“ഓഹ് നമ്മളുടെ കല്യാണിയുടെ മകളുടെ കാര്യാ ഈ പറയണേ.. “
കൂട്ടത്തിൽ പ്രമുഖൻ കാര്യങ്ങൾക്ക് കുറച്ചു കൂടെ വ്യക്തത വരുത്തി.
“നിങ്ങൾ എവിടുന്നാ കാർന്നോരെ വരുന്നേ? “
“കുറച്ചു ദൂരെ നിന്നാ.. “
ആ വിളി ഇഷ്ടപെടാത്ത പ്രഭാകരൻ തന്റെ ജന്മഭൂമിയെ കുറിച്ച് ഇവരുടെ മുൻപിൽ പറയാൻ താല്പര്യം കാണിച്ചില്ല.
“ചുമ്മാതല്ല.. ഒന്ന് പെണ്ണിനെ കുറിച്ച് അന്വേഷിച്ചിട്ടു പോരായിരുന്നോ കാർന്നോരെ ഈ പെണ്ണ് കാണലിനുള്ള വരവൊക്കെ.. “
ദേ പിന്നേം കാർന്നോരു വിളി. അവന്റെ തന്തയ്ക്കു തന്നെ വിളിയ്ക്കാൻ നാവുയർത്താൻ തുടങ്ങുന്നതിനു മുൻപേ ജാനകി ഓവർ ടേക്ക് ചെയ്തു.
“ആ കൊച്ചിന് എന്താ കുഴപ്പം? “
നാടൊട്ടുക്ക് തെണ്ടിയിട്ടു കല്യാണം നടക്കാത്തോണ്ടാ ഇങ്ങോട്ടു പോന്നത് . ഇനി ഇതും മുടങ്ങുമോ എന്ന് ജാനകിയ്ക് നല്ല പേടിയുണ്ടായിരുന്നു.
“അതിപ്പോ നാട്ടുകാരായ ഞങ്ങള് തന്നെ നിങ്ങളോട് പറഞ്ഞാൽ നിങ്ങള് വിചാരിക്കും ഞങ്ങള് കല്യാണം മുടക്കികളാണെന്നു.. ആ പെണ്ണിന് ഒരു ജീവിതം കിട്ടുവാണേൽ നമുക്കെന്താ ചേതം. “
കൂട്ടത്തിൽ താടി നീട്ടി വളർത്തിയവന് പറയാനുള്ള അവസരം കൊടുത്തു കൊണ്ട് ബാക്കിയുള്ളവർ മിണ്ടാതെ നിന്നു .
“എന്തായാലും പറ.. “
ജാനകിയ്ക് ആതി കൂടി കൂടി വന്നു.
“പെണ്ണ് അത്ര നല്ല നടപ്പല്ല. കുറേ നാള് പഠിപ്പിച്ച ടീച്ചറിന്റെ പുറകെ ആയിരുന്നു..ഇപ്പൊ പിടിച്ചിരിക്കുന്നത് രണ്ട് പിള്ളേരുള്ള ഒരുത്തനേം. നിങ്ങളെ പോലുള്ള മാന്യന്മാർക് ചേർന്ന ബന്ധമല്ലെന്നാ എന്റെ അഭിപ്രായം “
ഒരാളുടെ നെഞ്ചിൽ തീ വാരി ഇട്ട നിർവൃതിയോടെ അവൻ ആ സത്യം പറഞ്ഞു നിർത്തി. എന്നിട്ടു അവരുടെ മൂന്നുപേരുടെയും മുഖത്തോട്ട് മാറി മാറി നോക്കി. ഇതെന്ത് മയിര്..!! ഒരു ഭാവ ഭേദവുമില്ലാത്ത ആ മുഖങ്ങൾനോക്കി അവൻ ആത്മഗതം പറഞ്ഞു.
ഇപ്പോളാണ് ജാനകിയ്ക് നെഞ്ചിലെ തീയണഞ്ഞത്. തന്റെ മകന് ഇതിലും യോഗ്യയായ പെണ്ണില്ലെന്നു അവൾ തീരുമാനിച്ചു.. കുടിച്ച വെള്ളത്തിനുള്ള പൈസയും പിന്നെ ഫ്രീ ആയി ഒരു ചിരിയും നൽകി അവർ വീണ്ടും യാത്രയായി.
“ഇനി നമ്മള് പറഞ്ഞത് അവർക്ക് മനസിലാവാത്ത കൊണ്ടാണോ? “