“ഇവനെ എനിക്കറിയാം.” അതിനുശേഷം അയാൾ പറഞ്ഞു.
“ഇവനെ നിങ്ങൾ എവിടെ വെച്ചാണ് കണ്ടത്.” ആകാംക്ഷയോടെ അരുൺ ചോദിച്ചു.
“ഇവനെ ഇവിടെ വച്ച് തന്നെയാണ് കണ്ടത്. സൂര്യന്റെ കൂടെ ഒന്ന് രണ്ട് തവണ വന്നിട്ടുണ്ട്.” ആലോചനയോടെ പ്രേമചന്ദ്രൻ പറഞ്ഞു.
“സൂര്യനോ.?” അരുൺ ഞെട്ടലോടെ ചോദിച്ചു.
“അതെ.” പ്രേമചന്ദ്രൻ വീണ്ടും പറഞ്ഞു.
അപ്പോൾ സൂര്യനും ഇതിൽ ബന്ധമുണ്ടോ. അതോ ഇവൻ മാത്രമോ.? അപ്പോൾ ഗോകുലിന്റെ ഊഹങ്ങൾ എല്ലാം ശരിയായിരുന്നു. അരുണിന്റെ മനസ്സിൽ പലവിധ ചിന്തകൾ അടിഞ്ഞുകൂടി.
“ഇവന്റെ പേര്, അഡ്രസ്സ് അങ്ങനെ എന്തെങ്കിലും അറിയുമോ.” അരുൺ വീണ്ടും ചോദിച്ചു.
“ഇല്ല. വേണമെങ്കിൽ സൂര്യനെ വിളിച്ചു അന്വേഷിക്കാം.” അയാൾ മറുപടി നൽകി.
“വേണ്ട. സൂര്യനെ വിളിക്കണ്ട. ഒരുപക്ഷേ സൂര്യൻ ഇതിനു പുറകിൽ ഉണ്ടെങ്കിൽ അത് നമുക്ക് വലിയ തലവേദനയുണ്ടാക്കും.”
“പിന്നെ എന്ത് ചെയ്യാനാണ് നിങ്ങളുടെ പ്ലാൻ.”
“ഒന്ന് സൂര്യനെ പിന്തുടർന്നു നോക്കാം. നമ്മൾ പ്രതീക്ഷിക്കുന്ന പോലെ ഒരു ബന്ധം സൂര്യനും ഇവനും തമ്മിൽ ഉണ്ടെങ്കിൽ കാര്യങ്ങൾ എളുപ്പമായി.”
“എന്തുതന്നെയായാലും വേണ്ടില്ല. എനിക്ക് എന്റെ മോളെ എത്രയും പെട്ടെന്ന് കിട്ടിയാൽ മതി.”
“രശ്മി ജീവനോടെ ഉണ്ടെന്ന രഹസ്യം നന്ദൻ മേനോൻ മനസ്സിലാക്കിയെന്ന് അതിന് പിന്നിലുള്ളവർ മനസ്സിലാക്കിയതുകൊണ്ടാണ് അദ്ദേഹം ഇന്ന് നമ്മോടൊപ്പം ഇല്ലാത്തത്. അതുപോലെ ആ കൂട്ടത്തിൽ ഒരാളെ ഞാൻ തിരിച്ചറിഞ്ഞു എന്ന കാര്യം അവർ മനസ്സിലാക്കിയാൽ ഒരുപക്ഷേ ഞാനും നാളെ ഉണ്ടാകാനിടയില്ല. സൊ ഇനിയുള്ള നമ്മുടെ നീക്കങ്ങളെല്ലാം വളരെ രഹസ്യമായി തന്നെ വേണം.” അരുൺ കാര്യത്തിന്റെ ഗൗരവം പ്രേമചന്ദ്രൻ മനസ്സിലാക്കാനായി പറഞ്ഞു.
❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️
നന്ദൻ മേനോന്റെ മരണത്തെക്കുറിച്ചുള്ള തന്റെ നിഗമനങ്ങളും, സാക്ഷിമൊഴികളും അന്വേഷണ റിപ്പോർട്ടും എഴുതിത്തയ്യാറാക്കിയ ഫയലുമായി എസ് ഐ സ്വാമിനാഥൻ സി ഐ ശേഖറിന്റെ ഓഫീസിലേക്ക് നടന്നു.
“സർ.” ഓഫീസിൽ തന്നെ ഔദ്യോഗിക കസേരയിൽ അലസമായി ഇരിക്കുന്ന ശേഖറിന്റെ ശ്രദ്ധ കിട്ടാനായി സ്വാമിനാഥൻ മുരടനക്കി.