അതെന്താ…
അവൾ സുധയെക്കാൾ മുൻപ് തന്നെ നേർപെങ്ങളുടെ സ്ഥാനം അടിച്ച് മാറ്റി….. അതുതന്നെ…
ഹ ഹ ഹ. അച്ഛൻ ഉച്ചത്തിൽ ചിരിച്ചു…. എല്ലാവരും ആദ്യം ഒന്നമ്പരന്നെങ്കിലും ചിരിയിൽ പങ്ക് ചേർന്നു ….. സുധയൊഴികെ ….. അവളുടെ മുഖം വാടി ….. അൽപ സമയത്തെ ചിരിക്ക് ശേഷം… അച്ഛനെന്നോട് ചോദിച്ചു…
അനുമോൾ നിന്നെ കണ്ട് തിരിച്ചറിഞ്ഞോ….
അനുമോളോ…..? ഞാൻ അമ്പരന്നു….
ഉം…. അനുമോൾ നീയവളെ കണ്ടില്ലേ…..
ഇല്ല…. എത്ര വർഷമായി….
എടാ നീ കയറിയ ബേക്കറിയിൽ നിന്ന് അവളിറങ്ങി പോകുന്നത് കണ്ടപ്പോൾ ഞാൻ കരുതി നീയവളെ കണ്ട് കാണുമെന്ന്….
ഞാൻ ഞെട്ടിപ്പോയി…… അപ്പോൾ അത് അനുമോളായിരുന്നോ…… അവൾ….. അവളിത്രയും വലുതായോ….. ഉണ്ണിയേട്ടാ എന്ന് വിളിച്ച് വാലിൽ തൂങ്ങി നടന്ന കാന്താരി…. അവളാണോ….
അവളാണോ… എന്റെ സ്വപ്നങ്ങളിൽ എന്നെ ഉണ്ണിയേട്ടാ എന്ന് വിളിക്കുന്നത്…. എന്റെ അനുമോൾ….
എന്റെ വായിലിരുന്ന ചോറ് വിക്കി….. ഞാൻ പെട്ടെന്ന് വെള്ളമെടുത്ത് കുടിച്ചു…. എന്റെ സ്വപ്നങ്ങൾ എനിക്ക് നഷ്ടമാകുമെന്ന ഒരു തോന്നൽ എന്നിലേക്ക് കടന്ന് വന്നു…. അത് അനുമോളാണെങ്കിൽ ….. ഛേ ഞാനുദ്ദേശിച്ച ആളാവില്ല… അവളുടെ കൂടെ ഉണ്ടായിരുന്ന ആരെങ്കിലും ആകും…. അതെങ്ങനാ അവളെ കണ്ടപ്പോൾ പിന്നെ ഞാൻ ചുറ്റുമുള്ളവരെ ഒന്നും കണ്ടില്ലല്ലോ….. എന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു…. പക്ഷെ അതിന് അത്ര സൗന്ദര്യം പോരായിരുന്നു എന്ന് മറ്റുള്ളവരുടെ മുഖം പറഞ്ഞു…..
നിനക്കവളെ മനസ്സിലായില്ല അല്ലെ… അച്ഛൻ മെല്ലെ ചോദിച്ചു….
ഇല്ല … എന്റെ സ്വരം ചിലമ്പിച്ചിരുന്നു…..
സാരമില്ല…. ചിലതൊക്കെ മറന്ന് പോകേണ്ടത് കാലത്തിന്റെ ആവശ്യമാണ്…. അത്തരം മറവികളിലാണ് ലോകത്തിന്റെ നിലനിൽപ്…. അവരുടെ രീതികൾ ഇപ്പോൾ ആർക്കും അത്ര ഉൾക്കൊള്ളാൻ കഴിയുന്നതല്ല….. ശ്രീനിവാസനും (കുഞ്ഞമ്മാവൻ) ജലജയും (കുഞ്ഞമ്മായി) ഇപ്പോൾ വലിയ ലോകത്താണ്…. ഗൾഫിലെ ജോലി കൂടാതെ ഇവിടെ ചില ഇടപാടുകളും…. ജങ്ഷനിലെ ഷോപ്പിംഗ് കോംപ്ലക്‌സും എല്ലാമായി…. വലിയ നിലയിലായി…. അല്ലെങ്കിലും അവനെന്നും ഒരു മാടമ്പി സ്വഭാവമായിരുന്നു….. ചില കാര്യങ്ങളിൽ ഒരിക്കലും വിട്ട് വീഴ്ചയില്ലാത്ത സ്വഭാവം…. ഇക്കാലത്തും ജാതിയും മതവുമെല്ലാം നോക്കുന്ന ഒരു പ്രത്യേക ജന്മം…. നല്ല വിദ്യാഭ്യാസമുണ്ടെങ്കിലും ജലജയുടെ സ്വഭാവമാണ് എനിക്ക് പിടികിട്ടാത്തത്…. അതിനിടയിൽ അനുമോൾ എങ്ങിനെ കഴിയുന്നു ആവോ…. വല്യളിയനുമായി ഇപ്പോൾ വഴക്കാണെന്ന് തോന്നുന്നു…. അല്ലെങ്കിലും അതങ്ങിനെയെ വരൂ…. ഒരു ജീവിതം മുഴുവൻ പെങ്ങന്മാർക്കും അനിയനും അമ്മയ്ക്കും വേണ്ടി ജീവിച്ചു….. ഇപ്പോൾ ആർക്കും അയാളെ വേണ്ട….