ഞാനൊന്നു അമർത്തി മൂളി .
“അങ്ങനെ ഞങ്ങളൊക്കെ എടുത്തു ഒരു റൂമിൽ കൊണ്ടുപോയി കിടത്തി . ബോധം വന്നപ്പോഴേക്കും എണീറ്റോടാനൊക്കെ തുടങ്ങി . കണ്ണേട്ടന്റെ പേരും പറഞ്ഞു നുള്ളിപ്പെറുക്കി കരച്ചില് തന്നെ കരച്ചില് . പുള്ളിക്കാരി എന്തോ ചെയ്ത പോലെ ആയിരുന്നു മട്ടും ഭാവവും ഒക്കെ . ഞങ്ങളൊക്കെ കുറെ കഷ്ടപ്പെട്ടിട്ട അതിനെ ആശ്വസിപ്പിച്ചത് . ”
അഞ്ജു പയ്യെ പറഞ്ഞു നിർത്തി.
“മ്മ്….”
ഞാൻ വീൺടും ഒന്ന് മൂളി .
“അത് പാവാടോ കണ്ണേട്ടാ . നിനക്കെന്തെലും പറ്റിയാലോന്നുള്ള പേടി ആണ് അതിനു . പിന്നെ കുറച്ചൊക്കെ എനിക്കും അറിയാം . ചേച്ചിടെ ആദ്യത്തെ ആഫയറിലുള്ള പുള്ളി ഇങ്ങനെ ഒരു ബൈക്ക് അക്സിടെന്റില് അല്ലെ ..”
അഞ്ജു ഒന്ന് പറഞ്ഞു നിർത്തി എന്നെ നോക്കി .
“നിന്നോടിതൊക്കെ അവള് പറഞ്ഞിട്ടുണ്ടോ ?”
ഞാൻ തെല്ലൊരു അത്ഭുതത്തോടെ അവളെ നോക്കി .
“മ്മ്….കുറച്ചൊക്കെ . ഞാൻ എന്റെ ഒരൂഹം പറഞ്ഞതാട്ടോ . ചിലപ്പോ അതുപോലെ ഇനീം എന്തേലും സംഭവിച്ചു കണ്ണേട്ടനെ കൂടി നഷ്ട്ടപെട്ടാൽ അതിനു ശരിക്കും വട്ടാവും . അതൊക്കെ ഓർത്തിട്ടാണെന്നു തോന്നണൂ ചേച്ചി ഒരുമാതിരി പൊട്ടിയെ പോലെ ഓരോന്ന് കാണിച്ചു കൂട്ടിയത് ”
അഞ്ജു മുതിർന്ന ഒരാളെ പോലെ സംസാരിച്ചു എന്റെ കൈപിടിച്ചു.
ഞാൻ ആ പിടുത്തം മുഖം ഉയർത്തിയാണ് നോക്കി .
“അത് പാവാണ് കണ്ണേട്ടാ . നിങ്ങള് തമ്മില് എന്താ ഇഷ്യൂന്നൊന്നും എനിക്ക് അറിയില്ല , ന്നാലും ചേച്ചിനോട് ക്ഷമിക്കെടോ. ”
മഞ്ജുസിനു വേണ്ടി വാദിക്കുന്ന അഞ്ജുവിനെ ഞാൻ ചെറിയ ചിരിയോടെ നോക്കി ഇരുന്നു .
————*********————-********———*******———-
പിന്നെ ഉച്ചക്കാണ് മായേച്ചിയും വിവേകേട്ടനും വീണ്ടും തമ്മിലൊന്നു കാണുന്നത് . ഉച്ചവരെ ഞങ്ങൾ ഉമ്മറത്തിരുന്നു ഓരോന്ന് സംസാരിച്ചിരുന്നു . വിവേകേട്ടനു മായേച്ചിയിൽ ഒരു താല്പര്യം ഉണ്ടെന്നത് ഞങ്ങൾക്കും കൗതുകമായി . അതുകൊണ്ട് ഞങ്ങളുടെ സംസാരം കൂടുതലും അവളെ കുറിച്ചായി .
അങ്ങനെ ഇരിക്കെയാണ് ഉച്ചക്ക് അവള് വന്നു ഞങ്ങളെ ഊണ് കഴിക്കാൻ ക്ഷണിക്കുന്നത് . അവളുടെ സ്വഭാവം വെച്ച് മാന്യമായി വിളിക്കും എന്നൊന്നും പ്രതീക്ഷിക്കണ്ട .
“ഡാ …വാടാ ..മാമു ഉണ്ണണ്ടെ ?”
വാതില്ക്കല് വന്നു കൈകൊണ്ട് ചോറ് വാരിത്തിന്നുന്ന ആക്ഷൻ കാണിച്ചു മായേച്ചി ഞങ്ങളെ നോക്കി . പക്ഷെ വിവേകേട്ടനെ മാത്രം കക്ഷി മൈൻഡ് ചെയ്യാൻ പോയില്ല .
“ആഹ്..വിളമ്പിക്കോ ..ഞങ്ങള് വരാം ”
ശ്യാം ആണ് അതിനു മറുപടി പറഞ്ഞത്. പിന്നെ എന്നെ താങ്ങിപിടിച്ചു വിവേകും അവനും കൂടി ഡൈനിങ് ടേബിളിൽ കൊണ്ടിരുത്തി . ഞാൻ റിക്വസ്റ്റ് ചെയ്തപോലെ മായേച്ചി ചിക്കൻ വരട്ടിയതും ഉണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു . ചോറ് വിളമ്പിവെച്ച ശേഷം ഏറ്റവും ഒടുവിലായാണ് മായേച്ചി ആ സാധനം എന്റെ മുൻപിൽ കൊണ്ടുവെച്ചത് .
“ന്നാ മുണുങ്..”