“ഹലോ സൂര്യൻ. ഞാൻ സിഐ ശേഖരൻ ആണ്.”അയാൾ സ്വയം പരിചയപ്പെടുത്തി.
“എന്താണ് സർ.? കാര്യം പറയൂ.” ഉദ്യോഗത്തോടെ സൂര്യൻ ചോദിച്ചു.
“എന്റെ കീഴിലുള്ള, എസ് ഐ സ്വാമിനാഥൻ ആണ് നന്ദൻ മേനോന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നത്.”
“അതിന്.?” അയാൾ പറഞ്ഞു തുടങ്ങിയത് പൂർത്തിയാക്കാൻ സമ്മതിക്കാതെ സൂര്യൻ ഇടയിൽ കയറി.
“അതൊരു കൊലപാതകം ആണെന്നാണ് അയാളുടെ കണ്ടെത്തൽ. നിങ്ങൾ ഇന്നലെ വിളിച്ച് മരണപ്പെട്ടയാളുടെ ലോഡ്ജിൽ നിന്ന് കിട്ടിയ സാധനങ്ങൾ കുറിച്ച് ചോദിച്ചതു കൊണ്ടാണ് ഈയൊരു കാര്യം എനിക്ക് ഓർമ്മ വന്നത്. ഇതിൽ നിനക്കെന്തെങ്കിലും പങ്കുണ്ടെങ്കിൽ രക്ഷപ്പെടാനുള്ള ഒരു സാധ്യത ഞാനായിട്ട് കളയുന്നത്.?” അതിനു വേണ്ടിയാണ് ഞാൻ വിളിച്ചത്.”
“അയാളുടെ അന്വേഷണ റിപ്പോർട്ട് നിങ്ങൾ ശ്രദ്ധിച്ചോ.?”
“യെസ്. രശ്മി എന്ന പെൺകുട്ടിയെ കാണാതായ കേസ് അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഡിറ്റക്റ്റീവ് ആണ് മരണപ്പെട്ടത് എന്നും ആ മരണത്തിന് പിന്നിൽ ആ കുട്ടിയെ കൊണ്ടു പോയവരാണ് എന്നുമാണ് അയാളുടെ കണ്ടെത്തലുകൾ.”
“അല്പം കുഴപ്പം പിടിച്ച പ്രശ്നമാണല്ലോ സാറേ.?”
“എനിക്കും അങ്ങനെ തോന്നി. അതുകൊണ്ടാണ് ഞാൻ വിളിച്ചത്.”
“ഇപ്പോൾ എന്ത് ചെയ്യാൻ പറ്റും സർ.”
“കേസന്വേഷണത്തിന്റെ ചുമതല അയാളിൽനിന്നും എന്നിലേക്കോ അല്ലെങ്കിൽ എസ് ഐ സത്യനാഥനിലേക്കോ മാറ്റണം. എസ് ഐ സ്വാമിനാഥനും എസ് ഐ ഷാഹുൽഹമീദും പണത്തിന്റെ വരുതിയിൽ നിൽക്കുന്നവരല്ല.”
“ഓക്കേ ഞാൻ വേണ്ടത് ചെയ്യാം.” സൂര്യൻ സി ഐ ശേഖരന്റെ ഫോൺ കോൾ കട്ട് ചെയ്തു.
സ്വാമിനാഥന്റെ അന്വേഷണ റിപ്പോർട്ട് സി ഐ ശേഖരൻ പറഞ്ഞത് പോലെയാണെങ്കിൽ അത് പ്രശ്നമാണെന്ന് അവന് മനസിലായി. ഇനി എസ് ഐ ശേഖരൻ പണത്തിന് വേണ്ടി കളിക്കുകയാണോ.? അവന്റെ മനസ്സിൽ പലവിധ ചിന്തകൾ ഉടലെടുത്തു.
ആരെയാണ് വിളിക്കേണ്ടത് എന്നാലോചിച്ചപ്പോഴാണ് അവന്റെ മനസ്സിൽ എസ് പി ചന്ദ്രദാസിന്റെ മുഖം തെളിഞ്ഞത്.
അവൻ വേഗം എസ് പി ചന്ദ്ര ദാസിന്റെ നമ്പർ ഫോണിലെ കോണ്ടാക്ടിൽ നിന്ന് തിരഞ്ഞെടുത്തു. അവൻ വേഗം ആ നമ്പർ ഡയൽ ചെയ്തു.
“ഹലോ ആരാണ്.” ചന്ദ്ര ദാസിന്റെ ഗൗരവം നിറഞ്ഞ സ്വരം അവന്റെ കാതിലേക്കെത്തി.