അഞ്ജുവും മഞ്ജുസും , അല്ലെങ്കിൽ അമ്മയും മഞ്ജുവും കൂടി എന്നെ ബാത്‌റൂമിൽ കൊണ്ടിരുത്തും , പരിപാടിയൊക്കെ തീർന്നു കഴിഞ്ഞാൽ ഞാൻ അവരെ വിളിക്കും . പിന്നെ തിരിച്ചു ബെഡിലേക്ക് തന്നെ .
സത്യംപറഞ്ഞാൽ രണ്ടു മൂന്നു ദിവസം കൊണ്ട് തന്നെ എനിക്ക് ആ ലൈഫ് മടുത്തു തുടങ്ങി .
വലതു കൈ വിരലിലും ബാൻഡേജും പ്ലാസ്റ്ററുമൊക്കെ ഉള്ളതുകൊണ്ട് ഭക്ഷണമൊക്കെ ഇടംകൈകൊണ്ട് സ്പൂണിലാണ് കോരി കഴിച്ചിരുന്നത് .അമ്മയും മഞ്ജുസും വാരി തരാം എന്നൊക്കെ പറയുമെങ്കിലും നാണക്കേട് ഓർത്തു ഞാൻ സമ്മതിക്കില്ല . അങ്ങനെ ഒരുവിധം വീട്ടിലെത്തി കിട്ടിയാൽ മതി എന്നായി . അങ്ങനെയാണ് ഡോക്റ്ററോട് പറഞ്ഞു എളുപ്പം ഡിസ്ചാർജ് വാങ്ങിയത് .
വീടെത്തിയതോടെ ശ്യാമും കൃഷ്ണൻ മാമയും കൂടി എന്നെ താങ്ങിപിടിച്ചു റൂമിലേക്ക് കൊണ്ടുപോയി . എന്റെ ഇരുകയ്യും അവരുടെ തോളിലൂടെയിട്ടു ഒരു കാലുകൊണ്ട് ചാടി ചാടി പ്രയാസപ്പെട്ടാണ് ഞാൻ നടന്നത് . പിന്നീട സ്റ്റിക്ക് ഒകെ കുത്തിപ്പിടിച്ചു നടക്കാൻ തുടങ്ങിയതോടെ ഒരാശ്വാസം കിട്ടിത്തുടങ്ങി .
മുട്ടിനു താഴേക്കാണ് എല്ലിന് ഒടിവുള്ളത് . അതുകൊണ്ട് കാല്മുട്ടു ഇളക്കാൻ പ്രയാസമുണ്ടായിരുന്നില്ല .
ഹോസ്പിറ്റലിൽ കിടക്കുമ്പോൾ തന്നെ മഞ്ജുസിന്റെ അച്ഛനും അമ്മയും മായേച്ചിയുമെല്ലാം എന്നെ കാണാൻ വന്നിരുന്നു . ഞങ്ങളുടെ വഴക്കിന്റെ കാരണം ഒന്നും ആർക്കും അറിയില്ലെങ്കിലും മഞ്ജുസിനു അവളുടെ അമ്മയുടെ വായിന്നു കണക്കിന് കേട്ടു . ഞാൻ എതിർക്കാൻ പോയെങ്കിലും കാര്യം ഉണ്ടായില്ല !
എന്നെ റൂമിൽ കൊണ്ട് ബെഡ്‌ഡിലിരുത്തി കൃഷ്‌ണൻ മാമയും ശ്യാമും ഒന്ന് നടുനിവർത്തി . ഞാൻ ആകെക്കൂടി വട്ടുപിടിച്ച അവസ്ഥയിൽ തലയും കുനിച്ചു ഓരോന്ന് ആലോചിച്ചിരുന്നു . ഇനി ഒന്ന് രണ്ടു മാസത്തോളം പണ്ടാരം ഈ കിടപ്പു കിടക്കണം !
“എന്തായാലും കുറെ ഓടി നടന്നതല്ലേ..കൊറച്ചു ദിവസം വീട്ടിലിരി …”
എന്റെ പാവം പിടിച്ച ഇരുത്തം കണ്ടിട്ടെന്നോണം കൃഷ്‌ണൻ മാമ ചിരിയോടെ പറഞ്ഞു .
“മ്മ്…അതെ അതെ..വെറുതെ ഓരോന്ന് ഉണ്ടാക്കി വെച്ചിട്ട് ..”
എന്റെ അമ്മയും കൃഷ്ണൻ മാമയെ പിന്താങ്ങി . പിന്നെ എനിക്ക് കുടിക്കാനുള്ള ഹോർലിക്സുമായി റൂമിനകത്തേക്ക് വന്നു .
“ശ്യാമേ നീ ചായ കുടിച്ചിട്ടൊക്കെ പോയാൽ മതീട്ടോ…”
എനിക്ക് നേരെ ഹോര്ലിക്സ് ഗ്ലാസ് നീട്ടി മാതാശ്രീ ശ്യാമിനോടായി പറഞ്ഞു . അതിനു കക്ഷി ഒന്ന് തലയാട്ടുക മാത്രം ചെയ്തു .
അപ്പോഴാണ് മഞ്ജുസ് റൂമിനകത്തേക്ക് കയറിവരുന്നത് . അവള് കയറിവന്നതും കൃഷ്‌ണൻ മാമയും ശ്യാമും പുറത്തേക്കിറങ്ങാനൊരുങ്ങി .
“എന്നാപ്പിന്നെ നിങ്ങള് സംസാരിച്ചിരിക്ക് കണ്ണാ ..വല്യമ്മാമ ഉമ്മറത്തുണ്ടാവും . എന്തായാലും ഇനി നാളെ കാലത്തെ പോണുള്ളൂ ”
കൃഷ്‌ണൻ മാമ ചിരിയോടെ പറഞ്ഞു മഞ്ജുസിനു വഴിയൊരുക്കി .ഞാൻ അതിനു മറുപടിയായി തലയാട്ടി.