“എവിടെയോ കണ്ടത് പോലെ ഉണ്ട്. പക്ഷേ അത് അവിടെ വച്ചാണ് എന്ന് മനസ്സിലാകുന്നില്ല.” അരുണ് ചിത്രത്തിലേക്ക് കുറച്ചുനേരം സൂക്ഷിച്ചു നോക്കിയ ശേഷം മറുപടി പറഞ്ഞു. അവൻ അത് മടക്കി പോക്കറ്റിൽ ഇട്ടുകൊണ്ട് കസേരയിൽ നിന്ന് എഴുന്നേറ്റു.
“അല്ല. നീ അയാളോട് സംസാരിച്ചിരുന്ന സമയത്ത് നിന്നെയും അയാളുടെയും സംഭാഷണങ്ങളെ നീ റെക്കോർഡ് ചെയ്തിരുന്നോ.?” അരുൺ ചോദിച്ചു.
“അതിനുള്ള ഉപകരണങ്ങൾ ഒന്നും എന്റെ കയ്യിൽ ഇല്ല സാറേ.?”
“നിനക്ക് മൊബൈൽ ഫോണില്ലേ.? ഒട്ടുമിക്ക മൊബൈൽ ഫോണുകളിലും ഇപ്പോൾ വോയിസ് റെക്കോർഡ് എന്നൊരു ഓപ്ഷൻ ഉണ്ട്.”
“ഫോൺ തന്നെ ഇല്ല സർ.”
“ഓക്കേ. എങ്കിൽ നമുക്ക് അകത്തേക്ക് ഇരിക്കാം.” അരുൺ എഴുന്നേറ്റ് ഡൈനിംഗ് ഹാളിലേക്ക് നടന്നു കൊണ്ട് പറഞ്ഞു.
അരുൺ താൻ മുമ്പ് ഇരുന്ന കസേരയിൽ തന്നെയാണ് ഇത്തവണയും ഇരുന്നത്. അലി മറ്റൊരു കസേര അതിനടുത്തേക്ക് വലിച്ചിട്ട് അരുണിന് അരികിൽ ഇരുന്നു.
“അലി. ഞാനും പ്രേമചന്ദ്രനും സംസാരിക്കുന്നതിനിടയിൽ കയറി നീ ഒന്നും മിണ്ടരുത്.” തന്റെ അരികിൽ അലി ഇരുന്നപ്പോൾ അരുൺ അവന് ഒരു താക്കീത് കൊടുത്തു.
“ഇല്ല സർ.”
“ഒരു പക്ഷേ, എന്റെയും പ്രേമചന്ദ്രന്റെയും സംസാരം കേൾക്കുമ്പോൾ നിനക്ക് പല കാര്യങ്ങളും പറയാനുണ്ടാവും. അതെല്ലാം ഇവിടെ നിന്ന് ഇറങ്ങിയതിന് ശേഷം എന്നോട് സ്വകാര്യമായി പറഞ്ഞാൽ മതി. ഇനി അതല്ല അത്യാവശ്യമാണെങ്കിൽ നീ എനിക്ക് എന്തെങ്കിലും ഒരു സൂചന തന്നാൽ മതി. അപ്പോൾ നമുക്ക് അതിൽ എന്തെങ്കിലും ഒരു വഴി ഉണ്ടാക്കാം.”
“ശരി സാർ.” അലി അതും തലകുലുക്കി സമ്മതിച്ചു കൊടുത്തു.
നിമിഷങ്ങൾ കടന്നു പോയി കൊണ്ടിരുന്നു. പ്രേമചന്ദ്രൻ ഒരു ട്രെയിൻ മൂന്നുകപ്പ് ചായയുമായിയുമായി ഹാളിലേക്ക് കടന്നുവന്നു. അരുണിന് നേരെയാണ് അയാൾ ആദ്യമായി ട്രേ നീട്ടിയത്. അവൻ അതിൽ നിന്നും ഒരു കപ്പ് ചായ എടുത്തു.
പ്രേമചന്ദ്രൻ ട്രേ അലിക്ക് നേരെ നീട്ടിയപ്പോൾ അവനും അതിൽനിന്ന് ഒരു കപ്പ് ചായ എടുത്തു. ബാക്കി വന്ന ഒരു കപ്പ് ചായ കയ്യിലെടുത്ത ശേഷം പ്രേമചന്ദ്രൻ അവർക്കെതിരെ താൻ മുമ്പ് ഇരുന്നിരുന്ന കസേരയിൽ അയാൾ വീണ്ടും ഇരിപ്പുറപ്പിച്ചു.
“സർ ഈ കേസുമായി ബന്ധപ്പെട്ട് ഒരാളുടെ രേഖാചിത്രം തയ്യാറാക്കിയിട്ടുണ്ട്. ഇയാളെ പരിചയം ഉണ്ടോ എന്ന് ഒന്ന് നോക്കൂ.” അരുൺ അലി നൽകിയ ചിത്രം പ്രേമചന്ദ്രനെ കാണിച്ചുകൊണ്ട് ചോദിച്ചു.
“എവിടെ നോക്കട്ടെ.” അയാള് ചിത്രം വാങ്ങി കൊണ്ടു പറഞ്ഞു. ശേഷം അയാളുടെ മിഴികൾ ആ ചിത്രം അരിച്ചുപെറുക്കി.