ഇതാദ്യമായാണ് ഒരാൾ തന്നെ കണ്ടിട്ട് ഇത്രക്ക് സാധാരണമായി ഇരിക്കുന്നത്…
സജീഷ് രേഷ്മയുടെ നേരെ നോക്കി ഒന്ന് ചിരിച്ചു എന്ന് വരുത്തി…
കൂടെ വന്ന കൂട്ടുകാരി വല്ലാതെ ചിരിക്കുന്നുണ്ട്… അവർ സജീഷിനെ കളിയാക്കാൻ ഉള്ള പരിപാടിയായിരിക്കാം എന്ന് അവൾ അനുമാനിച്ചു…
കൂട്ടുകാർ ആകുമ്പോൾ അതൊക്കെ സ്വാഭാവികം…
” അപ്പൊ അച്ഛൻ ??? ”
ഭാസ്‌കരൻ ആകാംഷയോടെ ചോദിച്ചു…
” അച്ഛൻ എനിക്ക് പതിനഞ്ച് വയസ്സ് ഉള്ളാപ്പഴേ മരിച്ചു… ”
വീട്ടിൽ ഞാനും അമ്മയും മാത്രമേ ഉള്ളു… ”
സജീഷ് പറഞ്ഞു…
” ഓഹ്ഹ്ഹ്ഹ…
മോൻ അപ്പൊ എന്താ ചെയ്യുന്നത്?? ”
ഭാസ്‌കരൻ വീണ്ടും ഒരു ചോദ്യം ഉന്നയിച്ചു…
” എനിക്ക് വാർക്കപ്പണി ആണ് അച്ഛാ… ”
” രണ്ടാഴ്ച്ച മുൻപ് ഒരു പുതിയ കോണ്ട്രാക്ട്ട് എടുത്തിട്ടുണ്ട്…
ഞാൻ സ്വന്തമായി എടുക്കുന്ന ആദ്യത്തെ പണി ആണ്… ”
” അത് നന്നായി അവസാനിച്ചാൽ വേണമെങ്കിൽ ഞാൻ ഒരു ബിസിനസ്സ്കാരൻ ആണെന്നൊക്കെ പറയാം… ”
സജീഷ് തന്മയത്വത്തോടെ പറഞ്ഞു..
” അപ്പൊ മോന്റെ ബന്ധുക്കൾ ആയി ആരും ഇല്ലേ… ”
” ബന്ധുക്കൾ ആയിട്ടിപ്പൊ… ”
സജീഷ് ഒന്ന് പരതി…
പെട്ടന്ന് അവന്റെ അമ്മ മറുപടി പറയാൻ തുടങ്ങി…
” ബന്ധുക്കൾ എന്ന് പറയാൻ ഉള്ളവരൊക്കെ പാലക്കാട് ആണ്… ”
എന്റെ ഭർത്താവ് മരിച്ചതിൽപ്പിന്നെ അവരൊന്നും വലിയ അടുപ്പത്തിൽ അല്ല… ”
അന്ന് എന്റെ മോൻ പത്താം ക്ലാസ്സ് കഴിഞ്ഞിട്ടേ ഉള്ളു… ”
എന്നേം മോനേം നോക്കാൻ ഉള്ള മടിക്ക് എല്ലാവരും അന്നേ ഞങ്ങളെ ഉപേക്ഷിച്ച മട്ടാ… ”
” പിന്നെ എങ്ങാനൊക്കെയോ… ഞാനും മോനും കൂടി ഇവിടെ വരെയൊക്കെ എത്തി… ”
” ആദ്യമൊക്കെ ഞാൻ ഇവനെ പഠിപ്പിക്കണം എന്നൊക്കെ കരുതിയതാ… ”
” പക്ഷെ അവൻ പഠിപ്പ് ഒക്കെ അന്നേ നിർത്തി പണിക്ക് പോവാൻ തുടങ്ങി… ”
” ‘അമ്മ ഒറ്റക്ക് പണിക്ക് പോവണ്ട എന്നും പറഞ്ഞ് വാശി പിടിച്ച് അവസാനം ഞാൻ സമ്മതിച്ചു കൊടുത്തതാ… ”
” അന്ന് എന്റെ അവസ്ഥ അങ്ങാനൊക്കെ ആയിരുന്നു…
അല്ലെങ്കിൽ ഞാൻ എന്റെ മോനെ നല്ലോണം പഠിപ്പിച്ചേനെ… ”
അവർ ഇടറുന്ന വാക്കുകളോടെ പറഞ്ഞു…
രേണുകക്ക് അവനോട് ബഹുമാനം തോന്നി…
കുറെ പഠിപ്പും വിവരവും ഉള്ളവർ പോലും ഇതുപോലുള്ള സാഹചര്യത്തിൽ അച്ഛനമ്മമാരെ ഓരോ സ്ഥലത്ത് കൊണ്ടാക്കി മുങ്ങുന്ന കാലത്ത് അവൻ വല്ലാത്ത ഒരു തിരിച്ചു വരവാണ് നടത്തിയത്…