കേരളാ എക്സ്പ്രസ്സ് [Master]

Posted by

നമ്മള് പാടുപെട്ടു ബുക്ക് ചെയ്ത സീറ്റില്‍ സുഖിച്ചിരുന്നു യാത്ര ചെയ്യാന്‍ ഓരോവന്മാര് വന്നോളും. ഞാന്‍ ഉള്ളില്‍ക്കയറി ബാഗ് സീറ്റിന്റെ അടിയില്‍ വച്ചു. വലിയ ലഗേജുകള്‍ വന്നപ്പോള്‍ത്തന്നെ അടിയില്‍ വച്ച് പൂട്ടിയിരുന്നു. ഈ ബാഗിലുള്ളത് യാത്രയില്‍ ഉപയോഗിക്കാനുള്ള സാധനങ്ങള്‍ മാത്രമാണ്. പ്രധാനമായും അതില്‍ ഉള്‍പ്പെട്ടിരുന്നത് ബാഗ് പൈപ്പര്‍ വിസ്കി രണ്ടു ബോട്ടില്‍, അത്യാവശം ടച്ചിങ്ങ്സ്, ഒരു ഗ്ലാസ്, പിന്നെ ഇപ്പോള്‍ വെള്ളവും. ഒരു തെണ്ടിക്കും ഒരു തുള്ളി പോലും കൊടുക്കാതെ മുഴുവനും തന്നെ അടിച്ചു തീര്‍ക്കും എന്ന് ഞാന്‍ മുന്‍‌കൂര്‍ തീരുമാനിച്ചിരുന്നു. കള്ളു കൈയിലുണ്ട് എന്നറിഞ്ഞാല്‍, പല ദരിദ്രവാസികളും സൗഹൃദം ഭാവിച്ച് അടുത്തുകൂടും. അതെന്നോട്‌ വേണ്ട.

സൈഡ് സീറ്റായിരുന്നു എനിക്ക് ലഭിച്ചത്. എന്റെ കമ്പാര്‍ട്ട്മെന്റ് ഭോപ്പാല്‍ ക്വോട്ട ആയിരുന്നു. സൈഡ് സീറ്റില്‍ എനിക്കെതിരെ ഉള്ള സീറ്റിലെ ആള് ഭോപ്പാലില്‍ നിന്നാണ് കയറുന്നത്. അതുവരെ എനിക്ക് കാലൊക്കെ നീട്ടിവച്ച് സുഖമായി ഇരിക്കാം. ആ കണക്കുകൂട്ടലിലായിരുന്ന എന്നോടായിരുന്നു തടിയന്റെ അപേക്ഷ. സഹയാത്രികരെ ഞാന്‍ നോക്കി; എല്ലാം ലോക്കല്‍സാണ്. ആഗ്ര, ബീന, ഝാൻസി തുടങ്ങിയ ഇടങ്ങളിലേക്ക് പോകുന്നവര്‍. റിസര്‍വേഷന്‍ കമ്പാര്‍ട്ട്മെന്റില്‍ ജനറല്‍ ടിക്കറ്റ് എടുത്താണ് ഈ ദരിദ്രവാസികളുടെ യാത്ര. വണ്ടിയില്‍ കയറിയാല്‍ അപ്പോള്‍ത്തുടങ്ങും കലപില സംസാരം. പ്രായമായ രണ്ടു സ്ത്രീകളും വയറു ചാടിയ നാല് മധ്യവയസ്കരുമാണ്‌ എന്റെ ഒപ്പമുള്ളത്. ആകെ മൂന്നോ നാലോ മണിക്കൂര്‍ യാത്രയെ ഉള്ളെങ്കിലും, വഴിക്ക് തിന്നാനായി വലിയ പൊതികളും അതില്‍ നിന്നും എന്തൊക്കെയോ പെറുക്കി കയറിയപാടെ തന്നെ തീറ്റയും തുടങ്ങിയിരുന്നു അവറ്റകള്‍.

ട്രെയിന്‍, വിടാറായതിന്റെ സൂചന നല്‍കിക്കൊണ്ട് ഉച്ചത്തില്‍ ഹോണ്‍ മുഴക്കി. യാത്രപറയാന്‍ നില്‍ക്കുന്നവര്‍ കണ്ണ് തുടയ്ക്കുന്നതും, ചിലര്‍ ട്രെയിനില്‍ നിന്നും തിക്കിത്തിരക്കി ഇറങ്ങുന്നതും, ചിലര്‍ എത്ര യാത്ര പറഞ്ഞിട്ടും മതിയാകാതെ പ്ലാറ്റ്ഫോമില്‍ത്തന്നെ നില്‍ക്കുന്നതും, ഉമ്മകള്‍ തകൃതിയായി കൈമാറുന്നതും ഒക്കെ നോക്കിക്കൊണ്ട്‌ ഞാന്‍ വിസ്തരിച്ചിരുന്നു. എന്നോട് യാത്ര പറയാനും എനിക്ക് ചോദിക്കാനും ഒരു ഊളനുമില്ല. ഇല്ലാത്തത് വളരെ നല്ലത്. ഇരുമ്പ് ഇരുമ്പില്‍ ഉരയുന്ന ശബ്ദത്തോടെ ട്രെയിന്‍ ഒന്നിളകി. എന്തൊക്കെയോ കൂട്ടിമുട്ടുന്ന ശബ്ദം.

“യ്യോ ചേട്ടാ കേറ്. ട്രെയിന്‍ വിട്ടു”

ഒരു മല്ലൂണി കരഞ്ഞുകൊണ്ട് ഭര്‍ത്താവിനോട് പറയുന്നു. അവന് ഭാര്യയെ ഇവിടാക്കിയിട്ട് പോകാന്‍ മനസ്സില്ലെന്നു തോന്നുന്നു. മെല്ലെ ട്രെയിന്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ മല്ലൂണിയുടെ ഭര്‍ത്താവ് ഞണ്ടിനെപ്പോലെ ഓടി അപ്പുറത്തെ കോച്ചില്‍ കയറുന്നത് ജനലിലൂടെ ഞാന്‍ കണ്ടു. ട്രെയിന്‍ സ്റ്റേഷന്‍ പരിധിയില്‍ നിന്നും പുറത്തേക്ക് ഇരച്ചുകൊണ്ട് നീങ്ങി. പ്ലാറ്റ്ഫോമില്‍ നിന്ന് കൈവീശിക്കൊണ്ടിരുന്ന അലവലാതികള്‍ പിന്നിലേക്ക് പോയതോടെ ഞാന്‍ ആശ്വാസത്തോടെ കാലുകള്‍ നീട്ടിവച്ചു.

Leave a Reply

Your email address will not be published. Required fields are marked *