കല്യാണപ്പിറ്റേന്ന് [Arrow]
” താര, ഞാൻ അന്ന് പറഞ്ഞതാണ് പകരാൻ എനിക്ക് കുഷ്ഠം ഒന്നുമില്ലന്ന്, പിന്നെ ഇങ്ങനെ ഒരു അവസ്ഥ മുതലെടുക്കാൻ മാത്രം ഒരു ചെറ്റയും അല്ല ഞാൻ ” കിച്ചൻ അത് പറഞ്ഞപ്പോ. താര പിടച്ചിൽ നിർത്തി. അവളുടെ കണ്ണുകളിൽ എന്തോ ഒരു സങ്കടം പടർന്നു. കിച്ചനെ നോക്കാതെ മുഖം വെട്ടിച്ച് അവൾ അങ്ങനെ അവന്റെ കയ്യിൽ കിടന്നു. കിച്ചൻ അവളെയും കൊണ്ട് നടന്നു. അവനെ നോക്കാതെ തന്റെ കയ്യിൽ കൈ കെട്ടി കിടക്കുന്ന താരയെ കണ്ടപ്പോൾ കിച്ചൻ, അന്നത്തെ ആ സംഭവത്തിനു ശേഷം അവർക്കിടയിൽ അവൻ കഷ്ടപ്പെട്ട് കെട്ടിപ്പൊക്കിയ അതിർത്തി തകർന്ന് വീണത് അറിഞ്ഞു. അവനിൽ അവളോടുള്ള പ്രണയം വീണ്ടും ആളി പടർന്നു, അവൾ തന്റെ ആണ് ആർക്കും വിട്ടുകൊടുക്കരുത് എന്ന് ആരോ പറയുന്ന പോലെ.
” അയ്യോ ഇതെന്തു പറ്റി ” താരയെ എടുത്തോണ്ട് വരുന്ന കണ്ട് എല്ലാരും ഓടി വന്നു.
” ഏയ് ഇത് ഒന്നുമില്ല, കാവിൽ വെച്ച് താരയുടെ കാൽ ഒന്ന് ഇടറി ” കിച്ചൻ അവളെ ഉമ്മറത്ത് ഇരുത്തിയിട്ട് പറഞ്ഞു.
” എന്താ കുട്ടി ഒരു ശ്രദ്ധയും ഇല്ലേ?? ഒന്നുമില്ലേലും അടുത്ത ദിവസം കല്യാണം ആണെന്ന് എങ്കിലും ഓർക്കണ്ടേ. നോക്കി നിൽക്കാതെ ആരേലും രാമനെ വിളി” മുത്തശ്ശി താരയെ ശാസിച്ച ശേഷം ചുറ്റും കൂടി നിന്നവരോടായി പറഞ്ഞു. രാമൻ, രാമകൃഷ്ണൻ താരയുടെ അച്ഛൻ. പുള്ളി ക്ക് അത്യാവശ്യം തിരുമും കാര്യങ്ങളും അറിയാം.
” ഏയ് ഇത് അത്ര കുഴപ്പം ഒന്നുമില്ല, ഒന്ന് ഇടറിയാതെ ഉള്ളു , അമ്മ ആ കുഴമ്പ് ഒന്ന് എടുക്ക് ” വല്യമ്മാമ താരയുടെ കാലു നോക്കിയിട്ട് പറഞ്ഞു. പിന്നെ കുഴമ്പ് തേച്ച് കാലു പിടിച് ഒന്ന് നേരെ ഇട്ടു. താര ഒരു ഏങ്ങലോടെ കണ്ണുകൾ ഇറുക്കി അടച്ചു.
” ഹോസ്പിറ്റലിൽ കൊണ്ടുപോണോ വല്യമ്മാമ്മേ?? “
” ഏയ് അതിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. നാളെ നീര് വറ്റിയില്ലേൽ കൊണ്ടുപോവാം, നടത്തിക്കോണ്ട് വരാഞ്ഞത് നന്നായി ട്ടോ ” കിച്ചന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞിട്ട് വല്യമ്മാമ്മ അവന്റെ തോളിൽ ഒന്ന് തട്ടി. ഏതായാലും വല്യമ്മാമ പറഞ്ഞത് പോലെ തന്നെ പിറ്റേ ദിവസം കൊണ്ട് നീര് വറ്റി. ദിവസം കഴിഞ്ഞു പോയി, കിച്ചന് തന്നിലെ കാമുകനെ അടക്കാൻ പറ്റുന്നില്ല. അവന് ഭ്രാന്ത് പിടിക്കുന്ന പോലെ ആയി തുടങ്ങി.
വീട് മൊത്തത്തിൽ ഉണർന്നു, അനന്തുവിന്റെ കസിൻസ് എല്ലാരും വന്നു എങ്കിലും മൂത്ത ആൺ തരി യുടെ സ്ഥാനത്ത് എല്ലാത്തിനും ഓടുന്നത് കിച്ചൻ ആണ്, വല്യമ്മാമയും ഉണ്ണിമാമയും എല്ലാം എല്ലാകാര്യവും ഏല്പിച്ചു കൊടുത്തിരിക്കുന്നതും അവനെ തന്നെ ആണ്. അത്ര കണ്ട് എല്ലാരും അവനെ ഇഷ്ടപ്പെട്ടു തുടങ്ങിഇരിക്കുന്നു. നിന്ന് തിരിയാൻ സമയം ഇല്ല, അപ്പോഴും അവന്റെ മനസ്സ് ശാന്തമായിരുന്നില്ല. അത് അപ്പോഴും താരയെ ചുറ്റി കറങ്ങി കൊണ്ടിരുന്നു.
ഇനി ഒരു ദിവസം കൂടി അല്ല ഏതാനും മണിക്കൂർ കൂടി കഴിഞ്ഞാൽ താര അനന്തു വിന്റെ സ്വന്തം ആവും. കിച്ചനും അനന്തുവിന്റെ മറ്റു ഫ്രണ്ട്സും കസിൻസും ചേർന്ന് പന്തലിൽ ഒരു ടാർപാ വിരിച്ച് കല്യാണം കൊഴുപ്പി ക്കു വാണ്. കല്യാണത്തിന് സ്‌പെഷ്യൽ ആയി എടുത്ത കുപ്പി പൊട്ടിക്കുന്ന ചടങ്ങ്. ഒരുത്തരായി അടി തുടങ്ങി. ഇടക്ക് ആരോ വെച്ചു നീട്ടിയ ഗ്ലാസ് കിച്ചനും വാങ്ങി കുടിച്ചു ആദ്യമായി. ഉള്ളിൽ ഇളകി കൊണ്ടിരിക്കുന്ന കടലിനു ഒരു ശമനം ഉണ്ടാകും എന്ന് വിചാരിച്ചു, പക്ഷെ അത് അങ്ങ് ഉള്ളിൽ ചെന്നപ്പോൾ ദുഃഖം കൂടി, അവളുടെ മുഖം ഒന്ന് കൂടി വ്യക്തമായി തെളിഞ്ഞു. ഇനി ഒരു ഗ്ലാസ് കൂടി കുടിച്ചാൽ ചിലപ്പോൾ കല്യാണം മുടങ്ങും എന്ന് തോന്നി കൊണ്ട് കിച്ചൻ വീണ്ടും ഒരു സാഹസത്തിനു മുതിർന്നില്ല. അവൻ കിടക്കാൻ നോക്കി, ഉറക്കം വരുന്നില്ല, ബാക്കി ഉള്ളവരിൽ പാതി ഓഫ് ആയി ബാക്കി ഉറങ്ങി. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന കിച്ചൻ പതിയെ എഴുന്നേറ്റു വീടിന്റെ അങ്ങോട്ട് നടന്നു.