ഏറെ നേരം കഴിഞ്ഞപ്പോൾ സജീഷിന്റെ ബുദ്ധിമുട്ട് കണ്ട് സോഫി ഭാസ്കരനോട് പറഞ്ഞ് ഒരു ടേബിൾ ഫാൻ സംഘടിപ്പിച്ചു… അത് അവന് വലിയ ഒരു ആശ്വാസം ആയിരുന്നു…
” മുഹൂർത്തത്തിന് ഏതാനും നിമിഷങ്ങൾക്ക് മുൻപ് രേഷ്മ വീടിന്റെ അകത്ത് നിന്നും പുറത്തെക്ക് ചെറു കാലടികളോടെ നടന്നു വന്നു…
സജീഷ് ഹൃദയമിടിപ്പ് പെട്ടന്ന് നിന്നു…
” ചുവന്ന പാട്ട് സാരിയും അതിന് ചേർന്ന ഇളംപച്ച നിറത്തിൽ ഉള്ള ജാക്കറ്റും, കഴുത്തിലും കയ്യിലും അരയിലും എല്ലാം ആഭരണങ്ങളും അണിഞ്ഞ് , ഒരു പറ്റം താലം പിടിച്ച തരുണീമണികളുടെ അകമ്പടിയോടെ,
നീണ്ട തപസ്സിനോടുവിൽ അവന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട ദേവതയെപോലെ രേഷ്മ സജീഷിന്റെ തൊട്ടടുത്ത് വന്നിരുന്നു…
” ഹു… ”
അടക്കിപ്പിടിച്ചിരുന്ന ശ്വാസം അവൻ പുറത്തേക്ക് വിട്ടു…
” എല്ലാവരും ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നു… ”
തനിക്ക് ടെൻഷൻ കൂടി വരുന്നത് സജീഷ് അറിഞ്ഞു…
അവൻ പതിയെ രേഷ്മയെ തിരിഞ്ഞ് നോക്കി…
” അവൾ തന്റെ പല്ലുകൾ പുറത്ത് കാട്ടാതെ ഒരു അവനെ നോക്കി നാണത്തോടെ ഒന്ന് പുഞ്ചിരിച്ചു… ”
“എന്തൊരു ഭംഗി…. ”
സജീഷ് മനസ്സിൽ പറഞ്ഞു…
” സാധാരണ ഒരു കല്യാണപ്പെണ്ണിനെ കല്യാണത്തിന്റെ അന്ന് നാട്ടിലെ ബ്യുട്ടിപാർലർ നടത്തുന്ന ചേച്ചിക്ക് പണി പഠിക്കാൻ വിട്ടുകൊടുക്കലാണല്ലോ പതിവ്… അത് ഇവിടെ നടന്നിട്ടില്ല എന്ന് സജീഷിന് തോന്നി…
അങ്ങനെ ആയിരുന്നെങ്കിൽ അവൾ ഇപ്പോൾ ഒരു യക്ഷിയെപ്പോലെ ഇരുന്നേനെ…
” രേഷ്മയുടെ സ്വാഭാവികമായ നിറം തന്നെ കൂടുതൽ ഉദിച്ചു നിൽക്കുന്ന പോലെയാണ് അവന് തോന്നിയത്… ”
പൂജകളും മന്ത്രങ്ങളും എല്ലാം പൂജാരി കൃത്യമായ ഇടവേളകളിൽ നടത്തിക്കൊണ്ടിരുന്നു…
” രേഷ്മ കൂടുതലും പ്രാർത്ഥനായിൽ മുഴുകി ഇരിക്കുന്നത് പോലെ സജീഷിന് തോന്നി… ”
” അവൾ തന്റെ ശിഷ്ടകാലം ഇനി എന്റെ കൂടെ അല്ലെ ജീവിക്കേണ്ടത്… ”
അവൾക്ക് അതിനുള്ള അവകാശം ഉണ്ട്…
സജീഷ് അവളെ ബഹുമാനത്തോടെ നോക്കി ….
” സത്യത്തിൽ ഈ ലോകത്തിലെ എല്ലാ പെണ്ണുങ്ങളെയും സമ്മതിക്കണം…
ജനിച്ചു വളർന്ന നാടും വീടും സ്വന്തം അച്ഛനെയും അമ്മയെയും കൂടപ്പിറപ്പുകളെയും സുഹൃത്തുക്കളെയും മോഹങ്ങളെയും എല്ലാം ഉപേക്ഷിച്ച് ഒരു ദിവസം മറ്റൊരു ലോകത്തിലേക്ക് അവർ ചേക്കേറുന്നു… അല്ലെങ്കിൽ അതിന് നിർബന്ധിതരാകുന്നു…”
” അമ്മയില്ലാത്ത ഒരു ജീവിതം ഈ ലോകത്ത് ഒരു പുരുഷനും സങ്കൽപ്പിക്കാൻ പോലും കഴിയില്ല എന്ന കാര്യവും അവൻ ഓർത്തു…
” അവൾ പ്രാർത്ഥിക്കട്ടെ… ”
സജീഷും മനസ്സ് തുറന്ന് പ്രാർത്ഥിച്ചു…
” എന്റെ കൂടെ ജീവിക്കാൻ വന്നതിന്റെ പേരിൽ ഒരിക്കലും അവൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കണേ… ”
പൂജാരി എന്തൊക്കെയോ മന്ത്രങ്ങൾ ചൊല്ലി മഞ്ഞ ചരടിൽ കോർത്ത താലിമാല ഉയർത്തി അവന്റെ കൈകളിൽ കൊടുത്തു…
” രേഷ്മ സജീഷിന് മുൻപിൽ തന്റെ സർവ്വവും സമർപ്പിച്ചു… ”
സജീഷ് രേഷ്മയുടെ കഴുത്തിൽ താലി ചാർത്തി…
” പിന്നീട് തുടുനെറ്റിയിൽ സിന്ദൂരം ചാർത്തുന്ന ചടങ്ങായിരുന്നു … ”
അവൾ കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു… “