“ആ… ഓർമ്മ വന്നു. ദാ.. ആ വീട്ടിലെ കുട്ടിയെ കാണാതായ ദിവസം അവൻ ഒരു ബൈക്കിൽ അവിടെ ഇരിക്കുന്നത് കണ്ടിരുന്നു.” സംഭാഷണത്തിന്റെ തുടക്കത്തിൽ പ്രേമചന്ദ്രന്റെ വീടിനുനേരെ ചൂണ്ടിയും. പിന്നീട് രശ്മി കോളേജിലേക്ക് പോകുന്ന വഴിക്ക് നേരെ ചൂണ്ടിയും അയാൾ പറഞ്ഞു.
“അത് കഴിഞ്ഞിട്ട് ഇപ്പോൾ കുറെ ദിവസം ആയില്ലേ.?”
“ആ കുറേ ദിവസം കഴിഞ്ഞു ഏതാണ്ട് രണ്ടാഴ്ച.” അയാൾ ബാക്കി ഇരുപത് രൂപയും അലിയുടെ കയ്യിൽ നിന്ന് വാങ്ങിയ ചിത്രവും അവന് തിരികെ നൽകിക്കൊണ്ട് പറഞ്ഞു.
അലി അത് വാങ്ങിക്കൊണ്ട് പ്രേമചന്ദ്രന്റെ വീട് ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി.
“അതേയ്…. അയാൾ ആ വീട്ടിലും വന്നിട്ടുണ്ട്. കുറേ ദിവസം മുമ്പ് കുറേ കൂട്ടുകാരോടൊപ്പം ആ വീട്ടിൽ നിന്ന് ഇറങ്ങി, അയാൾ പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്.”
“എന്ത്.” അലി കടക്കാരന് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു. കടക്കാരൻ ചൂണ്ടിയത് അവന്റെ പിന്നിൽനിന്ന് ആയതുകൊണ്ട് അവനത് കണ്ടിരുന്നില്ല.
“കുറേ ദിവസം മുമ്പ് രശ്മിയുടെ വീട്ടിൽ നിന്നും ആ പയ്യൻ ഇറങ്ങിപ്പോകുന്നത് ഞാൻ കണ്ടിരുന്നു.” അയാൾ ഒന്നുകൂടി പറഞ്ഞു.
“ഓക്കേ താങ്ക്സ്. ഇനി ആ വീട്ടിൽ പോയി ഒന്ന് ചോദിച്ചു നോക്കട്ടെ. എന്തെങ്കിലും വിവരം കിട്ടാതിരിക്കില്ല.” അലി കടക്കാരന് നന്ദി പറഞ്ഞു കൊണ്ട് പ്രേമചന്ദ്രന്റെ വീട് ലക്ഷ്യമാക്കി നടന്നു. അരുൺ തന്നോട് ദേഷ്യപ്പെട്ട് നിന്റെ സങ്കടം അവനിൽ നിന്നും പാടെ വിട്ടു ഒഴിഞ്ഞിരുന്നു.
❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️
“അപ്പോൾ നിന്നെ ആക്രമിക്കാൻ ശ്രമിച്ച വ്യക്തി ഈ വീട്ടിലും മുമ്പൊരിക്കൽ വന്നിട്ടുണ്ട് എന്നാണോ നീ പറഞ്ഞു വരുന്നത്.” അലി പറഞ്ഞത് മുഴുവനും ശ്രദ്ധിച്ചു കേട്ട അരുൺ ചോദിച്ചു.
“അതുമാത്രമല്ല സർ. ആ വ്യക്തിക്ക് രശ്മിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് എന്തെങ്കിലുമൊരു പങ്കുണ്ടെന്നും ഞാൻ ഉറച്ചു വിശ്വസിക്കുന്നു.” അലി വാചാലനായി.
“എങ്കിൽ നീ വരച്ച ചിത്രം ഇങ്ങ് എടുക്ക്. നമുക്ക് അത് പ്രേമചന്ദ്രനെ ഒന്ന് കാണിച്ചു നോക്കാം. ഒരുപക്ഷേ അയാൾക്കും പരിചയം ഉണ്ടാവാം.”
“ശരി സാർ.” അവൻ പോക്കറ്റിൽ നിന്ന് താൻ വരച്ച ആ ചിത്രവും ഫിൽറ്ററിന്റെ പേക്കറ്റും ബാക്കി കിട്ടിയ ഇരുപത് രൂപയും എടുത്ത് അരുണിന് നൽകിക്കൊണ്ട് പറഞ്ഞു.
അരുൺ അതെല്ലാം വാങ്ങി. ഫിൽറ്ററും പൈസയും പോക്കറ്റിലിട്ട് ശേഷം അയാൾ ആ കടലാസ് നിവർത്തി ആ ചിത്രത്തിലേക്ക് മിഴികൾ നട്ടു.