“പിന്നെ ?”
മഞ്ജുസ് പെട്ടെന്ന് മുഖം എന്റെ തോളിൽ നിന്നെടുത്തു ആകാംക്ഷയോടെ ചോദിച്ചു .
“മ്മ്..അതൊക്കെ ഉണ്ട് ..സമയാകട്ടെ , ഞാൻ പറയാം ”
ഞാൻ ഒരു സർപ്രൈസ് പോലെ പറഞ്ഞു നിർത്തി .
“ഹ്..എന്തിനാ ഇപ്പൊ ഒരു സർപ്രൈസ് ? പറ കവി…എന്താ കാര്യം ?”
മഞ്ജുസ് കാര്യം അറിയാൻ വേണ്ടി തിരക്ക് കൂട്ടി .
“അതൊക്കെ അവിടെ നിക്കട്ടെ ഞാൻ പിന്നെ പറയാം , നീ ഈ വിവരം അവളെ അറിയാച്ചാരുന്നോ ?”
ഞാൻ ചെറിയൊരു സംശയത്തോടെ മഞ്ജുസിനെ നോക്കി .അത് കേട്ടതും അവളുടെ മുഖത്തൊരു അബദ്ധം പറ്റിയ നിരാശ പടർന്നു .
“ശോ… മറന്നെടാ ..”
മഞ്ജുസ് തലയ്ക്കു കൈകൊടുത്തു ഇരുന്നു .
“മ്മ്…സാരല്യ..ഒരു കണക്കിന് അത് നന്നായി . ഇപ്പോഴാ പറയാൻ പറ്റിയ ടൈം ”
ഞാൻ പതിയെ പറഞ്ഞു .
“ആഹ്…അത് ഞാൻ പറഞ്ഞോളാം . ”
മഞ്ജുസ് തീർത്തു പറഞ്ഞു .
അങ്ങനെയാണ് മഞ്ജു റോസമ്മയെ വിളിച്ചു കാര്യം പറയുന്നത് . പക്ഷെ എന്തോ ഭാഗ്യത്തിന് ആ സമയം അവൾ നാട്ടിലുണ്ടായിരുന്നു . കുടുംബത്തിലെ എന്തോ വിശേഷത്തിനു പങ്കെടുക്കാനായി റോസ്‌മേരി കോട്ടയത്തുള്ള അവളുടെ തറവാട്ടിലേക്ക് വന്നിരുന്നു . ആ ടൈമിലാണ് മഞ്ജുസും ഞാനും കൂടി അവളെ വിളിക്കുന്നത് .
മഞ്ജുസിന്റെ നമ്പറിൽ നിന്ന് വിളിച്ചു ഫോൺ ഞങ്ങൾ സ്പീക്കർ മോഡിൽ ഇട്ടു ചേർന്നിരുന്നു . ഓരോ റിങ് കഴിയുമ്പോഴും ഞാനും മഞ്ജുസും മുഖത്തോടു മുഖം നോക്കും ! ഒടുക്കം റോസമ്മ ഫോൺ എടുത്തു .
“ഹലോ ….ഇതാര് ..എന്താ ടീച്ചറെ ഇപ്പൊ ഒരു വിളി ?”
മഞ്ജുസ് ആണെന്ന് മനസ്സിലായതും മുഖവുര കൂടാതെ റോസമ്മ തിരക്കി .എന്നെ സംശയിച്ചൊന്നു നോക്കികൊണ്ട് മഞ്ജുസ് അതിനു മറുപടിയും കൊടുത്തു തുടങ്ങി .
“ഒന്നുമില്ലെടോ ചുമ്മാ വിളിച്ചതാ . റോസ്‌മേരിക്ക് സുഖം അല്ലെ ? ഇപ്പൊ എവിടെയാ ഉള്ളേ ?”
മഞ്ജുസ് സ്വാഭാവികമായി കുശലം അന്വേഷിച്ചു .
“ഓഹ്…സുഖം തന്നെ . പിന്നെ ഇപ്പൊ നാട്ടിലുണ്ട് . രണ്ടു മൂന്നു ദിവസം കഴിഞ്ഞാൽ തിരിച്ചു പോകും . അതൊക്കെ പോട്ടെ എവിടെ തന്റെ ചെക്കൻ ? ഞങ്ങള് കുറച്ചു നാള് മുൻപേ സംസാരിച്ചിരുന്നു. പിന്നെ അവന്റെ ഒരഡ്രസ്സും ഇല്ല..”
റോസമ്മ ചിരിയോടെ പറഞ്ഞു നിർത്തി .
“ആഹ്…അതുംകൂടി പറയാനാ ഞാൻ വിളിച്ചത് . കവിക്ക് ഒരു ആക്സിഡന്റ് പറ്റിയെടോ ”
മഞ്ജുസ് എന്നെ നോക്കി ചിരിച്ചുകൊണ്ട് പയ്യെ പറഞ്ഞു .
“കർത്താവേ …ന്നിട്ട് വല്ലോം പറ്റിയോ ?”
മഞ്ജുസിനേക്കാൾ ആധിയുള്ള പോലെ റോസമ്മ ഫോണിലൂടെ തിരക്കി . ആ ആവേശം കണ്ടു ഞാനും മഞ്ജുസും മുഖാമുഖം നോക്കി .