അപ്പോഴാണ് മണിച്ചിത്രത്താഴിലെ നാഗവല്ലിയുടെ ചെറിയ വേർഷനിലുള്ള എന്റെ നോട്ടം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെട്ടത്…അപ്പോൾ തന്നെ കണ്ട സ്വപ്നം വലിച്ചെറിഞ്ഞും, സുഖനിദ്ര പെട്ടിക്കകത്തു വച്ച് പൂട്ടിയും, കണവൻ ഒരു നല്ല കൂട്ടുകാരനെ പോലെ പുലരുവോളം കൂട്ടിരുന്നു…
അപ്പോഴേക്കും സൂര്യനുദിച്ചു. പുറത്തു കിളികൾ
ചിലയ്ക്കുന്നതു കേൾക്കാം. അകത്തു എന്റെ
കുഞ്ഞിക്കിളിയുടെ വക ഇടവേളയിട്ടു കരാട്ടെയും….
രാവിലെ പ്രാഥമിക ആവശ്യങ്ങൾക്കായി പോയ
ഞാൻ, മഞ്ചാടിക്കുരുവിനെ ഓർമിക്കും വിധം മൂന്നാലു രക്തത്തുള്ളികൾ കണ്ടപ്പോഴാണ് അത് ഗ്യാസ് അല്ലായിരുന്നു എന്ന് മനസ്സിലാക്കിയത്…
പ്രസവ വേദനയെ ഗ്യാസ് എന്ന് കരുതിയ ലോകത്തിലെ ആദ്യത്തെ ദമ്പതിമാർ
ഞങ്ങളായിരിക്കും…
അധികമാരെയും വെപ്രാളപ്പെടുത്താതെ
ആസ്പത്രിയിലേക്ക് പോകാനായി നീരാട്ടൊക്കെ കഴിഞ്ഞു ഞാൻ ഇറങ്ങി…
അപ്പോഴും ഇടവിട്ടിടവിട്ട് വേദനയുണ്ടായിരുന്നു.
എല്ലായിപ്പോഴും റെഡി ആകുന്നതു പോലെ അലമാരയിൽ നിന്നും മൂന്നാലു ഇഷ്ട വസ്ത്രങ്ങൾ വലിച്ചു പുറത്തേക്കിട്ടു…
ഒരു കല്യാണം കൂടാൻ പോകുന്ന ഭാവേന അതിൽ ഓരോന്നും കണ്ണാടിക്കു മുന്നിൽ നിന്ന് തിരിച്ചും മറിച്ചും എന്റെ നിറവയറുള്ള ശരീരത്തിൽ വച്ച് അത് ചേരുന്നുണ്ടോ എന്ന്
അനിയത്തിയോട് ആരായുന്ന എന്നെ നോക്കി അന്തംവിട്ടു നിൽക്കുന്ന
ഭർത്താവിനെ കണ്ടു ഞാൻ ചെറുതായൊന്നു ചമ്മി…
ആ അന്തംവിടൽ ചീറ്റലിലേക്കു വഴിമാറുന്നതിനു മുന്നേ കൂട്ടത്തിലെ ചുവന്ന വസ്ത്രം എന്നെ നോക്കി ചിരിച്ചു… ഞങ്ങൾ ആസ്പത്രിയിലേക്ക് തിരിച്ചു…
വണ്ടി ആസ്പത്രിയുടെ മുന്നിൽ എത്തിയപ്പോൾ കുറച്ചു പ്രസവിച്ചു എക്സ്പീരിയൻസ് ഉള്ള ഗർഭിണിയുടെ ഭാവത്തിൽ ഞാൻ നടന്നു പടി കയറാൻ തുടങ്ങി…
എല്ലായിപ്പോഴും പോലെ അമ്മയുടെ താക്കീത് ലിഫ്റ്റിൽ പോകാമെന്നു…
ഇതൊക്കെയെന്തു എന്ന മട്ടിൽ പടി കയറി മുകളിൽ എത്തിയപ്പോഴേക്കും വേദന അതിന്റെ മൂർധന്യാവസ്ഥയിൽ എത്തിയിരിക്കുന്നു…
അഹങ്കാരമല്ലാതെ എന്തോന്ന് പറയാൻ
എന്ന് പറഞ്ഞു അന്നും അമ്മയുടെ വായിൽ നിന്നും നിറച്ചു കേട്ടിട്ടാണ് ഞാൻ ലേബർ റൂമിലേക്ക് വലതു കാൽ വച്ച്
കയറിയത്…
സിനിമകളിൽ മാത്രം ഞാൻ കണ്ടിട്ടുള്ള ലേബർറൂം……