“എടാ നിന്നോടാ ചോദിച്ചത്, എന്താ നിന്റെ ഉദ്ദേശമെന്ന്?” അമ്മയുടെ ശബ്ദം അടക്കിപ്പിടിച്ചതെങ്കിലും ശക്തവും ക്രോധം നിറഞ്ഞതുമായിരുന്നു. ഞാൻ കരഞ്ഞുകൊണ്ടിരുന്നു.
“ഞാൻ.. എനിക്ക്..” കരച്ചിലിനിടയിലൂടെ ഞാൻ എന്തൊക്കെയോ പറയാൻ ശ്രമിച്ചു. പക്ഷേ വാക്കുകൾ വരുന്നുണ്ടായിരുന്നില്ല. ഞാൻ പിന്നെയും കരഞ്ഞു.
പഠേ!
കരഞ്ഞുകൊണ്ടിരുന്ന എന്റെ കവിളത്ത് അമ്മയുടെ കൈപ്പത്തി ആഞ്ഞ് പതിച്ചു. ഞെട്ടിപ്പോയി ഞാൻ. ആ ഞെട്ടൽ പിന്നെയും എന്നെ കരയിപ്പിച്ചു. ശരീരം കുലുക്കി ഞാൻ ആഞ്ഞ് കരഞ്ഞു. കരഞ്ഞുകൊണ്ട് ഞാൻ അതിദയനീയമായി മുഖമുയർത്തി അമ്മയെ നോക്കി. കണ്ണിൽ തീപാറുന്ന അമ്മ.
ഞാൻ കരഞ്ഞുകൊണ്ട് എഴുന്നേറ്റിരുന്നു. എന്നിട്ട് മുന്നിലിരിക്കുന്ന അമ്മയുടെ കാലിൽ വിറയ്ക്കുന്ന വിരലുകൾ നീട്ടി തൊട്ടു. അമ്മേ എന്ന് വിളിച്ചു, പക്ഷേ ശബ്ദം പുറത്തു വരുന്നുണ്ടായിരുന്നില്ല.
“തൊടരുതെന്നെ നീ!”
അമ്മ അമർത്തിയ ശബ്ദത്തിൽ ചീറിക്കൊണ്ട് കാൽ വലിച്ചു. എന്റെ കരച്ചിൽ കുറേക്കൂടി ഉച്ചത്തിലായി.
“ശബ്ദം കുറയ്ക്ക്. എടാ ശബ്ദം കുറയ്ക്ക്.” അമ്മ മുരണ്ടു.
“പെറ്റതള്ളയെ തിരിച്ചറിയാത്ത മൃഗം! മോങ്ങുന്നോ!”
അമ്മയുടെ പാമ്പു ചീറ്റുന്നതുപോലുള്ള ആ ശാപവചനങ്ങൾ എന്റെ ഹൃദയത്തിൽ ആണിപോലെ തറച്ചുകയറി. ഞാൻ വാപൊത്തിപ്പിടിച്ച് മുന്നോട്ടാഞ്ഞു. അമ്മയുടെ കാൽക്കൽ കുമ്പിട്ട് വീണു. ആ കാൽകളിൽ പൊത്തി പിടിച്ചു. എന്നിട്ട് ഹൃദയം തുറന്ന് കരഞ്ഞു.
അമ്മ എന്നെ ശപിച്ചുകൊണ്ട് കാൽ വലിക്കാൻ നോക്കുന്നുണ്ടായിരുന്നു. എന്നെ തള്ളി മാറ്റാൻ നോക്കുന്നുണ്ടായിരുന്നു. ഞാൻ കാലിൽ നിന്ന് വിടുന്നില്ല എന്നു കണ്ടപ്പോൾ അമ്മ എന്റെ പുറത്ത് ആഞ്ഞുതല്ലി. എന്നിട്ടും ഞാൻ വിട്ടില്ല. പട്ടിയെ പോലെ മോങ്ങിക്കൊണ്ട് ഞാൻ വീണ്ടും അമ്മയുടെ കാലുകളിൽ മുറുക്കെ കെട്ടിപ്പിടിച്ച് കിടന്നു. അമ്മ തലങ്ങും വിലങ്ങും എന്റെ പുറത്തും തലയിലുമൊക്കെ തല്ലുകയായിരുന്നു. എനിക്ക് വേദനിക്കുന്നുണ്ടായിരുന്നു. എങ്കിലും ഞാൻ അതേ കിടപ്പ് കിടന്നു. അമ്മ തല്ലട്ടെ. തല്ലിക്കൊല്ലട്ടെ എന്നെ.
എത്ര തല്ല് അമ്മ തല്ലിക്കാണും? അറിയില്ല. ഏതായാലും പുറം പൊളിഞ്ഞിട്ടുണ്ടെന്ന് തീർച്ച. അമ്മയുടെ കൈയ്യും വേദനിക്കുന്നുണ്ടാവുമെന്ന് തീർച്ച. ഒടുവിൽ അമ്മയുടെ തല്ലിന്റെ ശക്തി കുറഞ്ഞു. കുറഞ്ഞുകുറഞ്ഞ് അമ്മയുടെ കൈകൾ എന്റെ പുറത്ത് വിശ്രമിച്ചു.