ഇന്നലെ വരെ ഇല്ലാത്ത ശീലങ്ങൾ കുട്ടികളിൽ കണ്ടപ്പോൾ അത്ഭുതമല്ല മറിച്ച് അതിശയമാണ് മാഷിന് തോന്നിയത്.
ഇവൾ ആള് കൊള്ളാല്ലാ… ഒറ്റ ദിവസം കൊണ്ട് പിള്ളാരെ പോലും വരുതിക്ക് വരുത്തിയിരിക്കുന്നു.
അതിശയിപ്പിക്കുന്ന നിമിഷങ്ങളാണ് കടന്നു പൊയ്കൊണ്ടിരുന്നതെങ്കിലും അവളാരാണ്… എന്താണ് ഉദ്ദേശം എന്നറിയാനുള്ള ത്വര മാഷിൽ നിമിഷം പ്രതി വളർന്നു വന്നു.
കുട്ടികൾ പോയതിനു ശേഷം വിജയൻ മാഷ് ഓഫീസിലേയ്ക്ക് നടന്നു.
ചെറിയൊരു മുറിയാണ് ഗുരുകുലം ഓഫീസ്.ഒരു മേശയും ,മേശയ്ക്ക് ഇരു മുഖമായി രണ്ട് കസേരയുമല്ലാതെ മറ്റൊന്നും അവിടെ ദർശിക്കാനാകില്ല. അടച്ചുറപ്പില്ലാത്ത ഗുരുകുലം ട്യൂഷൻ സെന്ററിനെ സംബന്ധിച്ച് അതിന്റെയും ആവശ്യം ഉള്ളതായി തോന്നില്ല.
ചിന്താമണ്ഡലത്തിൽ ഒഴുകി വരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ കഴിയാതെ,മാഷ് കസേരയിൽ ചാഞ്ഞ് മലർന്നിരിക്കുമ്പോൾ…മുരടനക്കികൊണ്ട് അൻസിയ കയറിവന്നു.
മനപ്പൂർവ്വം അല്ലങ്കിലും ഒരു നിമിഷം വാലിട്ടെഴുതിയ കണ്ണുകളിൽ മാഷിന് നോക്കാതിരിക്കാൻ കഴിഞ്ഞില്ല.
പെട്ടെന്ന്നോട്ടം പിൻവലിച്ച് കസേരയിൽ നിവർന്നിരുന്നു.
”ഞാൻ… ഇവിടിരുന്നോട്ടെ?…”
മറ്റൊന്നും ചോദിക്കാനില്ലാത്ത പോലെ അവൾ ചോദിച്ചു.
” ഇരിക്കൂ…”
മേശമേൾ കൈമടക്കി കുത്തി ഇരുന്നു കൊണ്ട് അയാൾ അവൾക്ക് അനുമതി കൊടുത്തു.
മാഷ് വീണ്ടും ആ കണ്ണു കളിലേക്ക് നോക്കി. കാന്തിക ശക്തിയുള്ള കമലനയനങ്ങൾ അയാളെ വലയം ചെയ്തു.
” മാഷേ… ക്ഷമിക്കാൻ പറ്റാത്ത തെറ്റാണ് ഞാൻ ചെയ്തതെന്ന് തോന്നുന്നില്ല.എന്നിരുന്നാലും …. റിയലിസോറി.”
ഒറ്റ ശ്വാസത്തിൽ അവളിൽ നിന്ന് പെട്ടെന്നൊരു ക്ഷമാപണം ഉണ്ടാകുമെന്ന് മാഷ് പ്രതീക്ഷിച്ചില്ല.
”നിങ്ങൾ എന്താണ് ചെയ്തതെന്ന് നിങ്ങൾക്ക് തന്നെ ബോദ്ധ്യമായെന്ന് ഞാനും വിശ്വസിക്കുന്നു. വീണ്ടും വീണ്ടും ഇങ്ങനെ ക്ഷമാപണത്തിന്റെ ആവശ്യവും ഇല്ല.”
വളരെ ശാന്തനായാണ് മാഷിന്റെ പ്രതികരണം.
” മാഷേ… ഞാനൊന്നു പറഞ്ഞോട്ടെ…”
”ഇവിടെ തുടരാനാണ് ഭാവമെങ്കിൾ …ഒരാളിന്റെകൂടി ആവശ്യം ഇവിടില്ല. അത് മാനേജ് ചെയ്യാൻ എനിക്കറിയാം.”
”മാഷേ… ഞാനൊന്ന് പറയട്ടെ… പ്ലീസ്…”
”നിങ്ങൾ മിസ്സാണോ മിസ്സിസ്സാണോ ?”
”മിസ്സ്”
” ങ്ഹാ … നോക്കു മിസ്സ് അസിൻയാ… നിങ്ങളുടെ ന്യായങ്ങൾ കേൾക്കാൻ എനിക്ക് താല്പര്യമില്ല. ചോദിച്ചതിന് നിങ്ങൾ ഉത്തരം പറയാതെ മറ്റെന്തൊക്കെയോ ആണ് പറയാൻ ശ്രമിക്കുന്നത്.”
” മാഷേ… ഞാൻ….”
പ്രതീക്ഷിച്ച ഉത്തരം കിട്ടാതായപ്പോൾ പറയാനുള്ള അവസരം അവൾക്ക് കൊടുത്തില്ല.
അയാൾ അവളെ മുഴപ്പിച്ച് നോക്കി.