“നിങ്ങളെന്തിനാ ഇത്ര ദണ്ണിക്കുന്നേ.. പെണ്ണുങ്ങളുള്ള നാടുകൾ വേറെയുമുണ്ടല്ലോ. “
വേലിക്കിപ്പുറം നിന്ന് കുഞ്ഞൂഞ്ഞു പറഞ്ഞതിൽ കാര്യമുണ്ടെന്നു ജാനകിയ്ക്കും തോന്നാതിരുന്നില്ല. തന്റെ മകന് പെണ്ണ് കൊടുക്കാത്ത നാട്ടുകാർക്കു മുൻപിലൂടെ രഘു പെണ്ണും കെട്ടി വരുന്നത് ഇപ്പോൾ ജാനകിയ്ക് ഒരു വാശിയായി. അതിനു ചട്ടം കെട്ടിയതും കുഞ്ഞൂഞ്ഞിനെ തന്നാണ്. അവനാകുമ്പോ നാടുകൾ ചുറ്റി നടക്കുന്നവനല്ലേ. അവന്റെ സർകീട്ടിനിടയ്ക് രഘുവിന് പറ്റിയ പെണ്ണിനെ കിട്ടാതിരിക്കില്ല.
കുഞ്ഞൂഞ്ഞു ആ വിശ്വാസം കാത്തു.
“അത്രയും ചേലുള്ള പെണ്ണ് നമ്മുടെ കരയിലില്ല.. നല്ല സ്വഭാവം. പോരാത്തതിന് നിങ്ങളുടെ ജാതിയും..പക്ഷേ ദൂരം ഇശ്ശി പോണം “
എങ്ങനെയും മകനെ പെണ്ണ് കെട്ടിക്കാൻ നടന്ന ജാനകിയ്ക് ദൂരം ഒരു പ്രശ്നമായി തോന്നിയില്ല. രാവിലെ ഇറങ്ങിയ കാർ സൂര്യൻ നട്ടുച്ചിയിൽ എത്തിയപ്പോളാണ് നാരായണന്റെ കടയ്ക്കു മുൻപിൽ ചവിട്ടി നിർത്തിയത്.
കാറിൽ നിന്നും ഇറങ്ങിയ ആൾക്കാരെ നാരായണനും കൂടെ നിന്നവരും പുരികം ഉയർത്തി സ്വീകരിച്ചു.
“സംഭാരം കിട്ടുവോ..? “
കടയ്ക്കു പുറത്തോട്ടു നീട്ടിയിട്ടിരുന്ന ബെഞ്ചിൽ ചന്തി ഉറപ്പിച്ചു മൂപ്പിലാൻ തിരക്കി.
“സംഭാരം ഇല്ല. നാരങ്ങ വെള്ളം എടുക്കട്ടെ ഒരു ഗ്ലാസ് “
വിനയാന്വീതനായ നാരായണൻ അതിഥികളെ സ്വീകരിക്കുന്ന തിരക്കിലായി.
സോഡയുടെ നുര പൊങ്ങിയ ഗ്ലാസ്സുകൾ ഓരോന്നായി അവർക്കു നേരെ നീട്ടികൊണ്ട് ഒരു A ക്ലാസ്സ് ചിരിയും പാസ്സ് ആക്കി.
“പുതിയ എസ്റ്റേറ്റ് വാങ്ങാൻ വന്നവരായിരിക്കും അല്ലേ? “
വരത്തന്മാരുടെ ആഗമ ഉദ്ദേശം എന്ത് തന്നെ ആയാലും അതിവിടെ വിളമ്പിയിട്ടു മാത്രം മുൻപോട്ട് പോയാൽ മതി എന്ന പക്ഷക്കാരനാണ് നാരായണൻ..
“ഹേയ്.. ഞങ്ങളിവിടെ ഒരു പെണ്ണുകാണലിനു വന്നതാ.. “
പ്രഭാകരൻ നാരായണനെ തിരുത്തി. ഈ മല മുകളിലേക്കു പതിവില്ലാത്തതാണ് മറു നാട്ടിൽ നിന്നും ഒരു കല്യാണം. അത് കൊണ്ടായിരിക്കും ചുറ്റും കൂടി നിന്നവരും നാരായണനും ആ ഉത്തരത്തിൽ സംതൃപ്തനായില്ല.
“ഏതാ പെണ്ണ്..? “
“എന്തുവായിരുന്നെടി ആ കൊച്ചിന്റെ പേര് ? “
തല ചൊറിഞ്ഞു കൊണ്ടു പ്രഭാകരൻ ആ ചോദ്യം ജാനകിയ്ക് പാസ്സ് ചെയ്തു.
“മീനാക്ഷി.. “