“സോറി ട്ടോ..ഇയാളൊന്നും വിചാരിക്കരുത് . ഞങ്ങള് ക്ളോസ് ആയോണ്ട് ഓരോന്ന് പറയണതാ ”
മായേച്ചി സ്വല്പം ജാള്യതയോടെ ചിരിച്ചു .
“ഓ..അത് സാരല്യ ..ആളിത്തിരി പ്രെഷർ ഉള്ള ടൈപ്പ് ആണല്ലേ ?”
വിവേകേട്ടൻ ചിരിയോടെ ചോദിച്ചു ഒരു ഗ്ലാസ് ചായ എടുത്തു പിടിച്ചു .
“ഏയ് അങ്ങനെ ഒന്നും ഇല്ല…ഇത് ചുമ്മാ…”
മായേച്ചി ആ ചോദ്യത്തിന് മുൻപിൽ ഒന്ന് നാണത്തോടെ പരുങ്ങി. അവളിലങ്ങനെ ഒരു പെരുമാറ്റം അധികം കാണാത്തതുകൊണ്ട് തന്നെ ഞാനും ശ്യാമും മുഖത്തോടു മുഖം നോക്കി .
“അല്ല മായേച്ചി.. പുള്ളിക്കാരൻ ശരിക്കും പെണ്ണ് തിരഞ്ഞു നടക്കുവാ .ഇതുവരെ ഒന്നും സെറ്റായിട്ടില്ല. വേണേൽ നീ ഒരു കൈ നോക്കിക്കോ ”
അവള് പെണ്ണുകാണൽ ചടങ്ങു പോലെ ട്രേയും പിടിച്ചു നിൽക്കുന്നത് കണ്ടു ഞാൻ ചിരിയോടെ പറഞ്ഞു . വിവേകേട്ടനും അതുകേട്ടു ഒന്ന് നാണം വന്നെന്നു തോന്നി . എത്രയൊക്കെ പറഞ്ഞാലും ഒരു അന്യ സ്ത്രീ അല്ലേ!
“കണ്ണാ …”
ഞാൻ പറഞ്ഞു നിർത്തിയതും മായേച്ചി നീട്ടിയൊരു വിളി വിളിച്ചു . പല്ലിറുമ്മിക്കൊണ്ടുള്ള ആ വിളിയിൽ അവളുടെ ദേഷ്യവും നാണക്കേടുമൊക്കെ അടങ്ങിയിട്ടുണ്ട് .
“ചുമ്മാതല്ലേ മായേച്ചി , നീ ചൂടാവല്ലേ ..”
അവളുടെ കടുപ്പിച്ചുള്ള നോട്ടം കണ്ടു ഞാൻ ചിരിയോടെ പറഞ്ഞു .
“പോടാ..അങ്ങനെ നീ എന്നെ വെച്ച് തമാശ ഉണ്ടാക്കണ്ട”
മായേച്ചി തീർത്തു പറഞ്ഞ് ബാക്കിയിരുന്ന ചായ ഗ്ലാസ്സുകൾ എനിക്കും ശ്യാമിനും നേരെ നീട്ടി .
“അല്ല…മായെ ശരിക്കും എന്താ ഇയാള് കല്യാണം കഴിക്കാത്തത് ?”
ഇത്തവണ ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് വിവേക് ഒരു ചോദ്യമെറിഞ്ഞു .
മായേച്ചിയുടെ സ്വഭാവം വെച്ച് അവനും ചീത്ത കേൾക്കുമെന്ന് ഞാൻ മനസിൽ വിചാരിച്ചെങ്കിലും മായേച്ചി വേറൊരു രീതിയിലാണ് പ്രതികരിച്ചത് .
“സീ വിവേക് ..എനിക്കതിനെ കുറിച്ചു സംസാരിക്കാൻ വല്യ താല്പര്യമില്ല. ഒന്നും വിചാരിക്കരുത് ട്ടോ…”
മായേച്ചി ഒന്ന് മയപ്പെടുത്തികൊണ്ട് പയ്യെ പറഞ്ഞു .
“ഓഹ്..ഇറ്റ്സ് ഓക്കേ . ഞാൻ ചുമ്മാ ചോദിച്ചെന്നെ ഉള്ളൂ . ”
വിവേകേട്ടൻ സ്വാല്പം ജാള്യതയോടെ പറഞ്ഞു ചായ ഊതികുടിച്ചു . അപ്പോഴേക്കും ഞങ്ങൾക്ക് കഴിക്കാനുള്ള ബേക്കറി ഐറ്റംസുമായി അമ്മയും ഉമ്മറത്തേക്കെത്തി . ഉമ്മറത്തെ ചെറിയ ടീപ്പോയിൽ അതെല്ലാം നിരത്തിവെച്ചു അമ്മ ചുമരിലേക്ക് ചാരി നിന്നു. മായേച്ചിയും അമ്മയുടെ അടുത്തേക്കായി മാറിനിന്നു .
“എന്തായെടാ വിവേകേ പെണ്ണന്വേഷണം ഒക്കെ ? ഏതെങ്കിലും ശരിയായോ ?”
മാതാശ്രീ ചായ കുടിച്ചിരിക്കുന്ന വിവേകിനോടായി പയ്യെ തിരക്കി .
“ഓഹ് എവിടന്നു . ഇതൊക്കെ ബോര് പരിപാടിയായ അമ്മായി . ശരിക്കു പറഞ്ഞ കണ്ണന്റെ പോലെ വല്ലവരേം പ്രേമിച്ചാൽ മതിയായിരുന്നു ”
വിവേകേട്ടൻ ചിരിയോടെ പറഞ്ഞു .
“ഹാഹ് . ഒകെ ശരിയാവുമെടാ . മൂന്ന് മാസം ലീവ് ഇല്ലേ നിനക്ക് ?”
എന്റെ അമ്മ സംശയത്തോടെ തിരക്കി .
“ആഹ്…അതൊക്കെ ഉണ്ട് . അതിനുള്ളിൽ ഒരെണ്ണം കണ്ടുപിടിക്കണം “