എന്റെ കാൽപ്പെരുമാറ്റം കേട്ടതും മീര പത്രത്തിലുള്ള ശ്രദ്ധ മാറ്റാതെ തന്നെ എന്നെയൊന്നു മുഖം ഉയർത്തി നോക്കി . എന്നെ കണ്ടതും കക്ഷിയുടെ മുഖത്ത് ചെറിയൊരു പുഞ്ചിരി വിടർന്നു .
“ആഹ്…ഇയാള് എണീറ്റോ ? വാ വാ ..ഞാൻ കോഫീ എടുക്കാം ”
ഞാൻ അടുത്തേക്ക് വരുന്നത് കണ്ട മീര പെട്ടെന്ന് ന്യൂസ് പേപ്പർ മടക്കി ടീപോയിലേക്കിട്ടു . പിന്നെ അടുത്ത് വെച്ചിരുന്ന കോഫീ കപ് എടുത്തു കയ്യിൽ പിടിച്ചുകൊണ്ട് എഴുനേറ്റു .
“മഞ്ജുസ് എവിടെ ?”
അവളെ അവിടെയൊന്നും കാണാത്തതുകൊണ്ട് ഞാൻ സംശയത്തോടെ തിരക്കി .
“കുളിക്കാൻ കേറി …”
മീര പുഞ്ചിരിയോടെ മറുപടി നൽകികൊണ്ട് കിച്ചണിലേക്ക് നടന്നു . ആ സമയം ഞാൻ സോഫയിലേക്കിരുന്നു മീര ഇട്ടേച്ചും പോയ ന്യൂസ് പേപ്പർ എടുത്തു വായിച്ചു തുടങ്ങി . സ്വല്പം കഴിഞ്ഞതും ഒരു കപ്പിൽ കോഫിയുമായി മീര തിരിച്ചെത്തി .
അതെന്റെ നേരെ നീട്ടികൊണ്ട് അവൾ എനിക്കൊപ്പം സോഫയിലേക്കിരുന്നു . ഞാൻ അത് പുഞ്ചിരിയോടെ കൈനീട്ടി വാങ്ങി സ്വല്പം ഊതികുടിച്ചു . അത് കൗതുകത്തോടെ നോക്കി മീരയും എന്റെ കൂടെ ഇരുന്നു .
“കഥകളൊക്കെ ഇന്നലെ മഞ്ജു തന്നെ പറഞ്ഞു അല്ലേ ?”
ഞാൻ കോഫീ കുടിക്കുന്നതിനിടെ മീര ചിരിയോടെ കുശലം തിരക്കി .
“ആഹ്…കുറച്ചൊക്കെ ..”
ഞാൻ പുഞ്ചിരിയോടെ അവരെ നോക്കി .
“മ്മ് …അവളെന്നോട് എഴുന്നേറ്റു വന്നയുടനെ തന്നെ അതൊക്കെ പറഞ്ഞു ”
മീര പതിയെ പറഞ്ഞെന്നെ നോക്കി .
“മ്മ് …എങ്ങനെ ആയിരുന്നു ആ ആക്സിഡന്റ് ?ഞാൻ അത് മാത്രം മഞ്ജുസിനോട് ചോദിച്ചിട്ടില്ല ”
ഞാൻ അറിയാൻ വേണ്ടി മീരയെ പ്രതീക്ഷയോടെ നോക്കി .
“ഓഹ്..അതൊക്കെ എന്ത് പറയാനാ കവി . ഒകെ വിധി എന്ന് പറഞ്ഞു സമാധാനിക്കാം എന്നല്ലാതെ . അവന്റെ ഒരു ഫ്രണ്ടിനെ പിക്ക് ചെയ്യനായി ബൈക്കും എടുത്തു തലേന്ന് കല്യാണപ്പന്തലിനു ഇറങ്ങി പോയതാ ..അതുവരെ എല്ലാവരും ചിരിച്ചും കളിച്ചും നിന്നിരുന്ന വീട് കുറച്ചു കഴിഞ്ഞതും ശോകമൂകം ആയി . ഓപ്പോസിറ്റ് വന്നിരുന്ന ഒരു ലോറി നിയന്ത്രം വിട്ട് വന്നിടിക്കുകയായിരുന്നു എന്നൊക്കെ പിന്നെ കണ്ടു നിന്ന ആളുകൾ പറയുന്നത് കേട്ടു . സ്പോട്ടിൽ വെച്ചു തന്നെ ആള് …”
മീര ശബ്ദം ഇടറിക്കൊണ്ട് പറഞ്ഞു നിർത്തി .
“മ്മ് …എല്ലാവരും സമ്മതിച്ചപ്പോ അവര് ഒന്ന് ആശ്വസിച്ചിട്ടുണ്ടാകും അല്ലേ ? പക്ഷെ ഒടുക്കം എൻഡിങ് ട്രാജഡി ആയിപ്പോയി ?”
ഞാൻ പയ്യെ ആരോടെന്നില്ലാതെ പറഞ്ഞു മീരയെ നോക്കി .