സമ്മതിക്കില്ലാന്നുള്ളോണ്ടാണു എനിക്കു കാൻസറാണെന്നും അവസാന ആഗ്രഹമായി നീ കല്യാണം കഴിക്കണമെന്നും ഒക്കെ പറഞ്ഞത്. എല്ലാം ഈ കൃഷ്ണേട്ടന്റെ ഐഡിയ ആണ്.എനിക്കു കാൻസറും ഇല്ല ഒന്നുമില്ല.’
അ്ഞ്ജലി ഒരു നിമിഷം തരിച്ചു നിന്നു. അവളുടെ ഭാവം കണ്ട് കൃഷ്ണകുമാറിനും സരോജയ്ക്കും പേടിയായി. ദേഷ്യം വന്നാൽ ഒന്നും നോക്കാതെ പൊട്ടിത്തെറിക്കുന്നവളാണ്.അപ്പു അപ്പുറത്തിരിക്കുകയും ചെയ്യുന്നു.
‘മോളേ നീ ക്ഷമിക്കണം,ദേഷ്യപ്പെടരുത്’ കൃഷ്ണകുമാർ പറഞ്ഞു.
ഒരു നിമിഷം മിണ്ടാതെ നിന്നിട്ട് അഞ്ജലി സംസാരിച്ചു.
‘ഹൂം ക്ള്ളം പറയുന്നത് നല്ല ശീലമല്ല, അതും ഇതുപോലത്തേത്.അമ്മയെക്കുറിച്ച് ഓർത്ത് എന്റെ ഉറക്കം എത്ര രാത്രി പോയെന്ന് അറിയുമോ.ആ പോട്ടേ.ഏതായാലും ഒ്ന്നുമില്ലല്ലോ, ആ വിഷമോം മാറി.അപ്പൂനു ജ്യൂസ് കൊടുത്തിട്ടു വരാം.’
സരോജ ഗ്ലാസിലേക്കു പകർന്നു വച്ച പൈനാപ്പിൾ ജ്യൂസ് എടുത്തുകൊണ്ടു മുന്നോട്ടു നടക്കുന്നതിനിടയിൽ അഞ്ജലി പറഞ്ഞു.
കൃഷ്ണകുമാറും സരോജയും ഞെട്ടി. ഒരു യുദ്ധം പ്രതീക്ഷിച്ചാണു നിന്നത്.മല പോലെ വന്നതു ദേ എലി പോലെ പോകുന്നു.
‘എടി, അവളെന്താ ദേഷ്യപ്പെടാത്തത്’ കൃഷ്ണകുമാർ സരോജയോടു ചോദിച്ചു.
‘അത് കൃഷ്ണേട്ടാ, പെൺപിള്ളേരുടെ ജീവിതത്തിൽ രണ്ടു ഘട്ടമുണ്ട്. കല്യാണത്തിനു മുൻപും പിൻപും.രണ്ടും ഭയങ്കര വ്യത്യാസമാണ്.അവൾക്കിപ്പോ അ്പ്പൂനെ കിട്ടി.അവനോടു ഭയങ്കര സ്നേഹമാണ്.ദേ കണ്ടില്ലേ ജ്യൂസ് കൊടുക്കാൻ പോയത്. ഇവിടെ വന്നു സംസാരിച്ചതിൽ 100 വാക്ക് പറഞ്ഞതിൽ തൊണ്ണൂറും അപ്പു അപ്പൂന്നായിരുന്നു. അപ്പൂനു സാമ്പാർ ഇഷ്ടമാണ്,മല്ലിയില ഇട്ടാൽ മാത്രം. പായസത്തിൽ മധുരം കൂടുതൽ ഇടണം അങ്ങനെയെല്ലാം.
അവനെ അവൾക്കു കിട്ടാൻ വേണ്ടിയാണല്ലോ നമ്മൾ കള്ളം പറഞ്ഞത് അതവളങ്ങു ക്ഷമിച്ചു എന്നു കരുതിയാൽ മതി.’ സരോജ തന്റെ തിയറി അവതരിപ്പിച്ചു.
‘അത് പോയിന്റാ കേട്ടോ.’ പരുക്കൻ ഭാവത്തിന്റെ പ്രതിരൂപമായ കൃഷ്ണകുമാർ അപൂർവമായി മാത്രം ചെയ്യാറുള്ള ഒരു പുഞ്ചിരി സരോജയ്ക്കു നൽകി തിരിഞ്ഞു നടന്നു.