എസ് കമിൻ. സി ഐ ശേഖരൻ കസേരയിൽ നേരെ ഇരുന്നുകൊണ്ട് പറഞ്ഞു സ്വാമിനാഥൻ അകത്തുകയറി അറ്റൻഷനായി അയാൾക്ക് ഒരു സല്യൂട്ട് കൊടുത്തു.
ഉം..” സിഐ ശേഖരൻ ചോദ്യഭാവത്തിൽ സ്വാമിനാഥനെയും അയാളെ കയ്യിലിരിക്കുന്ന ഫയലും മാറി മാറി നോക്കി.
“സർ. ഇത് ഇന്നലെ ലോഡ്ജ് മുറിയിൽ വെച്ച് കണ്ടെത്തിയ നന്ദൻ മേനോന്റെ മരണത്തെക്കുറിച്ചുള്ള എന്റെ അന്വേഷണ റിപ്പോർട്ട് ആണിത്.” സ്വാമിനാഥൻ ഫയൽ സിഐ ശേഖരന്റെ മേശപ്പുറത്ത് വെച്ച് കൊണ്ട് പറഞ്ഞു.
“അതിന്.” അയാൾ വീണ്ടും സ്വാമിനാഥനെ നോക്കിക്കൊണ്ട് ചോദിച്ചു.
“സർ അയാളുടെ മരണം ഒരു ആത്മഹത്യ അല്ലെന്നും അതൊരു കൊലപാതകമാണെന്നും ഉള്ളതിന്റെ വ്യക്തമായ തെളിവുകൾ എനിക്ക് ലഭിച്ചിട്ടുണ്ട്. അത് സാറിന് എന്റെ ഈ അന്വേഷണ റിപ്പോർട്ട് വായിച്ചാൽ മനസ്സിലാകും. അതുകൊണ്ടു തന്നെ ഈ കേസിന്റെ ഇനിയുള്ള അന്വേഷണ ചുമതല എനിക്ക് തന്നെ തരണമെന്ന് അഭ്യർത്ഥിക്കുന്നു.” സ്വാമിനാഥൻ തന്റെ ആവശ്യം ഉന്നയിച്ചു.
“ഞാൻ ഇതൊന്ന് പരിശോധിക്കട്ടെ. അതിനു ശേഷം പറയാം തുടരന്വേഷണം വേണോ വേണ്ടയോ എന്ന്.”
“സർ.”
“എന്നാൽ സ്വാമിനാഥൻ പൊയ്ക്കോളൂ. ഞാൻ ഇതൊന്ന് പഠിച്ചതിനു ശേഷം വിളിക്കാം.”
“സർ. പെട്ടെന്നു തന്നെ ഇതിന്മേൽ അന്വേഷണം നടത്തിയെങ്കിലേ നമുക്ക് യഥാർത്ഥ പ്രതികളെ പിടിക്കാൻ കഴിയുകയുള്ളൂ. അല്ലെങ്കിൽ ഒരുപക്ഷേ അവർ രക്ഷപ്പെടാനുള്ള സാധ്യത ഉണ്ട്.”
“അത് ഞാൻ നോക്കിക്കോളാം താൻ എന്റെ അധികാരത്തിൽ കൈ കടത്താൻ നിൽക്കണ്ട.” ഗൗരവ സ്വരത്തിൽ അയാൾ പറഞ്ഞു.
“ശരി സാർ.” അയാൾ വീണ്ടും സിഐ ശേഖരന് സല്യൂട്ട് നൽകിക്കൊണ്ട് ഓഫീസിൽ നിന്നും പുറത്തേക്കിറങ്ങി.
സ്വാമിനാഥൻ പോയെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് സിഐ ശേഖരൻ ആ അന്വേഷണ റിപ്പോർട്ട് മറിച്ചു നോക്കാൻ തുടങ്ങിയത്. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ അയാൾ അത് വായിച്ചു തീർത്തു.
ഈ കേസിനെ കുറിച്ചുള്ള ചില കാര്യങ്ങൾ അറിയാൻ ആയിരുന്നല്ലോ സൂര്യൻ ഇന്നലെ തന്നെ വിളിച്ചിരുന്നത് എന്നയാൾക്ക് അപ്പോഴാണ് ഓർമ വന്നത്. ഏതായാലും അവനെ വിളിച്ചു ഒന്ന് കാര്യം തിരക്കാം. അയാൾ കരുതി.
അയാൾ വേഗം സ്റ്റേഷനിലെ ലാൻഡ് ഫോണിൽ സൂര്യന്റെ നമ്പർ ഡയൽ ചെയ്തു.
“ഹലോ. സൂര്യനല്ലേ.” മറുഭാഗത്ത് ഫോണെടുത്ത ഉടൻ സിഐ ശേഖരൻ ചോദിച്ചു.
“അതെ.” സൂര്യനെ മറുപടിയും വന്നു.