“ഇത് താൻ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് അല്ലല്ലോ.?” സംശയത്തോടെ അയാൾ ചോദിച്ചു.
“അല്ല സാർ. എന്താ സാറിന് ഞാൻ പറഞ്ഞത് വിശ്വാസമില്ലാത്തത് പോലെ.?”
“എനിക്കല്ലല്ലോ വിശ്വാസം വേണ്ടത് സൂര്യനല്ലേ അവനതില്ല. അതാണ് പ്രശ്നം.” അയാൾ വിശദീകരിച്ചു.
“സാർ. ഞാൻ കാശിനു വേണ്ടി ഇത്തിരിയൊക്കെ ചെറ്റത്തരം കാണിക്കാറുണ്ട് എന്നുള്ളത് നേര് തന്നെ. ഇതിൽ ഞാൻ അങ്ങനെയൊന്നും ചെയ്തിട്ടില്ല.” സൂര്യനോടുള്ള അമർഷം അയാളുടെ വാക്കുകളിൽ നിറഞ്ഞിരുന്നു.
“അങ്ങനെയെങ്കിൽ നിനക്ക് നല്ലത്. ഞാൻ ഈ ഫയലൊന്ന് പഠിക്കട്ടെ.” ചന്ദ്രദാസ് മേശപ്പുറത്തിരുന്ന ഫയൽ എടുത്ത് കൊണ്ട് പറഞ്ഞു.
“ശരി സാർ. ഞാൻ പുറത്തേക്ക് മാറി നിൽകണോ.?”
“വേണ്ടെടോ. താനവിടെ ഇരുന്നാൽ മതി.” ചന്ദ്രദാസ് ആ ഫയൽ മറിച്ചു നോക്കാൻ ആരംഭിച്ചു കൊണ്ട് പറഞ്ഞു.
❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️
സി ഐ ശേഖരൻ എസ് പിയുടെ ഓഫീസിൽ പോയ ഉടൻ തന്നെ കോൺസ്റ്റബിൾ രാമൻ ഫോണെടുത്ത് സ്വാമിനാഥന്റെ നമ്പർ ഡയൽ ചെയ്തു. എന്തോ പ്രധാന കാര്യത്തിനല്ലാതെ അയാൾ വിളക്കില്ലെന്ന് രാമന് ഉറപ്പുണ്ടായിരുന്നു.
“ഹലോ.” സ്വാമിനാഥൻ ഫോണെടുത്തപ്പോൾ രാമൻ പറഞ്ഞു.
“എന്താ രാമേട്ടാ ഫോണ്ടെടുക്കാതിരുന്നത്.” ഉത്കണ്ഠയോടെയുള്ള സ്വാമിനാഥന്റ ശബ്ദം അയാളുടെ കാതിലേക്കെത്തി.
“ഞാൻ ജീപ്പ് ഡ്രൈവ് ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു സാർ.” അയാൾ മറുപടി പറഞ്ഞു.
“വണ്ടി ഒന്ന് സൈഡാക്കിക്കൂടായിരുന്നോ.?” സ്വാമിനാഥൻ വീണ്ടും ചോദിച്ചു.
“വണ്ടി ഒരു വട്ടം ഫോണെടുക്കാനായി സൈഡാക്കിയിരുന്നു. പക്ഷേ ഫോണെടുക്കാൻ ശേഖരൻ സാറ് സമ്മദിച്ചില്ല.”
“നിങ്ങൾ എവിടേക്കാണ് പോയത്.”
“ഞങ്ങളിപ്പോൾ എസ് പി ഓഫീസിലാണ് സാർ.”
“അവിടെ എന്താ കാര്യം.?”
“അറിയില്ല സാർ. പാേരുന്ന വഴിയെല്ലാം സി ഐ സാറ് അൽപം ദേഷ്യത്തിലായിരുന്നു.”
“നന്ദൻ മേനോന്റെ മരണവുമായി ബന്ധപ്പെട്ട് ഞാൻ നടത്തിയ അന്വേഷണ റിപ്പോർട്ടുമായാണ് അയാൾ പോയത്. അത് എന്തിനാണെന്ന് അറിയാനായിരുന്നു ഞാൻ നിങ്ങളെ വിളിച്ചത്.”
“സി ഐ സാറിന്റെ കയ്യിൽ ഒരു ഫയൽ ഞാനും കണ്ടിരുന്നു. കൂടുതൽ ഡീറ്റെയ്ൽസ് ഒന്നും പറഞ്ഞില്ല.”
“ഉം… കൂടുതൽ എന്തെങ്കിലും അറിയുകയാണെങ്കിൽ വിളിക്കണേ രാമേട്ടാ.”
“വിളിക്കാം സാർ.” അയാൾ ഫോൺ കട്ട് ചെയ്ത് ആലോചനയിൽ മുഴുകി.
❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️
“അപ്പോൾ സംഗതി കുറച്ച് കുഴപ്പം പിടിച്ച കേസാണല്ലേ.?” ശേഖരൻ കൊണ്ട് വന്ന സ്വാമിനാഥന്റെ അന്വേഷണ റിപ്പോർട്ട് വായിച്ചതിനു ശേഷം ചന്ദ്രദാസ് സിഐ ശേഖരനോട് ചോദിച്ചു.