അപ്പു കവിളിൽ കൈ തൊട്ടു.അവന് നാണമായി.
‘ഞങ്ങളുടെ ഒന്നും കാലത്ത് തറവാട്ടിൽ എലി ഇല്ലാത്തോണ്ട് കടിയും കിട്ടിയില്ല, ഓടാനും പറ്റിയില്ല.സോ മിസ്സിങ്. ‘കൃഷ്ണകുമാർ കുലുങ്ങി ചിരിച്ച് കൊണ്ട് പറഞ്ഞു.
കേരള മുഖ്യമന്ത്രി തോറ്റുപോകുന്ന കടുകട്ടി മനുഷ്യനായ തന്റെ ഭർത്താവ് ഒരു തമാശ പറഞ്ഞത് കേട്ട് സരോജ മൂക്കത്ത് വിരൽ വച്ചു. ഈ മനുഷ്യന് തമാശ ഒക്കെ പറയാൻ അറിയാമോ, അവർ ആത്മഗതം ചെയ്തു.
വൈകുന്നേരം അഞ്ജലിയുടെ കസിൻസും മറ്റു ബന്ധുക്കളുമുൾപ്പെടെ വലിയ ഒരു സംഘം അണിമംഗലം തറവാട്ടിൽ എത്തി.
നേരത്തെ പറഞ്ഞ അവളുടെ മൂത്ത കസിൻമാരായ ഹർഷിത, ദിവ്യ അവരുടെ ഭർത്താക്കന്മാർ കിരൺ, ജീവൻ, കസിൻ സഹോദരന്മാരായ നന്ദു, ശ്യാം അവളെക്കാൾ ഇളയ കസിൻമാരായ നിത്യ, മീര, ജൻവി, ഋതു അങ്ങനെ കുറെപേർ.
എല്ലാവരും ഭക്ഷണം കഴിഞ്ഞ് തറവാട്ടിലെ വിശാലമായ നാലുകെട്ടിന്റെ മുറ്റത്ത് ഒത്തുകൂടി.
പെട്ടന്ന് കമ്പനി ആകുന്ന സ്വഭാവം ആയതിനാൽ അപ്പു എല്ലാവരുമായി കൂട്ടായി.ഓരോരോ കാര്യങ്ങൾ പറഞ്ഞ് അവരെല്ലാം അവിടെ സംസാരിച്ചിരുന്നു.
നിത്യ ഒരു പാട്ടു പാടി.ഒരു ഹിന്ദി പാട്ട് ആയിരുന്നു അത്.പാട്ട് കഴിഞ്ഞപ്പോൾ എല്ലാവരും കൈയടിച്ച് പ്രോത്സാഹിപ്പിച്ചു.
‘അഞ്ജലി ഒരു പാട്ട് പാടണം.. ‘ ദിവ്യ ആവശ്യപ്പെട്ടപ്പോൾ എല്ലാവരും കൈയടിച്ച് പ്രമേയം പാസാക്കി..
‘ങ്ങേ അഞ്ജലി പാട്ടൊക്കെ പാടുമോ, ‘ അപ്പു അടുത്തിരുന്ന ഋഷിയോട് ചോദിച്ചു.
‘അപ്പുവേട്ടന് അറിയില്ല അല്ലേ ?, പണ്ട് സ്കൂളിൽ ഒക്കെ പഠിക്കുമ്പോൾ കലോത്സവത്തിൽ പാട്ടിന് ഫസ്റ്റ് ആയിരുന്നു അഞ്ജലി ചേച്ചി.പിന്നെ കോളേജിൽ ആയതിനു ശേഷം പാടി കേട്ടിട്ടില്ല :
ഋഷി അപ്പുവിനോടു പറഞ്ഞു.അപ്പുവിന് പുതിയ അറിവായിരുന്നു അത്.
‘കമോൺ കമോൻ അഞ്ജലി . ‘ എല്ലാവരും കൈയടിച്ച് അവളെ ക്ഷണിച്ചു.സാധാരണ ഇതിൽ നിന്നെല്ലാം വിട്ടു നിൽക്കുന്ന കൃഷ്ണകുമാർ വരെ കൈയടിച്ചു.
ഒടുവിൽ എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങി അഞ്ജലി പാടി.വർഷങ്ങൾക്ക് ശേഷം. ആ പാട്ട് പക്ഷേ അവളുടെ അപ്പുവിന് മാത്രം ഉള്ളതായിരുന്നു.