷ്ടപ്പെട്ടെങ്കിലും വണ്ടി കയറിപ്പോന്നു. കുറച്ച് കൂടെ മുകളിലേക്ക് കയറിച്ചെന്നപ്പോൾ ഒരു ചെറിയ നിരപ്പ് വന്നു. മഴക്കാലമായൽ മലകളില്‍ കുറെ വെള്ളച്ചാട്ടങ്ങൾ ഉണ്ടാവും. ഇവിടെയും ഉണ്ടായിരുന്നു അതുപോലെ ഒന്ന്.