“ഇമ്മച്ചീ എനിക്ക് ആ മിട്ടായി മതി…”…ഒരു ചെറിയ കുട്ടി അവൻറെ ഉമ്മാനോട് പറഞ്ഞു…അവൻ അവന്റെ ഉമ്മാന്റെ ഒക്കത്തിരിക്കുകയായിരുന്നു..അവൾക്ക് ഒരു 29 വയസ്സ് പ്രായമേ ഉണ്ടാകൂ…കുട്ടിക്ക് ഏറിപ്പോയാൽ രണ്ട് വയസ്സും…അവൾ തന്റെ മുഷിഞ്ഞ സാരിയുടെ തലപ്പുകൊണ്ട് നെറ്റി തുടച്ചു… എവിടെ നിന്നോ പണിയെടുത്ത് വരുവാണ് അവൾ…പക്ഷെ ആ ക്ഷീണത്തിലും വിയർപ്പിലും അവളുടെ സൗന്ദര്യത്തിന്റെ പലലക്ഷത്തിൽ ഒരു മടങ്ങ് കുറയ്ക്കാനെ ദൈവത്തിന് സാധിച്ചുള്ളൂ…
“ഇക്കാക്ക ഈ മിട്ടായി ഒന്ന് തന്നേ…”…അവൾ മകൻ കാണിച്ച മിട്ടായി ചൂണ്ടിക്കൊണ്ട് കടക്കാരനോട് പറഞ്ഞു…
കടക്കാരൻ അവരുടെ അടുത്തേക്ക് വന്നു
“ഹാ..ആർക്കാണ് മിട്ടായി…മോനുസിനാണോ… ഏത് മിട്ടായിയാ വേണ്ടേ…”..കടക്കാരൻ കുട്ടിയോട് ചോദിച്ചു..
അവൻ നാണിച്ചു ഇമ്മാന്റെ മേലേക്ക് ചാഞ്ഞു…
“അപ്പോയേക്കും നാണമായോ… അയ്യേ…”…കടക്കാരന്റെ ഭാര്യ പുറത്തേക്ക് വന്ന് ചോദിച്ചു…അത് കണ്ട് അവൾ ചിരിച്ചു…കടക്കാരൻ മിട്ടായി എടുത്ത് അവന് കൊടുത്തു…അവൻ തിരിഞ്ഞു കടക്കാരനേം അയാളുടെ ഭാര്യയെയും നോക്കി…അവൻ നാണിച്ചുകൊണ്ട് മിട്ടായി വാങ്ങി പിന്നെയും അവളുടെ കഴുത്തിൽ മുഖം പൂത്തി…
കടക്കാരന്റെ അവന്റെ തലയിൽ തലോടി…
“ഇങ്ങോട്ട് നോക്കേടാ..”..കടക്കാരൻ അവനോട് പറഞ്ഞു…അവൻ തിരിഞ്ഞുനോക്കി…ഒരു കുസൃതി ചിരി അവന്റെ മുഖത്ത് ഉണ്ടായിരുന്നു…അത് അവരുടെ ഒക്കെ മനസ്സ് സന്തോഷമാക്കി…
“വലിയ ആളാവണം ട്ടോ…വലിയ വലിയ ആൾ…മോന്റെ ഉപ്പാനെ പോലെ…”…അവന്റെ കവിളിൽ തലോടിക്കൊണ്ട് അയാൾ പറഞ്ഞു…അവൻ ചിരിച്ചു…
അവൾ മിട്ടായിയുടെ പൈസ അയാൾക്ക് കൊടുത്തു…
“അവൻ വലിയ ആളാവോ എന്നെനിക്കറിയില്ല ഇക്കാക്ക…പക്ഷെ അവൻ നല്ല ഒരു മനുഷ്യൻ ആകും..മനസ്സിൽ നന്മ ഉള്ളവനാകും…”…അത്രയും പറഞ്ഞിട്ട് അവൾ തിരിഞ്ഞു നടന്നു…അവർ പോകുന്നത് കടക്കാരൻ നോക്കി നിന്നു…