ഹലോ.” അൽപ സമയത്തിനകം തന്നെ സി ഐ ശേഖറിന്റെ ശബ്ദം അയാളുടെ കാതുകളിലേക്കെത്തി.
“ശേഖർ ഞാൻ എസ് പി ചന്ദ്രദാസാണ്.”
“എന്താ സാർ പ്രത്യേഗിച്ച്.”
“കുറച്ചുമുമ്പ് സൂര്യൻ എന്നെ വിളിച്ചിരുന്നു.”
“ഞാൻ അവനെയും വിളിച്ചിരുന്നു സർ.”
“ഉവ്വ്. അവൻ പറഞ്ഞിരുന്നു. താൻ അവനെ വിളിച്ച് പറഞ്ഞ കാര്യങ്ങൾ സത്യമാണോ.?”
“അതേ സാർ.”
“എങ്കിൽ ഒരു കാര്യം ചെയ്യൂ. എത്രയും പെട്ടന്ന് തന്നെ എസ് ഐ സ്വാമിനാഥൻ തയ്യാറാക്കിയ ആ അന്വേഷണ റിപ്പോർട്ട് എനിക്ക് കിട്ടണം. ഉടൻ പുറപ്പെട്ടോളൂ.”
“ശരി സാർ. ഇപ്പോൾ തന്നെ പുറപ്പെടാം.” ശേഖരൻ ആ കോൾ കട്ട് ചെയ്തു.
അയാൾ മേശപ്പുറത്തിരുന്ന ഫയലുമെടുത്ത് പുറത്തിറങ്ങി. ഒരു പോലീസ് ഡ്രൈവറെ തിരഞ്ഞപ്പോഴാണ് കോൺസ്റ്റബിൾ രാമൻ പോലീസ് ജീപ്പിന് സമീപത്തായി നിൽക്കുന്നത് കണ്ടത്.
“എടോ വണ്ടിയെടുക്ക്.” ശേഖരൻ അയാളോട് അജ്ഞാത സ്വരത്തിൽ പറഞ്ഞു.
“എങ്ങോട്ടാണ് സാർ.” അയാൾ വിനയത്തോടെ ചോദിച്ചു.
“സ്ഥലം പറഞ്ഞാലേ താൻ വണ്ടിയെടുക്കൂ…?” കോപത്തോടെ ശേഖരൻ ചോദിച്ചു.
“അല്ല സാർ.” അയാൾ ജീപ്പിലേക്ക് കയറി അത് സ്റ്റാർട്ട് ചെയ്തു. അയാളുടെ മനസ്സിൽ സി ഐ ശേഖരനോട് ഈർഷ്യ തോന്നി.
കോൺസ്റ്റബിൾ രാമൻ ജീപ്പ് സ്റ്റാർട്ട് ചെയ്തപ്പോൾ ശേഖരൻ വന്ന് കോ-ഡ്രൈവിങ്ങ് സീറ്റിൽ കയറി.
“എങ്ങോട്ടാണ് സാർ.” തന്റെ മനസ്സിലെ ഈർഷ്യ ഉള്ളിലൊതുക്കിക്കൊണ്ട് രാമൻ വീണ്ടും ശേഖരനോട് ചോദിച്ചു.
“നേരെ വിട്.”
“എങ്ങോട്ടാണെന്ന് പറഞ്ഞാൽ മര്യാദക്ക് വണ്ടിയോടിക്കാമായിരുന്നു.” ജീപ്പ് മുന്നോട്ടെടുത്ത് കൊണ്ട് രാമൻ പറഞ്ഞു.
“എസ് പി ഓഫീസിലേക്ക്.” സി ഐ ശേഖരൻ പറഞ്ഞു.
രാമൻ ഗിയർ ചെയ്ഞ്ച് ചെയ്ത് ആക്സിലേറ്ററിൽ കാലമർത്തി. ജീപ്പ് ഒരു മുരൾച്ചയോടെ മുമ്പോട്ട് കുതിച്ചു.
യാത്രയുടെ പകുതി ദൂരം പിന്നിട്ടപ്പോഴാണ് കോൺസ്റ്റബിൾ രാമന്റെ ഫോൺ ബെല്ലടിച്ചത്. അയാൾ സി ഐ ശേഖരനെ ഒന്ന് നോക്കിയ ശേഷം വണ്ടി റോഡ് സൈഡിലായി ഒതുക്കി.
“ആരാടോ.?” ഫോൺ ബെല്ലടിക്കുന്നത് കേട്ട് ജീപ്പ് സൈഡാക്കി നിർത്തിയ രാമനോട് ശേഖരൻ ചോദിച്ചു.