പരീക്ഷയ്ക്ക് തനിക്കു മാത്രം സപ്പ്ളി അടിച്ചെന്നറിഞ്ഞ നൈരാശ്യത്തോടെ കോളേജ്
വരാന്തയിലൂടെ നടന്നു പോകുന്ന ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ പോലെ ഞാൻ ആ ലേബർ റൂമിലൂടെ
നടന്നുകൊണ്ടേയിരുന്നു…(നടത്തം സുഖപ്രസവത്തിനു
നല്ലതാണെന്നു പണ്ടാരാണ്ടാ എനിക്ക് പറഞ്ഞു
തന്നിട്ടുണ്ടായിരുന്നു.)
നടന്നു അല്പം ഓവർ ആകുമ്പോൾ ഞാൻ കിടക്കും….
കിടന്നാൽ പിന്നെ കാട് കയറിയുള്ള ചിന്തകളാണ്….
ലേബർ റൂമിൽ ഒരു മിനി തീയറ്റർ സ്ഥാപിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മണിക്കൂറുകളോളം മൊബൈൽ ഫോൺ ഇല്ലാതെ, ടി. വി. ഇല്ലാതെ, പുസ്തകം ഇല്ലാതെ, നേരെ ചൊവ്വേ ഒന്ന് സംസാരിക്കാൻ പോലും ആരുമില്ലാതെ
വേദന മാത്രം ഓർത്തു കഴിയേണ്ടുന്ന ഗർഭിണികൾക്ക്
‘കിലുക്കം’ സിനിമവല്ലോമിട്ടു കൊടുത്താൽ തന്നെ അവരുടെ പകുതി വേദനയും പമ്പ കടക്കും…
ഇത്യാദി ചിന്തകളുമായി
ഇരുന്നപ്പോഴാണ് കിലുക്കത്തിൽ രേവതി പറഞ്ഞ
പൊരിച്ച കോയീന്റെ മണം എവിടെ നിന്നോ വന്നത്. (എന്റെ തോന്നലാവാം)…
വീണ്ടും വിശപ്പ്……….
പോയികിടന്നു പ്രസവിക്കെന്റെ പെണ്ണെ എന്ന് സാക്ഷാൽ ജഗതി ശ്രീകുമാറിന്റെ സ്റ്റൈലിൽ ഭർത്താവ് പുറത്തു നിന്നും പറയും പോലെ ഒരു തോന്നൽ….
അന്നേരം എന്റെ ചിന്തകളെ തട്ടിയുണർത്തി ജാനമ്മ സിസ്റ്ററിന്റെ രംഗ പ്രവേശനം. എപ്പോഴും ഇതിനുള്ളിൽ കിടക്കണമെന്നില്ലെന്നും ഇടയ്ക്കൊക്കെ ബന്ധുക്കളുടെ
അടുത്തൊക്കെ പോയിട്ട് വരാമെന്നും അവർ എന്നോട്പറഞ്ഞു….
ശരിക്കും അവർ ഒരു മാലാഖ തന്നെയായിരുന്നു……
ഒരു അമ്മയുടെ സ്നേഹം പോലെ, അമ്മുമ്മ കഥ പറഞ്ഞു തരുന്നത് പോലെ അവരുടെ
സാമിപ്യത്തിനും വാക്കുകൾക്കും ഒരു കുളിർമയുണ്ടായിരുന്നു….
ഞാൻ ക്ലോക്കിലേക്കു നോക്കി. ഓഫീസ് വിട്ടു ആളുകൾപോകുന്ന സമയം….
അതായത് ഗ്യാസ് പോലെ തോന്നിക്കുന്ന
ആ ഗുളു ഗുളു വേദന തുടങ്ങിയിട്ട് പതിനേഴു മണിക്കൂർ….
ഇനിയും ആശാൻ/ആശാത്തി പുറത്തേക്ക് എഴുന്നള്ളിയിട്ടില്ല….
ഇതിനിടെ അവർ ഇനിമയൊക്കെ തന്നു എന്റെ വയറു ക്ലീൻ ആക്കിയെടുത്തു.
കാര്യങ്ങൾ ക്ലൈമാക്സോട്
അടുക്കുകയാണെന്നു എനിക്ക് മനസ്സിലായി…
നല്ല വേദന വരുമ്പോൾ തന്നെ വിളിക്കണമെന്ന് പറഞ്ഞു എനിക്ക് കാണാവുന്ന ദൂരത്തേക്ക് മാറിയിരുന്നു കുട്ടി നേഴ്സ്….
ആദ്യമായി ഫ്ലൈറ്റിൽ യാത്ര ചെയ്യാനൊരുങ്ങുന്ന
ഒരാളെപ്പോലെ ചെറിയൊരു പേടിയൊക്കെ വന്നു തുടങ്ങി….