എന്നാലുമെന്റെ മോനെ….
ഒരെന്നാലുമില്ല…. എന്റെ അമ്മായി ഇനി കരഞ്ഞാൽ ഞാൻ ഇപ്പൊ തന്നെ പോകും…. എനിക്കിങ്ങനെ കരയുന്നവരെ ഇഷ്ടമല്ല… ഞാൻ എണീക്കാൻ തുടങ്ങി…
തെറിക്കുത്തരം മുറി പത്തൽ എന്നപോലെ ഞാൻ പറഞ്ഞു…
കിടക്കേടാ അവിടെ… എവിടെ പോകുവാ.നീ… അമ്മായിയെന്നെ പിടിച്ച് മടിയിലേക്ക് മലർത്തി കിടത്തി…. ഞാനൊന്ന് കാണട്ടെ എന്റെ കുട്ടിയേ ….അവർ എന്റെ മുടിയിൽ തലോടി…. മുഖത്തെല്ലാം ആ വിരലുകൾ ഓടി നടന്നു…. അവർ കണ്ണീരിനിടയിലൂടെ ചിരിച്ചു…..
ആഹാ ഇതുകൊള്ളാലൊ …. അവിടുന്ന് മോന്തയും വീർപ്പിച്ച് പോന്നവർ ഇവിടെ കെട്ടി പിടിച്ചിരുന്ന് കൂട്ടുകൂടുന്നോ …. ? അങ്ങോട്ടെത്തിയ പ്രിയ ചോദിച്ചു…
ആഹ് ഞങ്ങളങ്ങിനെയാ…. നിനക്കെന്താ… അമ്മായി ചിണുങ്ങി…
എനിക്ക് ഒരു കുഴപ്പവുമില്ല.. ഇതൊക്കെ എല്ലാവരുടെയും മുൻപിൽ വച്ചും ആകാം… ഇങ്ങിനെ ഒളിച്ചും പാത്തും ചെയ്യേണ്ടെന്നേ പറഞ്ഞുള്ളൂ…
ഒന്ന് പൊടീ …. അമ്മായി പറഞ്ഞു തീർത്തു…. അപ്പോഴേക്കും എല്ലാവരും അങ്ങോട്ടെത്തി…..
പോകാം ഉണ്ണീ… ആന്റി ചോദിച്ചു…
ഇപ്പോ പോകാനോ…. നീ ഉണ്ടിട്ട് പോയാ മതിയെടാ….
ഉണ്ണാൻ ശിവേട്ടനും കൂടി ഉള്ളപ്പോൾ ഒരു ദിവസം വരാം അമ്മായി…. ഇപ്പൊ പോകട്ടെ…
ഓഹ് നിനക്ക് വലിയ വാലാണെങ്കിൽ പൊക്കോ….
അങ്ങിനെ പിണങ്ങല്ലേ …. അമ്മായി ….. പിന്നെ വരാമെന്നേ … ഇനി ഞാൻ കുറച്ച് നാളിവിടെ ഉണ്ടല്ലോ….
ഞങ്ങൾ യാത്ര പറഞ്ഞ് ഇറങ്ങി…. മടങ്ങുമ്പോൾ ഞാനോർത്തു…. എന്ത് ശുദ്ധരാണിവർ… ആരുടെയൊക്കെയോ മനസ്സിന്റെ നിയന്ത്രണത്തിൽ പെട്ട് പോകുന്നവർ…. പാവങ്ങൾ….
അന്നും ഞാനും സുധയും ദിവ്യയും കളിയും ചിരിയും ഒക്കെ ആയി കഴിച്ച് കൂട്ടി…. അച്ഛനെന്തോ അധികവും റൂമിൽ തന്നെ ആയിരുന്നു…. അത്താഴത്തിനാണ് ഒന്നിച്ചിരുന്നത്…. അത്താഴ സമയത്ത് അച്ഛനാണ് സംസാരം തുടങ്ങിയത്….
ഉണ്ണീ…. നിന്റെ മാറ്റം എന്നെ അത്ഭുതപ്പെടുത്തി…. നിന്റെ പ്രായത്തിലുള്ള കുട്ടികളെക്കാളും പക്വത നീ പുലർത്തി…. അത് കാരണം തറവാട്ടിൽ എല്ലാവർക്കും നിന്നെ ഫേസ് ചെയ്യാൻ വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല …. അവർക്കൊക്കെ വലിയ മനസ്താപം ഉണ്ടായിരുന്നു…. അതൊക്കെ മാറി…. അത് നന്നായി … വലിയ തിരിച്ചറിവുകളെ നേരിടാൻ നിനക്ക് കഴിയുമെന്ന് നീ തെളിയിച്ചു…. അച്ഛനൊരു മുന്നറിയിപ്പ് പോലെ പറഞ്ഞു.
ആരും ഒന്നും മിണ്ടിയില്ല… നേരിയ മൗനം….
അച്ഛാ ഇന്ന് അമ്പലത്തിൽ ഉണ്ണിയേട്ടന്റെ പാട്ട് കേട്ട് എല്ലാവരും അന്തംവിട്ട പോലെ നിൽക്കുക ആയിരുന്നു…. ദിവ്യ മൗനം വെടിഞ്ഞു…
ആണോ… ഒത്തിരി ആളുണ്ടായിരുന്നു…?
പിന്നെ ഇല്ലേ… ഇഷ്ടപ്പെടാത്തത് അനുവിനും അവളുടെ അമ്മയ്ക്കും മാത്രമേ ഉള്ളു… സുധ പറഞ്ഞു…
ഏത് പാട്ടാണുണ്ണീ അത്… ? ആന്റി ചോദിച്ചു…