എങ്ങനെ????
നിശ്ചയിച്ച പോലെ നാളെ നിക്കാഹ് നടത്തണം അതാണ് എല്ലാവരുടെയും ഉദ്ദേശം…
നാളെ നടത്താൻ പറ്റിയ ഒരു സാഹചര്യം എനിക്കില്ലാതെ വരികയാണ് എങ്കിൽ ചിലപോൾ ഞാൻ ഈ കുടുക്കിൽ നിന്ന് രക്ഷപെട്ടേക്കാം…
എന്റെ കൊച്ചു ബുദ്ധിയിൽ മൂന്നു വഴികൾ തെളിഞ്ഞ് വന്നു…..
“പടച്ചോനേ…. ചങ്ക് തകർന്ന് നിൽക്കുന്ന സാഹചര്യങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടും ഇത് വരെ നിന്നെ തള്ളി പറഞ്ഞിട്ടില്ല.. ചേർത്ത് നിർത്തിയിട്ടേ ഉള്ളൂ… പങ്ക് വെക്കാൻ നീയേ ഉണ്ടായിട്ടുള്ളൂ.. എന്നെ കൈവിടരുത്…”
ഇത്രക്ക് ആത്മാർഥമായി ഞാൻ എന്റെ ജീവിതത്തിൽ പ്രാർത്ഥിച്ചിട്ട് ഉണ്ടോ സംശയമാണ്… ഇല്ല ഒരിക്കലും അല്ല..
എന്റെ കയ്യിലുള്ള ഒന്നാമത്തെ അസ്ത്രം….
എനിക്ക് പകരം ഒരു യോഗ്യനെ ചൂണ്ടികാണിച്ച് കൊടുക്കുക…
ആരെ കാണിച്ച് കൊടുക്കും.. അവർക്ക് കൂടെ വിശ്വാസവും അറിവും ഉള്ള ഒരാളെ വേണം…
ഈ അവസാന നിമിഷം അതൊന്നും സാധ്യമല്ല.
ഇല്ല.. ഈ ഐഡിയ സാഹചര്യത്തിന് അനുകൂലമല്ല…
അടുത്തത് എടുത്ത് പ്രയോഗിക്കുക തന്നെ..
ഉമ്മാടെ അടുത്തേക്ക് ചേർന്ന് നിന്ന് കൊണ്ട് പതിഞ്ഞ സ്വരത്തിൽ ഞാൻ പറഞ്ഞു…
“ഉമ്മാ എന്റെ കയ്യിൽ മഹറിനായി ഒന്നും തന്നെ ഞാൻ കരുതിയിട്ടില്ല”
ഇസ്ലാം മത നിയമ പ്രകാരം മഹറ് വരൻ സ്വന്തം അദ്ധ്യാനത്തിൽ നിന്ന് കണ്ടെത്തേണ്ടതാണ്… പൊതുവെ മഹറായി സ്വർണം ആണ് കൊടുക്കാറ്… വധു എന്താണോ, എത്രയാണോ ആവശ്യപെടുന്നത് അത് മഹറായി കൊടുക്കണം… വധു പുസ്തകമോ ചിലവ് കുറഞ്ഞ ഇഷ്ടപെട്ട മറ്റു വസ്തുക്കളോ ചോദിച്ചാൽ അത് മഹറായി കണക്കാക്കും…
ഇനി ആ താടക അങ്ങനെ വല്ല പുസ്തകം എങ്ങാനും ചോദിക്കുമോ??
ഹേയ്… അങ്ങനെ ഒക്കെ ചിന്തിക്കണം എങ്കിൽ അത്രക്ക് ചിന്താഗതി ഉള്ള കുട്ടി ആകണം…
ആ ലെവൽ ഒന്നും ഉണ്ടാക്കാൻ ഒരു ചാൻസും ഇല്ല…
സ്വയം സമാധാനിച്ച് നിൽക്കുമ്പോൾ ആണ് ഉമ്മ എന്തോ ആലോചിച്ചെന്നോണം പറയുന്നത്…
“ഇയ്യ് അത് വിചാരിച്ച് പേടിക്കണ്ട.. നീ ഇത് വരെ അയച്ച പൈസക്ക് കണക്ക് ഒന്നും ചോദിച്ചില്ല എങ്കിലും നല്ലൊരു പങ്ക് എല്ലാ മാസവും ബാങ്കിൽ ഞാൻ മിച്ചം വെക്കാറുണ്ട്… എല്ലാം കൂടി നാല് ലക്ഷത്തിന് അടുത്ത് വരും… നിന്റെ കല്യാണത്തിന് അത് മതിയാകും”
ഉമ്മ അഭിമാനത്തോടെ പറഞ്ഞ് നിർത്തി…
‘എടീ ദുഷ്ടേ.. എന്നിട്ട് ആണോ ഞാൻ ബിസിനസ് തുടങ്ങാൻ കൂട്ടുകാരോട് ഒക്കെ കടം വാങ്ങിയത്’
എന്ന് മനസ്സിൽ ചോദിച്ച് കൊണ്ട് ഉമ്മാനെ തുറിച്ചു നോക്കി.
അതിന്റെ അർത്ഥം മനസ്സിലായെന്നോണം കക്ഷി ഒരു ഇളിഞ്ഞ ഇളി മുഖത്ത് വരുത്തി…
പ്രതീക്ഷകളുടെ ചീട്ട് കൊട്ടാരങ്ങൾ തകർന്ന് വീഴുമ്പോഴും ആത്മവിശ്വാസത്തോടെ ആവനാഴിയിലെ അവസാന അസ്ത്രം എടുത്ത് പ്രയോഗിക്കാൻ തീരുമാനിച്ചു…
തുടരും….