“ഹലോ സാർ. ഞാൻ സൂര്യനാണ്.” സൂര്യൻ സ്വയം ഒന്ന് പരിചയപ്പെടുത്തി.
“പറയൂ സൂര്യൻ എന്താ വിശേഷിച്ച്.?” ആളെ തിരിച്ചറിഞ്ഞ എസ് പി ചന്ദ്രദാസ് സൗമ്യ ഭാവത്തിൽ ചോദിച്ചു.
“സർ. ഞാനിപ്പോൾ ചെറിയൊരു പ്രശ്നത്തിലാണ്. ഇപ്പോൾ എന്നെ സഹായിക്കാൻ സാറിനു മാത്രമേ കഴിയൂ.”
“ഞാനെന്താ ചെയ്യേണ്ടത്.? പറയൂ സൂര്യൻ.”
“സർ. എന്റെ ഒരു പേഴ്സണൽ ഈ ഇഷ്യുവുമായി ബന്ധപ്പെട്ട്. നന്ദൻ മേനോൻ എന്ന ഒരാളെ എനിക്ക് തീർക്കേണ്ടി വന്നു. സാറിന്റെ ഡിപ്പാർട്ട്മെന്റിലേ സ്വാമിനാഥൻ എന്ന എസ് ഐ ആണ് ആ കേസ് അന്വേഷിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പോലും ആത്മഹത്യയാണെന്ന് പറഞ്ഞ ആ കേസ് ഒരു കൊലപാതകമാണെന്ന് അദ്ദേഹം മനസ്സിലാക്കിയിരിക്കുന്നു. ഇനി ആ കേസ് അദ്ദേഹം അന്വേഷിച്ചാൽ അതിന് പിന്നിലുള്ള എന്നെ അയാൾ നിയമത്തിന് മുന്നിൽ കൊണ്ടുവരും. അതുകൊണ്ട് സാർ അദ്ദേഹത്തെ ആ കേസിലെ അന്വേഷണ ചുമതലയിൽ നിന്ന് നിന്ന് മാറ്റണം.” സൂര്യൻ ഒറ്റശ്വാസത്തിൽ തന്നെ ആവശ്യമുന്നയിച്ചു.
“ഇത്തിരി റിസ്കി മേറ്റർ ആണല്ലേ സൂര്യാ.”
“അതെ സർ.”
“ശരി. വൈകുന്നേരം കാണേണ്ട പോലെ ഒന്ന് കാണണം. അറിയാമല്ലോ.”
“അറിയാം സാർ. പിന്നെ ഈ പറഞ്ഞതത്രയും സി ഐ ശേഖരൻ എന്റെ കയ്യിൽ നിന്ന് പണം വാങ്ങാനായി കെട്ടിച്ചമച്ചതാണെന്നും എനിക്ക് സംശയമുണ്ട്. അതുകൊണ്ട് സർ അതുകൂടി ഒന്ന് അന്വേഷിക്കണം.”
“സി ഐ ശേഖരൻ എന്ത് കെട്ടിച്ചമചെന്നാണ് നീ പറയുന്നത്.”
“എസ് സ്വാമിനാഥന്റെ അന്വേഷണ റിപ്പോർട്ടിനെ കുറിച്ചാണ് ഞാൻ പറഞ്ഞത്.”
“ശരി. ഞാൻ ഉടൻ തന്നെ സി ഐ ശേഖരനെ വിളിക്കുന്നുണ്ട്. നീ ഫോൺ വെച്ചോ. വൈകിട്ട് നേരിൽ കാണാം.”
“താങ്ക്യൂ സർ.” സൂര്യൻ സന്തോഷത്തോടെ അയാൾക്ക് നന്ദി പറഞ്ഞു.
സൂര്യൻ ഫോൺ കട്ട് ചെയ്ത് കഴിഞ്ഞപ്പോൾ ചന്ദ്ര ദാസ് ആലോചനയിൽ മുഴുകി. ചെയ്യുന്നത് തെറ്റാണ്. പുറം ലോകമറിഞ്ഞാൽ ചിലപ്പോൾ തൊപ്പി തന്നെ തെറിച്ചേക്കും. എങ്കിലും തനിക്കത് ചെയ്ത് കൊടുക്കാതിരിക്കാൻ കഴിയില്ല. അത്രക്ക് കടപ്പാടുണ്ട് അവന്റെ അച്ഛനോട്.
അയാൾ ലാന്റ് ഫോണിൽ നിന്നും സി ഐ ശേഖരന്റെ സ്റ്റേഷനിലെ നമ്പർ ഡയൽ ചെയ്തു.