“നോക്കട്ടെ സാർ.” അയാൾ പോക്കറ്റിൽ നിന്നും ഫോണെടുത്ത് കൊണ്ട് പറഞ്ഞു.
അയാൾ ഫോണിന്റെ നോക്കിയപ്പോൾ സ്വാമിനാഥന്റെ നമ്പറാണ് ഡിസ്പ്ലേയിൽ തെളിഞ്ഞത്. അയാൾ ശേഖരന്റെ മുഖത്തേക്ക് നോക്കി.
“സ്വാമിനാഥൻ സാറാണ് വിളിക്കുന്നത്. എടുക്കട്ടെ സാർ.” അയാൾ ചോദിച്ചു.
“കണ്ട അലവലാതികളോട് സംസാരിച്ചിരിക്കാൻ തൽകാലം സമയമില്ല. താൻ വേഗം വണ്ടിയെടുക്ക്. എത്രയും പെട്ടന്ന് എസ് പി ഓഫീസിലെത്താനുള്ളതാ.” അയാൾ കർക്കശമായ സ്വരത്തിൽ പറഞ്ഞു.
“അത്.. സാർ…” രാമൻ എന്തോ പറയാനാഞ്ഞു.
“കൂടുതൽ വിശദീകരണമൊന്നും വേണ്ട വണ്ടിയെടുക്ക്.” അയാൾ ആഞ്ജാപിച്ചു.
അത് കേട്ട രാമൻ ഫോൺ സൈലന്റാക്കിയ ശേഷം അത് പോക്കറ്റിലിട്ട് മുറുമുറുപ്പോടെ ജീപ്പ് വീണ്ടും സ്റ്റാർട്ട് ചെയ്തു.
എസ് പിയുടെ ഓഫീസിൽ എത്തുന്നത് വരെ രാമൻ ആ ഫോൺ അറ്റന്റ് ചെയ്തില്ല. അയാൾക്കും സി ഐ ശേഖരനെ പേടിയായിരുന്നു.
എസ് പി ചന്ദ്ര ദാസിന്റെ ഓഫീസിനു മുന്നിലായി രാമൻ വണ്ടി സൈഡാക്കി. ജീപ്പ് നിർത്തിയ ഉടൻ തന്നെ സി ഐ ശേഖരൻ വണ്ടിയിൽ നിന്ന് ചാടിയിറങ്ങി എസ് പിയുടെ മുറി ലക്ഷ്യമാക്കി നടന്നു. രാമൻ ഇനി സ്വാമിനാഥനെ ആയിരിക്കും വിളിക്കുക എന്ന് അയാൾക്ക് ഉറപ്പുണ്ടായിരുന്നു.
തന്റെ മുകളിൽ റാങ്കുള്ള ഒരു ഉദ്യോഗസ്ഥൻ വരുന്നത് കണ്ട, എൻക്വയറിയിൽ ഉണ്ടായിരുന്ന കോൺസ്റ്റബിൾ സി ഐ ശേഖരൻ മുന്നിൽ അറ്റൻഷനായി സല്യൂട്ട് ചെയ്തു.
“എസ്പി സാറിനോട് സി ഐ ശേഖരൻ വന്നിട്ടുണ്ടെന്ന് പറയൂ.” അവിടെ ഉണ്ടായിരുന്ന മറ്റൊരു കോൺസ്റ്റബിളിനോടായി അയാൾ പറഞ്ഞു.
“ശരി സർ. സർ രണ്ടുമിനിറ്റ് ഇരുന്നോളൂ.” അയാൾ വിസിറ്റേഴ്സിന് ഇരിക്കാനുള്ള കസേരയുടെ നേരെ ചൂണ്ടിക്കൊണ്ട് പറഞ്ഞു.
സി ഐ ശേഖരൻ അയാൾ ചൂണ്ടി കാണിച്ച കസേരകളിലൊന്നിൽ ഇരിപ്പുറപ്പിച്ചു. കോൺസ്റ്റബിൾ എസ്പിയുടെ ഓഫീസിലേക്ക് കയറി പോയി.
“സാറിനോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു.” രണ്ടുമിനിറ്റുകൾക്ക് ശേഷം തിരികെ വന്ന അയാൾ സിഐ ശേഖരനോടായി പറഞ്ഞു.
അയാൾ ഒന്ന് തലകുലുക്കിയ ശേഷം എസ്പിയുടെ ഓഫീസിലേക്ക് കയറി. തന്റെ കയ്യിലുണ്ടായിരുന്ന ഫയൽ കക്ഷത്തിലൊതുക്കി എസ് പി ചന്ദ്രദാസിനു മുന്നിൽ അറ്റൻഷനായി അയാൾ സല്യൂട്ട് ചെയ്തു.
“ഇരിക്ക് ശേഖരാ.” അയാളെ പ്രതീക്ഷിച്ചെന്നോണമിരുന്ന ചന്ദ്രദാസ് പറഞ്ഞു.
കക്ഷത്തിലൊതുക്കിയ ഫയൽ എസ് പിയുടെ മേശപ്പുറത്ത് വെച്ച ശേഷം അയാൾക്കെതിരെയുള്ള കസാരയിൽ സി ഐ ശേഖരൻ ഇരുന്നു.
“ഇതാണോ നിങ്ങൾ സൂര്യനോട് പറഞ്ഞ, എസ് ഐ സ്വാമിനാഥൻ തയ്യാറാക്കിയ, നന്ദൻ മേനോന്റെ കേസ് അന്വേഷണ റിപ്പോർട്ട്.” സി ഐ ശേഖരൻ മേശപ്പുറത്ത് വെച്ച ഫയലിന് നേർക്ക് ചൂണ്ടിക്കൊണ്ട് ചന്ദ്രദാസ് ചോദിച്ചു. അയാൾ നേരെ കാര്യത്തിലേക്ക് കടന്നു.
“അതേ സാർ.” അയാൾ മറുപടി നൽകി.