ശ്യാം എന്റെ ഇടതു കയ്യിൽ തോണ്ടിക്കൊണ്ട് പതിയെ ചോദിച്ചു .
“അത് കൃഷ്ണൻ മാമയുടെ മൂത്ത മോനാ . വിവേകേട്ടൻ ”
ഞാൻ ആളെ മനസ്സിലായതും ചിരിയോടെ പറഞ്ഞു . പിന്നെ ഉമ്മറത്തിരുന്നുകൊണ്ട് തന്നെ ഇടം കൈ ഉയർത്തി അവനെ അഭിവാദ്യം ചെയ്തു .
ഹെൽമെറ്റ് ഇടാതെയുള്ള വരവ് ആയതുകൊണ്ട് അതുകണ്ടതും വിവേക് ഒന്ന് പുഞ്ചിരിച്ചു . പിന്നെ ബൈക്ക് വീട്ടുമുറ്റത്തുവെച്ചു ഉമ്മറത്തേക്ക് കയറി . ശ്യാം വിവേകേട്ടനെ കണ്ടതും എന്റെ അടുത്തിരുന്ന കസേരയിൽ നിന്നെഴുന്നേറ്റ് അത് പുള്ളിക്ക് വിട്ടു നൽകി .
“ഇരിക്ക് ഭായ് ..”
ശ്യാം പുള്ളിയോടായി പയ്യെ പറഞ്ഞു .
“ആഹ്…ഫ്രണ്ട് ആണല്ലേ ?”
വിവേകേട്ടൻ ശ്യാമിന് നേരെ കൈനീട്ടി ചിരിയോടെ അന്വേഷിച്ചു .
“ആഹ്…ശ്യാം ..”
അവൻ തലയാട്ടി പറഞ്ഞുകൊണ്ട് വിവേകേട്ടന്റെ കൈപിടിച്ച് കുലുക്കി .
“അമ്മാ …..ഇങ്ങട്ട് വന്നേ …വിവേകേട്ടൻ വന്നിട്ടുണ്ട് ..”
ശ്യാമും വിവേകും സംസാരിച്ചു നിൽക്കെ ഞാൻ അകത്തേക്ക് നോക്കി ഉറക്കെ പറഞ്ഞു .
“ഡാ ഡാ ..നീ കിടന്നു കാറണ്ട . അമ്മായി ഇങ്ങു വന്നോളും ”
എന്റെ ധൃതികാണ്ട് വിവേകേട്ടൻ ശകാരിച്ചു . പിന്നെ എന്റെടുത്തു കിടന്ന കസേരയിലേക്കിരുന്നു . ശ്യാം ഞങ്ങൾക്ക് നേരെ മുൻപിലുള്ള തിണ്ണയിലും കയറി ഇരുന്നു .
“ഇപ്പൊ എങ്ങനെ ഉണ്ടെടാ ? ”
വിവേകേട്ടൻ എന്നെ അടിമുടിനോക്കി പയ്യെ തിരക്കി .
“കുഴപ്പമില്ല ..വേദന ഒകെ കുറെ മാറി . പക്ഷേ ഈ ചടഞ്ഞുകൂടിയുള്ള ഇരുത്തം ആണ് സഹിക്കാത്തതു . പിന്നെ ഇവൻ ഉള്ളോണ്ട് കുഴപ്പമില്ല ”
മുന്പിലിരുന്ന ശ്യാമിന് ചൂണ്ടി ഞാൻ പയ്യെ പറഞ്ഞു .
“മ്മ്..”
വിവേകേട്ടൻ ഒന്നമർത്തി മൂളി .
“പിന്നെ എന്തൊക്കെ ആയി ഇങ്ങടെ കാര്യം ? വല്ല പെണ്ണുങ്ങളെയും ഒത്തുകിട്ടിയോ ?”
ഞാൻ കക്ഷിയുടെ പെണ്ണുതിരച്ചിൽ ഓർത്തു ചിരിയോടെ തിരക്കി .
“ഏയ് ..എവിടന്നു . കുറച്ചു സ്ഥലത്തൊക്കെ പോയി നോക്കി . ചിലതു പെണ്ണിനെ പറ്റിയാൽ ജാതകം ചേരില്ല . ജാതകം ചേർന്നാൽ വീട്ടുകാർക്ക് പറ്റില്ല . അങ്ങനെ നൂറു പ്രേശ്നങ്ങളാ .”
വിവേകേട്ടൻ പറഞ്ഞു നിർത്തി ഒന്ന് ചിരിച്ചു .
“ആഹ്…നീയെന്തായാലും ആ കാര്യത്തില് ലക്കിയാ മോനെ . ചുളുവിൽ ഒരു പെണ്ണുകെട്ടിയില്ലേ ? അതും എല്ലാംകൊണ്ടും ഓക്കേ ആയ ഒരെണ്ണം .കാശിനു കാശ് ..പഠിപ്പിന് പഠിപ്പ് ..പിന്നെ കാണാൻ ആണേൽ പറയുവേം വേണ്ട ..”
വിവേകേട്ടൻ മഞ്ജുസിന്റെ കാര്യം ഓർത്തു ചിരിയോടെ പറഞ്ഞു .
“മ്മ് ..ഉവ്വ ഉവ്വ …അതിലൊന്നും കാര്യമില്ല മോനെ ”
ഞാൻ ചിരിയോടെ തട്ടിവിട്ടു .
അപ്പോഴേക്കും എന്റെ അമ്മച്ചി ഉമ്മറത്തേക്കെത്തി . അമ്മയെ കണ്ടതും വിവേകേട്ടൻ ഇരിക്കുന്നിടത്തു നിന്ന് ഒന്നെഴുനേറ്റു .