മഞ്ജു അതിനു മറുപടി ഒന്നും പറയാതെ അഞ്ജുവിനെ തറപ്പിച്ചൊന്നു നോക്കി . ഞാനുള്ളപ്പോ ഇവിടെ വേറെയുള്ളവരുടെ ലൂക്കിന് പ്രസക്തി ഇല്ല എന്ന മട്ടിലാണ് മഞ്ജുസിന്റെ നോട്ടം !
മഞ്ഞയും കറുപ്പും കലർന്ന ചുരിദാർ സ്യൂട് ആയിരുന്നു അവളുടെ വേഷം . കക്ഷി തന്നെ ഡിസൈൻ ചെയ്ത മോഡൽ ആണ് ! സിമ്പിൾ ഡിസൈൻ ആണെങ്കിൽ കൂടി നല്ല ചന്തമുള്ള ഡ്രസ്സ് ! മുടിയിഴ കൈകൊണ്ട് മാടി ഒരുവശത്തേക്ക് നീക്കി റോസ്മേരി ചിരിയോടെ കാറിൽ നിന്നുമിറങ്ങി .
അവളെ കണ്ടതും കൈവീശി കാണിച്ചുകൊണ്ട് മഞ്ജുവും പിന്നാലെ അഞ്ജുവും മുറ്റത്തേക്കിറങ്ങി .കാറിന്റെ ഡോർ അടച്ചു ലോക് ചെയ്തുകൊണ്ട് റോസമ്മ മുന്നോട്ടു വന്നു മഞ്ജുസിനെ കെട്ടിപിടിച്ചു സൗഹൃദം പുതുക്കി .
“എങ്ങനെ ഉണ്ടടോ ടീച്ചറെ , സുഖമല്ലേ തനിക്ക് ?”
മഞ്ജുസിനെ ഇറുക്കി ഹഗ് ചെയ്തുകൊണ്ട് റോസമ്മ തിരക്കി , അതിനു സുഖമെന്ന രീതിയിൽ മഞ്ജുസും മൂളി.
“ഇത് കവിന്റെ സിസ്റ്റർ ആണല്ലേ ?”
മഞ്ജുസിൽ നിന്നും അകന്നുമാറി റോസമ്മ അഞ്ജുവിനെ നോക്കി . എന്റ്റെ പെങ്ങളുട്ടി അതിനു തലയാട്ടി അതേയെന്ന ഭാവത്തിൽ ചിരിച്ചു .
“ഹായ്…ഞാൻ റോസ് മേരി ..കവിന്റെ ഫ്രണ്ടാ..”
റോസമ്മ പുഞ്ചിരിയോടെ പറഞ്ഞു അഞ്ജുവിനു നേരെ കൈനീട്ടി . അവൾ ആ കൈത്തലം പിടിച്ചു കുലുക്കികൊണ്ട് തിരിച്ചും ഹായ് പറഞ്ഞു .
“ഹസ്ബൻഡ് വന്നില്ലേ കൂടെ ? ”
റോസമ്മ കോട്ടയത്തേക്ക് ഒറ്റക്കാണോ വന്നതെന്ന രീതിയിൽ മഞ്ജു തിരക്കി .
“ഇല്ലെടോ ..പുള്ളിക്ക് ബിസിനസിന്റെ എന്തൊക്കെയോ തിരക്കുണ്ടെന്ന് പറഞ്ഞു . അതുകൊണ്ട് ഞാനൊറ്റക്കാ വന്നത് ”
റോസമ്മ പുഞ്ചിരിയോടെ മറുപടി നൽകി .
“ഇയാളെന്താ ചെയ്യണേ ? പഠിക്കുവാണോ?”
പിന്നെ അഞ്ജുവിനെ നോക്കി വിശേഷങ്ങൾ തിരക്കി .
“ആഹ്..അതെ.ഡിഗ്രി ഫൈനൽ ഇയർ ”
അഞ്ജു പതിയെ പറഞ്ഞു .
“ആഹ്…”
റോസമ്മ തലയാട്ടി ചിരിച്ചു .
“ഹാഹ് ..നീ ഇങ്ങനെ ഇവിടെ തന്നെ നിൽക്കല്ലേ..നടക്ക്”
മുറ്റത്തു നിന്നുള്ള സംസാരം വേണ്ടെന്നു കരുതി മഞ്ജുസ് റോസമ്മയുടെ കൈപിടിച്ച് വലിച്ചു .
അതോടെ മൂന്നുപേരും കൂടി അകത്തേക്ക് കയറി . അപ്പോഴേക്കും റോസമ്മ വന്നതറിഞ്ഞു എന്റെ അമ്മയും
പൂമുഖത്തേക്കെത്തി .
“അമ്മെ ഇത് റോസ്‌മേരി ..കോട്ടയത്തുന്നു വരുവാ . ഞങ്ങളുടെ ഫ്രണ്ടാ ..”
റോസമ്മയെ കണ്ടു ആളെ പിടികിട്ടാതെ നിന്ന അമ്മക്ക് മുൻപിൽ അവളെ പരിചയപെടുത്തികൊണ്ട് മഞ്ജുസ് പറഞ്ഞു .
അതോടെ മാതാശ്രീയുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു . റോസ്മേരിയും അമ്മയെ കൈകൂപ്പി വണങ്ങി .
“വരൂ മോളെ ..അകത്തേക്കിരിക്ക് ..”
റോസ്‌മേരിയുടെ കൈത്തലം തഴുകികൊണ്ട് അമ്മച്ചി അവളെ ക്ഷണിച്ചു .
അതോടെ എല്ലാവരും ചേർന്ന് ഹാളിലേക്ക് കയറി . അവരുടെയൊക്കെ സംസാരം കേട്ടതോടെ റോസമ്മ വന്നെന്നു എനിക്കുറപ്പായിരുന്നു . കുറച്ചു സമയം അമ്മയോടും അഞ്ജുവിനോടും ഒകെ സംസാരിച്ചിരുന്ന് ചായയും കഴിച്ച ശേഷമാണ് മഞ്ജുസിനൊപ്പം റോസമ്മ എന്നെ കാണാനായി റൂമിലേക്ക് വരുന്നത് .