എന്റെ നിലാപക്ഷി 8 [ ne-na ]

Posted by

ജീന പിന്നെ ഒന്നും പറഞ്ഞില്ല.
കുളിച്ച് റെഡി ആയ ശ്രീഹരി കാപ്പി കുടിക്കാനായി വന്നിരുന്നു.
ജീന അവന്റെ മുന്നിലേക്ക് പ്ലേറ്റ് എടുത്തു വച്ചപ്പോൾ ശ്രീഹരി ചോദിച്ചു.
“വിദ്യ ഇതുവരെ റെഡി ആയില്ലേ?”
“അറിയില്ല.”
“നീ അവളെ പോയി കഴിക്കാൻ വിളിച്ച് കൊണ്ട് വാ.”
ജീന വിദ്യയുടെ റൂമിൽ ചെല്ലുമ്പോൾ കുളിച്ച് ഡ്രസ്സ് എല്ലാം മാറി റെഡി ആയ വിദ്യ ചുമ്മാ റൂമിൽ തപ്പി തടഞ്ഞു നിൽക്കുകയായിരുന്നു.
“നീ കഴിക്കാൻ വരുന്നില്ലേ?”
“ചേട്ടൻ കഴിച്ചു കഴിഞ്ഞിട്ട് ഞാൻ വന്നു കഴിച്ചോളം.”
“നീ അതിപ്പോഴും മനസ്സിൽ വച്ചിരിക്കയാണോ..”
അവൾ ഒന്നും മിണ്ടിയില്ല.
ജീന വിദ്യയുടെ കൈയിൽ പിടിച്ച് കൊണ്ട് പറഞ്ഞു.
“നീ വിവേകിന്റെ കാര്യം മറച്ച് വെച്ചതിൽ ഇച്ചായന്‌ വിഷമം ഉണ്ട്. പക്ഷെ നിന്നോട് ദേഷ്യപ്പെടാതെ തമാശ രീതിയിൽ അല്ലെ ഇച്ചായൻ അത് പറഞ്ഞത്.”
“എനിക്ക് ചേട്ടനെ ഫെയ്‌സ് ചെയ്യാൻ ഒരു ചമ്മൽ. ഞാൻ അവിടെ വന്നാൽ എന്നെ വീണ്ടും കളിയാക്കും.”
“കളിയാക്കില്ല.. ഞാൻ ഉറപ്പ് തരുന്നു.”
ജീന വിദ്യയുടെ കൈ പിടിച്ച് കഴിക്കാനായി കൊണ്ട് പോയി.
ശ്രീഹരിയുടെ മുഖത്ത് നോക്കാതെ വിദ്യ കസേരയിലേക്ക് ഇരുന്നു.
രണ്ടുപേർക്കും അപ്പവും കറിയും വിളമ്പിയ ശേഷം ജീനയും അവർക്കൊപ്പം കഴിക്കാനായി ഇരുന്നു.
വിദ്യ നിവർന്നു നോക്കാതെ തല കുനിച്ചിരുന്നു തന്നെ കഴിക്കുന്നത് കണ്ട് ശ്രീഹരി ചോദിച്ചു.
“ഇവളെന്താ ആരുടേയും മുഖത്തു നോക്കില്ല?”
ജീന ശബ്‌ദം താഴ്ത്തി പറഞ്ഞു.
“ഇച്ചായാ.. മിണ്ടാതിരിക്ക്..”
വിദ്യ കേൾക്കാനായി അവൻ ചുമ്മാ പറഞ്ഞു.
“ഓഹ്, സപ്പോർട്ട് ചെയ്യാൻ ആളുണ്ടല്ലേ ഇപ്പോൾ.. ഞാൻ ഒന്നും മിണ്ടുന്നില്ല.. പക്ഷെ ഇത് അമ്മയും കൂടി അറിയേണ്ടതായിരുന്നു.”
ചെറുതായി ദേഷ്യം വന്ന വിദ്യ പറഞ്ഞു.
“ക്ലാര ചേച്ചിയുടെ കാര്യം എനിക്കറിയാമായിരുന്നിട്ട് ഞാൻ അത് ആരെയും അറിയിക്കാൻ പോയിട്ടില്ല.”
“നീ എന്താ എന്നെ ഭീഷണിപ്പെടുത്തുവാനോ?’
അവൻ ശബ്‌ദം ഉയർത്തി പറഞ്ഞു.
“അമ്മാ.. എനിക്ക് അമ്മയുടെ പുന്നാര മോളെ കുറിച്ച് ചിലത് പറയാനുണ്ട്.”
വിദ്യ ഒന്ന് ഞെട്ടിയ ശേഷം ദയനീയമായി ജീനയെ നോക്കി.
ജീന സ്വരം കടിപ്പിച്ചുകൊണ്ടു പറഞ്ഞു.
“ഇച്ചായാ.. മിണ്ടാതിരിക്കുന്നുണ്ടോ?”
അവളുടെ സ്വരം ഒന്ന് ഉയർന്നപ്പോൾ ശ്രീഹരി ജീനയെ ഒന്ന് നോക്കിയ ശേഷം ഒന്നും മിണ്ടാതെ കഴിച്ച് തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *