അയാൾ അവനെ പിടിച്ചു മറിച്ചു കിടത്തി.
‘ ഹ്രാാാ…’ ഒരാർത്തനാദം അയാളുടെ തൊണ്ടയിൽ നിന്ന് പുറത്തേക്കു വന്നു.ബീഭത്സമായ നിലയിലായിരുന്നു കിണ്ണപ്പന്റെ ശരീരം.മുഖത്തും ശരീരത്തിലും ചുവന്ന പാടുകൾ. മാംസം പൊങ്ങി നിൽക്കുന്നു.അവയിൽ നിന്ന് ചോര പൊടിക്കുന്നുണ്ടായിരുന്നു.അവന്‌റെ മൂക്കിൽ നിന്നും കടവായിൽ നിന്നും കറുത്ത രക്തം വെളിയിലേക്ക് ഒഴുകിയിറങ്ങി കട്ടപിടിച്ചിരിക്കുന്നു.ശരീരം തണുത്ത് മരവിച്ച പോലെ.പ്രഭു അവന്‌റെ മൂക്കിൽ വിരൽ വച്ചു നോക്കി.അവന്…
അവന് ജീവനില്ലായിരുന്നൂ.
വിഭ്രാന്തി പൂണ്ട പ്രഭു തന്റെ കിടപ്പുമുറിയിലേക്ക് ഓടി.ഷർട്ടും പാന്റ്സും വലിച്ചിടാൻ തുടങ്ങി.
അപ്പോഴാണ്..
മുറിയിലെ അലമാരിക്കണ്ണാടിയിൽ അയാൾ തന്‌റെ പ്രതിഫലനം കണ്ടത്.
‘ അയ്യോ’ അയാൾ ഉറക്കെ നിലവിളിച്ചു.
അയാളുടെ മുഖത്തും മാംസം തടിച്ചു പൊന്താൻ തുടങ്ങിയിരുന്നു, കൈകളിലും, വയറ്റിലും, നെഞ്ചത്തും.അവയുടെ തുമ്പുകളിൽ രക്തം കട്ട പിടിച്ച പോലെയുള്ള ചുവന്ന പൊട്ടുകൾ.
‘ എന്നെ രക്ഷിക്കണേ..’ നിലവിളിച്ചുകൊണ്ടു പ്രഭു വീട്ടിൽ നിന്ന് ഇറങ്ങി വെളിയിലേക്ക് ഓടി.
തന്റെ നെഞ്ചിൽ ഏതോ ദ്രാവകം ഊറിക്കൂടുന്നതായി അയാൾക്ക് തോന്നി.ഇടനെഞ്ച് വീർത്തു പൊട്ടാൻ പോകുന്നതു പോലെ.ശ്വാസം കിട്ടുന്നില്ല, അയാളുടെ കാലുകൾ തളർന്നു.വഴിയിലേക്ക് അയാൾ വേച്ച് വീണു.
ശ്വാസം കിട്ടാതെ അയാൾ വഴിയരികിൽ കിടന്നു കൈകാലിട്ടടിച്ചു.കൂർത്തകല്ലുകൾ അയാളുടെ കൈകളിലും കാലുകളിലും കൊണ്ടുകയറി.
പ്രഭുവിന്റെ നെഞ്ച് ബലൂൺ പോലെ വീർത്തു.അയാളുടെ ഞരമ്പുകൾ വലിഞ്ഞുമുറുകി. ഒരിറ്റു ജീവശ്വാസത്തിനായി അയാൾ പിടഞ്ഞു.ശരീരത്തെ മംസത്തുട്ടുകളിൽ നിന്ന് ചോര പൊടിഞ്ഞു.അയാളുടെ മൂക്കിൽ നിന്നും വായിൽ നിന്നും കറുത്ത രക്തം പുഴ പോലെ പുറത്തേക്കൊഴുകി.
അവസാന നിമിഷത്തിനു മുൻപുള്ള ഇടവേളയിൽ അയാളുടെ സ്മൃതിമണ്ഡപത്തിൽ ദീപികയുടെ മുഖം തെളിഞ്ഞു.
‘ നമ്മളിനി കാണില്ല പ്രഭുച്ചേട്ടാ…’ അത് പറഞ്ഞുള്ള മന്ദസ്മിതം ഒരു പൊട്ടിച്ചിരിയായി രൂപാന്തരപ്പെട്ടു. പേടിപ്പിക്കുന്ന ഒരു പൊട്ടിച്ചിരി.
പതിയെ അയാളുടെ കൈകാലുകൾ നിശ്ചലമായി.
ചെറിയ മഴ പെയ്യുന്നുണ്ടായിരുന്നു.പ്രഭുവിന്റെ ജീവനറ്റ ശരീരം വഴിയരികിൽ കിടന്നു.ഭീമാകാരനായ ഒരു കടവാവൽ സമീപമുള്ള മരത്തിന്റെ കൊമ്പിലേക്ക് പറന്നു വന്നു തൂങ്ങിക്കിടന്നു.
അന്ന് രാത്രിയും പിറ്റേന്ന് രാവിലെയും കഞ്ചാവിന്റെ ലഹരിയിൽ പറന്നു നടക്കുകയായിരുന്നു സുപ്രിയയും ദീപികയും.