ഞങ്ങളുടെ ഒകെ പെരുമാറ്റം കണ്ടു വിവേകേട്ടൻ അമ്പരപ്പോടെ തിരക്കി .
“ഒന്നും ഇല്ല…നിങ്ങള് സംസാരിച്ചിരിക്ക്..ഞാൻ ആന്റിയെ ഒന്ന് കാണട്ടെ ..”
മായേച്ചി പെട്ടെന്ന് ഒറ്റ ശ്വാസത്തിൽ പറഞ്ഞു സ്വിച്ച് ഇട്ടപോലെ ചാടി എഴുനേറ്റു. പിന്നെബാഗും കയ്യില് പിടിച്ചു അകത്തേക്ക് ഓടി .
“ആന്റി…..”
അവളുടെ നീട്ടിയുള വിളി കേട്ട് ഞാനും ശ്യാമും ഉമ്മറത്തിരുന്നു ചിരിച്ചു .
“എന്താടാ കണ്ണാ ? എന്താ കാര്യം ? എനിക്കൊന്നും മനസിലാവണില്ല ! ”
വിവേകേട്ടൻ അന്തം വിട്ടു ഞങ്ങളെ നോക്കി .
“ഹി ഹി..അതൊക്കെ ഒരു കഥയാണ് മോനെ . കല്യാണം എന്ന് കേട്ടാൽ ആ പോയ സാധനത്തിനു ദേഷ്യം വരും ”
ഞാൻ ചിരിയോടെ പറഞ്ഞു വിവേകേട്ടന്റെ കയ്യിൽ പിടിച്ചു .
“അതെന്താ അങ്ങനെ ? ”
വിവേകേട്ടൻ അറിയാനുള്ള ത്വര കൊണ്ട് വീണ്ടും തിരക്കി .
“അതൊന്നുമില്ല ബ്രോ .പുള്ളിക്കാരിക്ക് പണ്ടൊരു മുടിഞ്ഞ പ്രേമം ഉണ്ടായിരുന്നു . ഒടുക്കം അയാള് കയ്യൊഴിഞ്ഞു . അതിന്റെ വാശിയില് ആണുങ്ങളോടൊക്കെ ദേഷ്യമാ …”
ശ്യാം ഇടക്കുകയറി സ്വല്പം കോമഡി കലർത്തി പറഞ്ഞു .
“ഹഹ..അത് കൊള്ളാല്ലോ . പക്ഷേ ആള് നല്ല സ്മാർട്ട് ആണല്ലോ ”
വിവേകേട്ടൻ ചിരിയോടെ ഞങ്ങളെ നോക്കി .
“ഏഹ്..എന്താണ് ഭായ് അങ്ങോട്ടേക്കൊരു സോഫ്റ്റ് കോർണർ ? വല്ല ദുരുദ്ദേശവും ഉണ്ടോ ?”
വിവേകേട്ടന്റെ ഉത്തരം കേട്ട് ഞാൻ നെറ്റിചുളിച്ചു .
“ഏയ് പോടാ…ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല . ആളെ കാണാൻ കൊള്ളാം . പിന്നെ ഇപ്പൊ സംസാരിച്ചിടത്തോളവും ഓക്കേ ആണല്ലോ ”
വിവേകേട്ടൻ സ്വാഭാവികമായി തന്നെ പറഞ്ഞു .
“മ്മ്…ങ്ങനെ ആണേൽ ഇയാളൊന്ന് പ്രൊപ്പോസ് ചെയ്തു നോക്ക്..എന്തായാലും പെണ്ണ് തിരഞ്ഞു നടക്കുവല്ലേ . ഇനി അവൾക്കും വല്ല താല്പര്യം തോന്നിയാലോ ”
ഞാൻ കളിയായി പറഞ്ഞു ശ്യാമിന് നോക്കി .
“ആഹ്..അതെന്നെ . ആ സാധനം ഒന്ന് കല്യാണം കഴിച്ചാൽ ആ പാവം ഹേമാന്റിക്ക് ഒരാശ്വാസം ആകും . വയസ് ചിലപ്പോ ഒരു പൊടി കൂടും…”
ശ്യാം ചിരിയോടെ പറഞ്ഞു .
“പോടാ പട്ടികളെ ..ഞാൻ ഒരു തമാശ പറഞ്ഞെന്നുവെച്ച രണ്ടുംകൂടി ഇനി എന്റെ മെക്കിട്ടു കേറിക്കോ ..”
വിവേകേട്ടൻ ചിരിയോടെ പറഞ്ഞു കസേരയിലേക്ക് ചാരികിടന്നു .
അപ്പോഴേക്കും മായേച്ചി ഞങ്ങൾക്കുള്ള ചായയുമായി ഉമ്മറത്തേക്കെത്തി .
“അല്ല..ഇതെന്താ നീ ചയൊക്കെ ആയിട്ട് ? ഇവിടെ ആരേലും നിന്നെ പെണ്ണുകാണാൻ വന്നിട്ടുണ്ടോ ?”
ട്രേയിൽ ചായ ഗ്ലാസ് ഒകെ നിരത്തിവെച്ചു ഉമ്മറത്തേക്ക് വന്ന മായേച്ചിയെ നോക്കി ഞാൻ അർഥം വെച്ച് തന്നെ ചോദിച്ചു .
“അതെന്താ ഞാൻ തന്നാൽ നീ കുടിക്കില്ലേ ? കിന്നാരം പറയാതെ എടുത്തു കുടിക്കെടാ ചെക്കാ ..നിന്റെ അമ്മ തന്നെയാ എന്നോട് ഇത് കൊണ്ട് തരാൻ പറഞ്ഞത് ..”
മായേച്ചി ഞാൻ പറഞ്ഞത് കേട്ട് സ്വല്പം ചൂടായി . പക്ഷെ അത്ര പരിചയമില്ലാത്ത വിവേകേട്ടൻ അവിടെയിരിക്കുന്ന കാര്യം ഓര്മ വന്നതോടെ അവളൊന്നു കണ്ണിറുക്കി എരിവ് വലിച്ചു .
ഞാനും ശ്യാമും അത് നോക്കി ചിരിയടക്കി. അതുകണ്ടു കൊണ്ട് തന്നെ മായേച്ചി ട്രേയും പിടിച്ചു വിവേകിന് നേരെ തിരിഞ്ഞു .