“കുറച്ചല്ല സാർ. കുറച്ച് കൂടുതൽ കുഴപ്പം പിടിച്ച കേസാണ്.” ശേഖരൻ വിശദീകരിച്ചു.
“അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയാൽ പിന്നെ ഈ പ്രശ്നമൊന്നുമുണ്ടാവില്ലെന്നാണോ നിങ്ങൾ പറയുന്നത്.?”
“അതേ സാർ. നമ്മുടെ വരുതിക്ക് നിർത്താൻ പറ്റുന്ന ഒരാളാണ് കേസ് അന്വേഷിക്കുന്നതെങ്കിൽ നമ്മൾ ആഗ്രഹിക്കുന്ന രീതിയിലുള്ള അന്വേഷണ റിപ്പോർട്ടാണ് ലഭിക്കുക.”
“ഓകെ. ഞാൻ ഒന്ന് ആലോചിക്കട്ടെ.”
“ശരി സാർ.”
“നിങ്ങൾ മടങ്ങിക്കോളൂ. ഞാനൊരു തീരുമാനമെടുത്ത ശേഷം വിവരങ്ങൾ അറിയിക്കാം.”
“സാർ ഈ ഫയൽ ഇവിടെ വെക്കേണ്ടതായിട്ടുണ്ടോ.?” സി ഐ ശേഖരൻ ഒരു സംശയത്തോടെ ചോദിച്ചു.
“വേണ്ട. നിങ്ങൾ കൊണ്ട് പോയിക്കോളൂ.”
“ശരി സാർ.” അയാൾ അറ്റൻഷനായി എസ് പി ചന്ദ്രദാസിന് സല്യൂട്ട് ചെയ്ത ശേഷം ഫയലുമെടുത്ത് പുറത്തേക്കിറങ്ങി.
സി ഐ ശേഖരൻ പുറത്തേക്കിറങ്ങിയ ഉടൻ തന്നെ ചന്ദ്രദാസ് ലാന്റ് ഫോണിൽ സൂര്യന്റെ നമ്പർ ഡയൽ ചെയ്തു.
“ഹലോ സാർ. എന്തായി കാര്യങ്ങൾ.?” ആ ഫോൺ കോൾ കാത്തിരുന്നെന്ന പോലെ മറുഭാഗത്ത് കോൾ അറ്റന്റ് ചെയ്ത സൂര്യന്റെ ആകാംഷയോടെയുള്ള ശബ്ദം അയാളുടെ കാതുകളിലേക്കെത്തി.
“സൂര്യാ. സി ഐ ശേഖരൻ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് തെളിയിക്കുന്നൊരു അന്വേഷണ റിപ്പോർട്ടുമായാണ് അയാൾ വന്നത്. നീ ഒന്ന് കരുതിയിരിക്കണം.”
“ഞാനെന്തിന് കരുതണം സാർ. ഇത് വരെയും എനിക്കെതിരെയുള്ള ഒരു തെളിവ് പോലും പോലീസിന് ലഭിച്ചിട്ടില്ല.”
“നീ പറഞ്ഞത് ശരിയാണ്. നന്ദൻ മേനോന്റെ മരണം ആത്മഹത്യയല്ല മറിച്ച് അതൊരു കൊലപാതകമാണെന്ന് മാത്രമേ ആ റിപ്പോർട്ട് ശരിവെക്കുന്നുള്ളു. എങ്കിലും നിനക്കാ മരണത്തിൽ വല്ല പങ്കു മുണ്ടെങ്കിൽ കേസ് എങ്ങനെയും ഒതുക്കി തീർക്കുന്നതാണ് നല്ലത്.”
“ഞാനെന്താ ചെയ്യേണ്ടതെന്ന് സാറ് പറഞ്ഞാൽ മതി.”
“തൽകാലം ഇപ്പോൾ ആ കേസ് അന്വേഷിക്കുന്ന എസ് ഐയെ അന്വേഷണത്തിൽ നിന്ന് ഒഴിവാക്കാം. പകരം നമ്മുടെ സൈഡ് നിൽക്കുന്ന ഒരാളെ ആ കേസ് ഏൽപ്പിക്കാം.”
“അതാണ് സാർ വേണ്ടത്.”
“അതിന് കുറച്ച് ചിലവുകളുണ്ട്.”
“അതിനെന്താ സാർ നമുക്ക് വേണ്ടത് ചെയ്യാം. സാറൊന്ന് പറഞ്ഞാൽ മതി.”
“എങ്കിൽ വൈകിട്ട് നമുക്കൊന്ന് നേരിൽ കാണാം ”
“ഷുവർ സാർ.”