ആ ചുന്ദരി പെണ്ണിന്റെ തലയിൽ തടവി കൊണ്ട് കുഞ്ഞൂഞ്ഞ് പടിയ്ക്കൽ തന്നെ നില്പായി.. അമ്മേ എന്ന വിളിയുമായി പറമ്പിലേയ്ക് ഓടി പോയ മീനാക്ഷി കല്യാണിയുടെ കയ്യും വലിച്ചു കൊണ്ടാണ് തിരിച്ചെത്തിയത്. കല്യാണിയെ കണ്ടതും ജിന്നിനെ കണ്ട വെപ്രാളമായി കുഞ്ഞൂഞ്ഞിന്.
നീരാട്ട് കഴിഞ്ഞെത്തിയ അപ്സരസിനെ പോലെ വിയർപ്പിൽ കുളിച്ചു കല്യാണി വേലിയ്ക്കൽ നിന്നു.പച്ച കരയിട്ട ഒറ്റ മുണ്ട് അരയിൽ ചുറ്റി. അതിനും മുകളിൽ, കുഞ്ഞൂഞ്ഞിന്റെ പെരുവിരൽ നീളത്തിനു മുകളിൽ, ഒലിച്ചിറങ്ങിയ വിയർപ്പുകൾ അവളുടെ പൊക്കിളും നിറച്ചു താഴോട്ട് ഒഴുകി.
“അത്തറ് വേണോ? “
ആ നനവ് പടർന്ന വയറിൽ നിന്നും കണ്ണെടുക്കാതെ കുഞ്ഞൂഞ്ഞു ചോദിച്ചു. അവളുടെ വയറിന്റെ ചരിവുകളിൽ കെട്ടിക്കിടന്ന നെയ് മടക്കുകളിലേക് ആ നനുത്ത കാറ്റടിച്ചപ്പോൾ ചെറുതായൊന്നു കുളിരു കയറി. വേലിയ്ക്കപ്പുറത്തേയ്ക് ആ വെളുത്ത കൈതണ്ട നീട്ടിയ നേരം കൈയിൽ കിടന്ന കുപ്പി വളകൾ തമ്മിൽ രഹസ്യം പറഞ്ഞു കുലുങ്ങി ചിരിച്ചു.
“ഏതാ വേണ്ടത്? “
“എനിക്കറിയില്ല.. നല്ലത് ഏതെങ്കിലും.. “
തന്റെ ഉപ്പാന്റെ പ്രായമുള്ള തുണി സഞ്ചിയിൽ നിന്നും ചുവന്ന മുത്തു പിടിപ്പിച്ച സ്പടിക കുപ്പി കുഞ്ഞൂഞ്ഞ് കയ്യിലെടുത്തു..
“വസന്ത മുല്ല.. “
അതിലെ ഒരു തുള്ളി കൈയിലേക്കിറ്റിച് കുഞ്ഞൂഞ്ഞു ആ കൈത്തണ്ടിലേയ്ക് മുഖം ചേർത്തു. അവളുടെ വിയർപ്പും അത്തറും കൂടി കുഞ്ഞൂഞ്ഞിന് ചുറ്റും ആയിരം കാടുകൾ മുല്ല മൊട്ടിട്ടു.
“എത്രയാ..? “
നാണം കൊണ്ടു ചുവന്ന കല്യാണിയുടെ കവിളിൽ അപ്പോൾ വിരിഞ്ഞത് മുല്ല അല്ലായിരുന്നു, നല്ല ചെന്താമര..
“ഒന്നും വേണ്ട.. “
അങ്ങിനെ ഒരുപാട് അത്തറ് കുപ്പികൾ പലപ്പോഴായി തീർന്നപ്പോൾ കല്യാണി ശാഠ്യം പിടിച്ചു.
“ഇന്നെങ്കിലും എന്തെങ്കിലും വാങ്ങണം. “