“എങ്കിൽ ഞാൻ സംഭവം നടക്കുന്ന സ്റ്റേഷനിലേക്ക് പോവട്ടെ. സ്വാമിനാഥന്റെ കയ്യിൽ നിന്ന് അന്വേഷണം സത്യനാഥന്നെ ഏൽപ്പിക്കണം.”
“ശരി സാർ. ഞാൻ സാറിനെ കൂടുതൽ ശല്യം ചെയ്യുന്നില്ല.” സൂര്യൻ ഫോൺ കട്ട് ചെയ്ത് പോക്കറ്റിലിട്ടു.
❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️
അരുണും അലിയും പ്രേമചന്ദ്രന്റെ വീട്ടിൽ നിന്ന് പോയത് അലി സിഗരറ്റ് വാങ്ങാൻ പോയ കടയിലേക്കായിരുന്നു. അവിടെ നിന്ന് അയാൾ പറഞ്ഞ കാര്യങ്ങളത്രയും അരുൺ തന്റെ ഫോണിൽ അയാളറിയാതെ റെക്കോർഡ് ചെയ്തു.
അവിടെ നിന്നും പിന്നീടവർ പോയത് അരുണിന്റെ വീട്ടിലേക്കായിരുന്നു. അലി വരച്ച് നൽകിയ ചിത്രം പ്രേമ ചന്ദ്രനും കടക്കാരനും തിരിച്ചറിഞ്ഞതോടെ അലിയോടുള്ള അരുണിന്റെ മതിപ്പ് വർദ്ധിച്ചിരുന്നു.
“ഇനി നമുക്ക് കാണേണ്ടത് ചെട്ടിയൻ സന്തോഷിനെയാണ് അല്ലേ സാർ.” കേസിന്റെ അടുത്ത ചുവട് എന്താവണമെന്ന ചർച്ചക്കിടെയായിരുന്നു അലിയുടെ അഭിപ്രായം.
“നമുക്കിനി അവനെ കാണേണ്ട കാര്യമൊന്നുമില്ല. രശ്മിയുടെ അദ്ധ്യാപകന്റെ മൊഴിയും കൂട്ടുകാരികളുടെ മൊഴിയും തമ്മിലുള്ള വ്യത്യാസവും, അതിൽ ഏതാണ് സത്യമെന്നറിയുവാനുമാണ് അവനെ കാണേണ്ടത്. രശ്മി ജീവനോടെയുണ്ടെന്ന് അറിഞ്ഞ സ്ഥിതിക്ക് അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.”
“സാർ പറഞ്ഞത് വെച്ച് നോക്കുമ്പോൾ അത് ശരിയാണ്. പക്ഷേ അതിൽ കൂടുതലെന്തെങ്കിലും അയാൾക്ക് പറയാനുണ്ടെങ്കിലോ.?” അലി മറ്റൊരു ചോദ്യം ചോദിച്ചു.
“എങ്കിൽ നമുക്ക് അയാളെ ഒന്ന് കാണാം.”
“നമുക്ക് വേണ്ട സാർ. ഞാൻ പോവാം. പലചരക്ക് കടക്കാരൻ രാജനെ സാറും ഗോകുലും കണ്ടപ്പോൾ അയാളെ കൊലപ്പെടുത്തി. സാറ് ആ പയ്യനെ കണ്ട് കഴിഞ്ഞാൽ ഒരു പക്ഷേ ഇവിടെയും അത് തന്നെയായിരിക്കും സംഭവിക്കുക. വെറുതേ ആ പയ്യനെ കൂടെ കൊലക്ക് കൊടുക്കേണ്ടല്ലോ.?”
“നീ പറഞ്ഞതിലും കാര്യമുണ്ട്. എങ്കിൽ ഞാൻ സൂര്യന്റെ പിന്നാലെ പോവാം. നീ വരച്ച ചിത്രത്തിലുള്ളവനെ സൂര്യന്റെ കൂടെ കണ്ടെന്നല്ലേ പ്രേമചന്ദ്രൻ പറഞ്ഞത്.”
“ഒരു പക്ഷേ സൂര്യൻ പ്രതി ആവണമെന്നില്ല.”
“അത് ശരിയാണ് എങ്കിലും സൂര്യൻ അവനെ പ്രേമ ചന്ദ്രന്റെ വീട്ടിൽ കൊണ്ടുവന്നു എങ്കിൽ അവരിനിയും കണ്ട് മുട്ടാൻ ഉള്ള സാധ്യതയുണ്ട്.”
“സാധ്യതയുണ്ട്. പക്ഷേ അതിനെ ബലപ്പെടുത്തുന്ന തെളിവുകളോ സൂചനകളോ നമുക്കിത് വരെ ലഭിച്ചിട്ടില്ല.”
“അത് ശരിയാണ്. പക്ഷേ തൽക്കാലം നമ്മുടെ മുന്നിൽ മറ്റ് മാർഗ്ഗങ്ങളൊന്നുമില്ല.”
“എങ്കിൽ ഞാൻ സന്തോഷിനെ കാണാൻ പോയാലോ.?”
“പോയിട്ട് വാ.”
“ശരി സാർ.” അവൻ പ്രേമ ചന്ദ്രന്റെ വീട്ടിൽ നിന്ന് വന്ന വേഷത്തിലായിരുന്നതിനാൽ പിന്നെ വസ്ത്രം മാറാൻ ഒരുങ്ങിയില്ല. അവൻ നേരെ പുറത്തേക്ക് നടന്നു.
“അലീ, ബസ്സിന് പോവാനുള്ള പൈസയുണ്ടോ നിന്റെ കയ്യിൽ.” അരുൺ ഓർത്തെടുത്താണ് ചോദിച്ചത്.