” ഏടത്തി ഇത്? “
കയ്യിലിരുന്ന ഫോട്ടോ ഉയർത്തി കാട്ടി ഞാൻ ചോദിച്ചു..
” ഇത് നിന്റെ കല്യാണ ഫോട്ടോ.. അതിനിപ്പോ എന്താ? “
” ഇതിപ്പോ എടുത്തു.. “
” ഇത് നല്ല കൂത്ത്.. കല്യാണം കഴിഞ്ഞു രെജിസ്റ്റർ ഓഫീസിൽ നിന്നിറങ്ങിയ പാടെ പിടിച്ചു നിർത്തി എടുത്ത ഫോട്ടോയ ഇത്. എത്ര നിര്ബന്ധിച്ചിട്ട നീ ഒന്ന് നിന്നു തന്നതെന്നറിയാമോ? “
അന്നത്തെ ആ അവസ്ഥയിൽ ഇങ്ങനെ ഒരു സംഭവം നടന്നത് പോലും എന്റെ ഓർമയിൽ ഉണ്ടായിരുന്നില്ല. അന്നൊരുവിധം മനസ്സ് മരവിച്ച അവസ്ഥയിൽ ആയിരുന്നു… അല്ലെങ്കിലും ഞാൻ അന്ന് വെറുമൊരു ബൊമ്മ മാത്രമായിരുന്നല്ലോ. മറ്റുള്ളവരുടെ അഭിപ്രായത്തിനും ആഗ്രഹത്തിനും ഒത്തു ചലിക്കുന്ന വെറും ബൊമ്മ…
” അത് ഞാൻ നിന്നെ കാണിക്കാൻ ദേവുവിന്റെ കയ്യിൽ കൊടുത്തിട്ടു നാള് കുറെ ആയല്ലോ? ഇത് വരെ കണ്ടില്ലേ നീയ് ഇത്? “
മനഃപൂർവ്വമായിരിക്കണം അവൾ ഇതെന്നെ കാണിക്കാതെ ഇരുന്നത് . കാണിച്ചിരുന്നുവെങ്കിൽ അന്നേ ഞാൻ ഇത് കീറി പറിച്ചു ചവറ്റുകൊട്ടയിലെറിയുമായിരുന്നു എന്നവൾക്ക് നന്നായി അറിയാം…
” ഫോട്ടോയും നോക്കി ഇരിക്കാൻ എന്താ അതിലിത്ര പ്രത്യേകത? എന്നതാണെന്നും മോനതും നോക്കി ഇവിടെ ഇരിക്ക് ഞാൻ പോണു.. “
കയ്യിൽ കിട്ടിയ ബുക്ക് എല്ലാം പെറുക്കി ഏടത്തി മുറി വിട്ടു പുറത്തിറങ്ങി.
പഴയ ഓർമകളെന്നിൽ വല്ലാതെ മുറിവേൽപ്പിച്ചിരുന്നതായി എനിക്കിന്നും തോന്നുന്നു.. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ എന്റെ മനസ്സിൽ മായാതെ കിടക്കുന്നുണ്ട്. എന്തിന് അന്ന് ഹോട്ടൽ റൂമിലേക്ക് ഓടി കയറി വന്ന ദേവുവിന്റെ പേടിച്ചരണ്ട മുഖം പോലും ഇന്നും എന്റെ മനസ്സിൽ മായാതെ കിടക്കുന്നുണ്ട്…
അതെ ആ ഹോട്ടൽ…. അതാണെന്റെ ജീവിതം മാറ്റി മറിച്ചത്. അവളെന്തിനാണ് അന്ന് ആ റൂമിലേക്ക് ഓടി കയറി വന്നത്? എല്ലാം ഇനി എങ്കിലും എനിക്ക് അറിയേണ്ടേ.? അറിയേണ്ട സമയം ആയിരിക്കുന്നു…..
ഏറെ നേരം ആ ഫോട്ടോയിലേക്കു നോക്കി ഇരുന്നു ഞാൻ. അതിൽ ഏതോ ലോകം കീഴടക്കിയ ഒരു സന്തോഷം ദേവു അവളുടെ പുഞ്ചിരിയിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നി.